മേല്‍ജാതിക്കാരെ കൂട്ടക്കൊല ചെയ്ത നാലുപേരുടെ വധശിക്ഷ രാഷ്ട്രപതി റദ്ദാക്കി

ന്യൂഡല്‍ഹി: 1992ല്‍ ബിഹാറില്‍ നടന്ന കൂട്ടക്കൊലയില്‍ നാലുപേരുടെ വധശിക്ഷ രാഷ്ട്രപതി പ്രണബ് മുഖര്‍ജി റദ്ദാക്കി. ശിക്ഷ നടപ്പാക്കുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സമര്‍പ്പിച്ച ശിപാര്‍ശയാണ് റദ്ദാക്കിയത്.  
ഉയര്‍ന്ന ജാതിയില്‍പെട്ട ഭൂവുടമകളായ 34 പേരെ കൊലപ്പെടുത്തിയെന്ന കേസില്‍ കൃഷ്ണ മോച്ചി, നന്നെ ലാല്‍ മോച്ചി, ബിര്‍ ക്വാര്‍ പാസ്വാന്‍, ധര്‍മേന്ദ്ര സിങ് എന്നിവരുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ചു.

ബിഹാര്‍ സര്‍ക്കാറിന്‍െറ ശിപാര്‍ശയോടുകൂടി നേരത്തേ ആഭ്യന്തരമന്ത്രാലയത്തിന് നാലുപേരും ദയാഹരജി സമര്‍പ്പിച്ചിരുന്നു. ഇത് നിരസിക്കപ്പെടേണ്ടതാണെന്ന് ചൂണ്ടിക്കാട്ടി 2016 ആഗസ്റ്റ് എട്ടിന് ആഭ്യന്തര മന്ത്രാലയം രാഷ്ട്രപതിക്ക് അയക്കുകയായിരുന്നു. എന്നാല്‍, ദയാഹരജി കൈമാറുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ കാണിച്ച കാലതാമസം അടക്കം കേസിന്‍െറ വിവിധ വശങ്ങള്‍ പരിശോധിച്ച രാഷ്ട്രപതി വധശിക്ഷ റദ്ദാക്കുകയായിരുന്നു.
2004 ജൂലൈ ഏഴിനു മുമ്പായി നാലു പ്രതികളും തങ്ങളുടെ ദയാഹരജി ബിഹാര്‍ സര്‍ക്കാറിനു മുമ്പാകെ സമര്‍പ്പിച്ചിരുന്നുവെന്ന ദേശീയ മനുഷ്യാവകാശ കമീഷന്‍െറ നിരീക്ഷണവും പ്രണബ് മുഖര്‍ജി പരിഗണനക്കെടുത്തു. 34 മേല്‍ജാതിക്കാരായ ജന്മിമാരെ കൊലപ്പെടുത്തിയ സംഭവത്തില്‍ 2001ല്‍ ആണ് സെഷന്‍സ് കോടതി ഇവര്‍ക്ക് വധശിക്ഷ വിധിച്ചത്. 2002 ഏപ്രില്‍ 15ന് സുപ്രീംകോടതി ശിക്ഷ ശരിവെക്കുകയും ചെയ്തു.

Tags:    
News Summary - massacre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.