ആദ്യഭാര്യ ജീവിച്ചിരിക്കെ മറ്റൊരു സ്ത്രീയെ കബളിപ്പിച്ച് വിവാഹം; സംഭവം ദ്വിഭാര്യത്വം മാത്രമല്ല ബലാത്സംഗം കൂടിയെന്ന് ബോംബെ ഹൈകോടതി

ന്യൂഡൽഹി: ആദ്യഭാര്യ ജീവിച്ചിരിക്കെ മറ്റൊരു സ്ത്രീയെ കബളിപ്പിച്ച് വിവാഹം കഴിച്ച അക്കാദമിഷ്യനെതിരായ എഫ്.ഐ.ആർ റദ്ദാക്കാൻ വിസമ്മതിച്ച് ബോംബെ ഹൈകോടതി. ഇത്തരം പ്രവർത്തികൾ ദ്വിഭാര്യത്വം മാത്രമല്ല മറിച്ച് ബലാത്സംഗം കൂടിയാണെന്നും കോടതി വ്യക്തമാക്കി. തനിക്കെതിരായ എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി നൽകിയ ഹരജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം. ജസ്റ്റിസുമാരായ നിതിൻ സാംബ്രെ, രാജേഷ് പാടീൽ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376 (ബലാത്സംഗം), 494 (ദ്വിഭാര്യത്വം) എന്നീ വകുപ്പുകൾ പ്രകാരമായിരുന്നു പൊലീസ് ഇയാൾക്കെതിരെ കേസെടുത്തത്.

ആദ്യഭാര്യയുമായുള്ള ബന്ധം പിരിഞ്ഞെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതി അക്കാദമിക് വിദഗ്ധയായ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തത്. 2006ൽ ഇവരുടെ ഭർത്താവ് മരിച്ചതിന് പിന്നാലെയാണ് ഇരുവരും അടുപ്പത്തിലാകുന്നത്. സ്ത്രീക്ക് മാനസിക പിന്തുണ നൽകാൻ ഇടക്കിടെ ഇവരെ സന്ദർശിക്കുമായിരുന്ന പ്രതി സ്ത്രീയുമായി അടുത്ത ബന്ധം സ്ഥാപിക്കുകയും പിന്നീട് വിവാഹം ചെയ്യുകയുമായിരുന്നു. ആദ്യ ഭാര്യയുമായുള്ള ബന്ധം നിയമപരമായി ഇല്ലാതാക്കിയെന്ന് പറഞ്ഞായിരുന്നു പ്രതി സ്ത്രീയെ വിവാഹം ചെയ്തത്. 2014ൽ വിവാഹിതരായ ശേഷം രണ്ട് വർഷത്തോളം പ്രതി രണ്ടാം ഭാര്യക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. എന്നാൽ പിന്നീട് ആദ്യഭാര്യയുടെ അടുത്തേക്ക് തിരിച്ചുപോകുകയായിരുന്നു. ആദ്യ ഭാര്യയുമായി വിവാഹമോചിതനായെന്ന് പറഞ്ഞ് പ്രതി തന്നെ കബളിപ്പിക്കുകയായിരുന്നുവെന്നും തന്നെ ശാരീരികമായി കീഴ്പ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും യുവതി ആരോപിച്ചു.

Tags:    
News Summary - Marrying For 2nd Time When 1st Marriage Is Under Subsistence Is Not Only Bigamy But Also Rape: Bombay HC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.