ന്യൂഡൽഹി: മക്ക മസ്ദിജ് സ്ഫോടനക്കേസിലെ പ്രതികളെയെല്ലാം വെറുതെവിട്ട കോടതി ഉത്തരവിന് പിന്നാലെ കോൺഗ്രസ്-ബി.ജെ.പി വാക്ക്പോര്. സ്വാമി അസീമാനന്ദയടക്കമുള്ള അഞ്ച് പ്രതികളേയും കുറ്റവിമുക്തരാക്കിയ എൻ.െഎ.എയുടെ പ്രവർത്തിയെ ചോദ്യം ചെയ്ത് മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് രംഗത്തുവന്നു. നരേന്ദ്ര മോദി ഭരണകാലത്ത് അന്വേഷണ ഏജൻസികൾ കഴിഞ്ഞ നാല് വർഷമായി കുറ്റവാളികളെ വെറുതെ വിടുന്ന കാഴ്ചയാണ് കാണുന്നത്. ജനങ്ങൾക്ക് ഇത്തരം ഏജൻസികേളാടുള്ള വിശ്വാസം നഷ്ടമായിരിക്കുന്നുവെന്നും ഗുലാം നബി ആസാദ് പ്രതികരിച്ചു.
അതേസമയം പ്രീണന രാഷ്ട്രീയത്തിലൂടെ കോൺഗ്രസ് ഹിന്ദുക്കളെ അപകീർത്തിപ്പെടുത്തുകയാണെന്ന് ബി.ജെ.പി വക്താവ് സംബിത് പത്ര ആരോപിച്ചു. കാവി ഭീകരത, ഹിന്ദു ഭീകരത തുടങ്ങിയ വാക്കുകളുപയോഗിച്ചതിന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും മാപ്പു പറയണമെന്ന് പത്ര ആവശ്യപ്പെട്ടു. 2ജി അഴിമതിക്കേസിൽ പ്രതികൾക്കനുകൂലമായ വിധി വന്നപ്പോൾ സ്വാഗതം ചെയ്ത കോൺഗ്രസാണ് ഇപ്പോൾ സംസാരിക്കുന്നത്. അടുത്ത മാസം നടക്കാനിരിക്കുന്ന കർണാടക തെരഞ്ഞെടുപ്പിൽ ജനങ്ങൾ കോൺഗ്രസിനെ പാഠം പഠിപ്പിക്കുമെന്നും പത്ര പറഞ്ഞു.
വിധിക്ക് പിന്നാലെ എൻ.െഎ.എ പ്രത്യേക കോടതി ജഡ്ജി രവീന്ദർ റെഡ്ഡി നാടകീയമായി രാജിവെച്ചിരുന്നു. കേസിലെ പ്രതികൾക്കെതിരെ മതിയായ തെളിവുകളില്ല എന്ന കാരണത്താലാണ് സ്വാമി അസീമാനന്ദയടക്കമുള്ള അഞ്ച് പ്രതികളെ കോടതി കുറ്റവിമുക്തരാക്കിയത്. കേസിലെ എട്ട് പ്രതികളിൽ സ്വാമി അസീമാനന്ദ, ദേവേന്ദ്ര ഗുപ്ത, ലോകേഷ് ശര്‍മ, ഭരത് മോഹന്‍ലാല്‍ രതേശ്വര്‍, രാജേന്ദ്ര ചൗധരി എന്നിവരെയാണ് വിചാരണക്ക് വിധേയമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.