ഹൈദരാബാദ്: മക്ക മസ്ജിദ് ബോംബ് സ്ഫോടന കേസിൽ സ്വാമി അസിമാനന്ദ ഉൾപ്പെടെയുള്ള വരെ കുറ്റമുക്തനാക്കിയ മുൻ ജഡ്ജി കെ. രവീന്ദർ റെഡ്ഡി ബി.ജെ.പിയിൽ ചേരാൻ ഒരുങ്ങുന്നതായി വാർത്ത. തെലങ്കാന സംസ്ഥാന തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയ സാഹചര്യത്തിലാണ് നമ്പള്ളി സെഷൻസ് കോടതി മുൻ ജഡ്ജി ബി.ജെ.പിയിൽ എത്തിയേക്കുമെന്ന് കരുതുന്നത്.
2007 മേയ് 18നാണ് 17ാം നൂറ്റാണ്ടിൽ നിർമിച്ച മക്ക മസ്ജിദിൽ സ്ഫോടനമുണ്ടായത്. ചാർമിനാറിനു സമീപമാണ് മക്ക മസ്ജിദ്. ഇതിൽ ഒമ്പതുപേർ കൊല്ലപ്പെടുകയും 58 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2009ൽ കേസ് സി.ബി.െഎ ഏറ്റെടുത്തതോടെയാണ് കേസിന് പുതിയ മാനം കൈവന്നത്. തുടർന്ന് തീവ്ര ഹിന്ദുത്വത്തിെൻറ വക്താക്കളായ അഞ്ചുപേർ അറസ്റ്റിലായി. ഇൗ അഞ്ചു പേരെയാണ് റെഡ്ഡി വെറുതെവിട്ടത്. ബി.ജെ.പിയിൽ ചേരാനുള്ള റെഡ്ഡിയുടെ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.
മക്ക മസ്ജിദ് കേസിൽ അനുകൂല വിധി നൽകിയതിന് ബി.ജെ.പി നൽകുന്ന പ്രതിഫലമാണിതെന്ന് അഖിലേന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ മേധാവിയും ഹൈദരാബാദ് എം.പിയുമായ അസദുദ്ദീൻ ഉവൈസി ആരോപിച്ചു. എന്നാൽ, റെഡ്ഡി പാർട്ടിയിൽ ചേർന്നിട്ടില്ലെന്ന് ബി.ജെ.പി വ്യക്തമാക്കി. ദേശീയ അധ്യക്ഷൻ അമിത് ഷായുടെ ഹൈദരാബാദ് സന്ദർശന വേളയിൽ റെഡ്ഡി അദ്ദേഹത്തെ കണ്ടുവെന്നത് നേരാണ്. പക്ഷേ, റെഡ്ഡിയുടെ സേവനം ഉപയോഗപ്പെടുത്തണോ എന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ. ലക്ഷ്മൺ പറഞ്ഞു.
എന്നാൽ, പാർട്ടി അംഗത്വത്തിനായി ദേശീയ പ്രസിഡൻറിെൻറ ഒാഫിസിൽ നിന്നുള്ള അറിയിപ്പിനായി കാത്തുനിൽക്കണമെന്ന് റെഡ്ഡിയെ അറിയിച്ചതായാണ് വിവരം. മക്ക മസ്ജിദ് സ്ഫോടന കേസിൽ വിധി പറഞ്ഞ് മണിക്കൂറുകൾക്കകം റെഡ്ഡി രാജി സമർപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.