ചണ്ഡീഗഡ്: വധു ഹിന്ദുമതം സ്വീകരിച്ചില്ലെങ്കിൽ മുസ്ലിം യുവതിയും ഹിന്ദു യുവാവും തമ്മിലുള്ള വിവാഹം അസാധുവാകുമെന്ന് പഞ്ചാബ്, ഹരിയാന ഹൈകോടതിയുടെ നിരീക്ഷണം. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച 18 വയസ്സുള്ള മുസ്ലിം യുവതിയുടെയും ഹിന്ദുവായ ഭർത്താവിന്‍റെയും ഹരജി പരിഗണിക്കവെയാണ് ഈ നിരീക്ഷണമെന്ന് ലൈവ് ലോ റിപ്പോർട്ട് ചെയ്തു.
ഇരുവരും ജനുവരി 15ന് ഹിന്ദു ആചാരമനുസരിച്ച് ദുരാനയിലെ ശിവ ക്ഷേത്രത്തിൽ വച്ച് വിവാഹം കഴിച്ചിരുന്നു. എന്നാൽ, വധു ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നതുവരെ പ്രസ്തുത വിവാഹം അസാധുവാണെന്ന് ഹൈകോടതി അഭിപ്രായപ്പെട്ടു. അതേസമയം, പ്രായപൂർത്തിയായവർ എന്ന നിലക്ക് അവർക്ക് പരസ്പര സമ്മതത്തോടെ ഒരുമിച്ച് താമസിക്കാമെന്നും കോടതി പറഞ്ഞു.
വിവിധ മതത്തിൽപെട്ടവരായതിനാൽ കുടുംബം ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപിച്ചാണ് ഈ ദമ്പതികൾ കോടതിയെ സമീപിച്ചത്. സുരക്ഷ തേടി തങ്ങൾ അംബാല പൊലീസ് സൂപ്രണ്ടിനെ സമീപിച്ചെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും ഇതേതുടർന്നാണ് ഹൈകോടതിയെ സമീപിച്ചതെന്നും ദമ്പതികൾ കോടതിയെ അറിയിച്ചു. ഇവർക്ക് മതിയായ സുരക്ഷ ഏർപ്പെടുത്താൻ കോടതി അംബാല എസ്.പിക്ക് നിർദേശം നൽകി.
ഋതുമതിയായാൽ വിവാഹം കഴിക്കാൻ മുസ്ലിം വ്യക്തി നിയമം അനുവദിക്കുന്നുണ്ടെന്ന് പറഞ്ഞ് കഴിഞ്ഞ മാസം 17 വയസ്സായ പെൺകുട്ടിയുടെ വിവാഹം പഞ്ചാബ് ഹരിയാന ഹൈകോടതി സാധൂകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.