പാട്ന: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ തുടരുമ്പോൾ എക്സിറ്റ് പോളുകൾക്ക് വിരുദ്ധമായി മഹാസഖ്യം പിന്നാക്കം പോയെങ്കിലും കരുത്തു കാട്ടി സി.പി.ഐ(എം.എൽ). ആർ.ജെ.ഡിയും കോൺഗ്രസും ഇടതുപാർട്ടികളും ഉൾപ്പെട്ട പ്രതിപക്ഷ സഖ്യത്തിൽ 12 സീറ്റിൽ സി.പി.ഐ (എം.എൽ) സ്ഥാനാർഥികൾ മുന്നിട്ടു നിൽക്കുകയാണ്. ഇടതുകക്ഷികൾ എല്ലാം ചേർന്ന് 18 സീറ്റിൽ മുന്നിട്ടു നിൽക്കുന്നുണ്ട്.
സി.പി.ഐ(എം.എൽ) (12 സീറ്റ്), സി.പി.എം (മൂന്ന്), സി.പി.ഐ (മൂന്ന്) എന്നിങ്ങനെയാണ് ലീഡ് നില. 19 സീറ്റുകളിലാണ് സി.പി.ഐ(എം.എൽ) മത്സരിച്ചത്. സി.പി.ഐ ആറ് സീറ്റിലും സി.പി.എം നാല് സീറ്റിലുമാണ് മത്സരിച്ചത്.
നിലവിൽ മൂന്ന് സീറ്റുകളാണ് സി.പി.ഐ(എം.എൽ)ന് ബിഹാറിൽ ഉണ്ടായിരുന്നത്. ബൽറാംപൂരിൽ മഹബൂബ് അസ്ലം, ദരൗലിയിൽ സത്യദേവോ റാം, തരാരിയിൽ സുദാമാ പ്രസാദ് എന്നിവർ. മൂവരും ഇത്തവണയും ജനവിധി തേടുന്നുണ്ട്. പാലിഗഞ്ച് മണ്ഡലത്തിലെ സി.പി.ഐ(എം.എൽ) സ്ഥാനാർഥി വിദ്യാർഥി സംഘടനയായ ഐസയുടെ മുൻ ജനറൽ സെക്രട്ടറി സന്ദീപ് സൗരവാണ്.
പ്രതിപക്ഷ മഹാസഖ്യത്തിൽ 144 സീറ്റുകളിലാണ് തേജസ്വി യാദവ് നയിക്കുന്ന ആർ.ജെ.ഡി മത്സരിച്ചത്. കോൺഗ്രസ് 70 സീറ്റിലും മത്സരിച്ചു. നിലവിൽ എൻ.ഡി.എ സഖ്യം 127 സീറ്റിൽ മുന്നിട്ടു നിൽക്കുകയാണ്. മഹാസഖ്യം 106 സീറ്റുകളിലാണ് മുന്നിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.