ഹിൻഡൻബർഗ് റിപ്പോർട്ട് വാർത്തയാക്കാൻ മടി; അദാനി ഏറ്റെടുത്തതിന് പിന്നാലെ എൻ.ഡി.ടി.വിയിൽ കൂട്ട രാജി

  • ഹിൻഡൻബർഗ് പുറത്തു വിട്ട റിപ്പോർട്ടുകൾ എൻ.ഡി.ടി.വിയിൽ ആദ്യം വാർത്തയായിരുന്നില്ല

അദാനി ​ഗ്രൂപ്പ് ഏറ്റെടുത്തതിന് പിന്നാലെ എൻ.ഡി.ടി.വിയിൽ കൂട്ട രാജി. രവീഷ് കുമാറിന് പിന്നാലെ മുതിർന്ന മാധ്യമ പ്രവർത്തകരായ ശ്രീനിവാസ് ജെയിൻ, നിധി റാസ്ദാൻ, എൻ.ഡി.ടി.വി പ്രസിഡന്‍റ് ആയിരുന്ന സുപർണ സിങ് എന്നിവരും രാജി അറിയിച്ചു.

ഈ മാസം ആദ്യമാണ് ശ്രീനിവാസ് ജയിൻ, നിധി റാസ്ദാൻ എന്നിവർ എൻ.ഡി.ടി.വി വിടുന്നതായി ട്വിറ്ററിലൂടെ അറിയിച്ചത്. എൻ.ഡി.ടി.വി ഓഹരികൾ അദാനിയുടെ കൈകളിലെത്തിയതിൽ അതൃപ്തി അറിയിച്ച് സീനിയർ എക്സിക്യൂട്ടിവ് എഡിറ്ററായിരുന്ന രവീഷ് കുമാർ ആദ്യം രാജി വെച്ചിരുന്നു. ചാനലിന്‍റെ ഗ്രൂപ്പ് പ്രസിഡന്‍റ് ആയിരുന്ന സുപർണ സിംഗ്, ചീഫ് സ്ട്രാറ്റജി ഓഫീസർ ആയിരുന്ന അർജിത് ചാറ്റർജി, പ്രോഡക്റ്റ് ഓഫീസർ കവൽജീത് സിങ് എന്നിവരും രാജി അറിയിച്ച് കഴിഞ്ഞു.

രാജി അറിയിച്ച മാധ്യമപ്രവർത്തകരാരും അതിന്‍റെ കാരണം പരസ്യമാക്കിയിട്ടില്ല. അദാനിക്കെതിരെ ഹിൻഡൻബർഗ് പുറത്തു വിട്ട റിപ്പോർട്ടുകൾ എൻ.ഡി.ടി.വിയിൽ വാർത്തയാകാത്തത് സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. റിപ്പോർട്ട് പുറത്ത് വന്ന് മൂന്ന് ദിവസത്തിന് ശേഷമാണ് എൻ.ഡി.ടി.വിയിൽ സംഭവം വാർത്തയായത് എന്നായിരുന്നു വിമർശനം.

എൻ.ഡി.ടി.വിയുടെ 29.18 ശതമാനം ഓഹരി കൈവശമുണ്ടായിരുന്ന ആർ.ആർ.പി.ആർ എന്ന കമ്പനി അദാനി ഏറ്റെടുത്തതായിരുന്നു രാജി പരമ്പരയുടെ തുടക്കം. പിന്നാലെ ആർ.ആർ.പി.ആറിന്‍റെ ഡയറക്ടർ ബോർഡ് സ്ഥാനത്ത് നിന്നും എൻ.ഡി.ടി.വി സ്ഥാപകരായ പ്രണോയ് റോയും, രാധിക റോയും രാജിവെച്ചു. ആർആർപിആറിന്‍റെ ഓഹരി സ്വന്തമാക്കിയതിന് പിന്നാലെ അദാനി എൻറർപ്രൈസിന്‍റെ ഭാഗമായ സുദീപ്ത ഭട്ടാചാര്യ, സഞ്ജയ് പുഗാലിയ, സെന്തിൽ സിന്നയ്യ ചെങ്കൽവരയൻ എന്നിവർ ആർആർപിആറിന്‍റെ ഡയറക്ടറമാരായി ചുമതലയേറ്റു.

22 വർഷം ജോലി ചെയ്ത ശേഷമാണ് നിധി റാസ്ദാൻ എൻ.ഡി.ടി.വിയിൽ നിന്ന് രാജിവച്ചത്. 22 വര്‍ഷത്തിലേറെയായി, എന്‍.ഡി.ടി.വിയില്‍ നിന്ന് വിടവാങ്ങാനുള്ള സമയമാണിത്. ഇതൊരു അത്ഭുതകരമായ റോളര്‍ കോസ്റ്റര്‍ റൈഡാണ്, പക്ഷേ എപ്പോഴാണത് ഇറങ്ങേണ്ടതെന്ന് നിങ്ങള്‍ക്ക് അറിയേണ്ടതുണ്ട്. അടുത്ത രണ്ടാഴ്ച എന്റെ അവസാന നാളുകളാണ്. ഇത്രയും നാള്‍ നല്‍കിയ സ്‌നേഹത്തിനും പിന്തുണക്കും നന്ദി,’ നിധി റസ്ദാന്‍ ട്വീറ്റ് ചെയ്തു

1995 മുതല്‍ എന്‍.ഡി.ടി.വിയില്‍ പ്രവര്‍ത്തിച്ചുവരുന്ന ശ്രീനിവാസന്‍ ജെയിന്‍ അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ക്ക് നിരവധി അവാര്‍ഡുകള്‍ ലഭിച്ച മാധ്യമപ്രവര്‍ത്തകനാണ്. എന്‍.ഡി.ടി.വിയിലെ ‘റിയാലിറ്റി ചെക്ക് ആന്റ് ട്രൂത്ത് ഹൈപ്പ്’ എന്ന പരിപാടിയുടെ അവതാരകനായിരുന്നു.

Tags:    
News Summary - Mass resignations at NDTV after Adani takeover

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.