അഹ്മദാബാദ്: മതിയായ പുനരധിവാസം ഉറപ്പാക്കാതെ നർമദ സരോവർ അണക്കെട്ടിെൻറ ജലനിരപ്പ് 138.68 മീറ്ററായി ഉയർത്തരുതെന്നാവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാര സമരം തുടരുന്ന നർമദ ബച്ചാവോ ആന്ദോളൻ നേതാവ് മേധ പട്കറെ കസ്റ്റഡിയിലെടുത്തു. മധ്യപ്രദേശിലെ ചിക്കൽദാ ഗ്രാമത്തിലുള്ള സമരപ്പന്തലിൽ വൻ സന്നാഹവുമായെത്തിയ പൊലീസ് മേധയെയും മറ്റു അഞ്ചുപേരെയുമാണ് കസ്റ്റഡിയിലെടുത്ത് കരുതൽ തടങ്കലിലേക്ക് മാറ്റിയത്. പ്രതിഷേധക്കാരെ തുരത്താൻ പൊലീസ് ശക്തിപ്രയോഗിക്കുകയുംചെയ്തു. ‘12 ദിവസമായി അഹിംസാ മാർഗത്തിലൂടെ സത്യഗ്രഹമനുഷ്ഠിച്ചുവരുന്ന തന്നെയും 11 പേരെയും മോദിയുടെയും ശിവരാജ് ചൗഹാെൻറയും സർക്കാറുകൾ അന്യായമായി അറസ്റ്റു ചെയ്തുകൊണ്ടുപോകുകയാണെന്ന് മേധ പറഞ്ഞു.
നർമദ സരോവർ അണക്കെട്ട് നിറയുന്നതോടെ കിടപ്പാടം നഷ്ടമാകുന്ന 40,000 ത്തോളം കുടുംബങ്ങളുടെ പുനരധിവാസത്തിനായി മേധ പട്കർ ഉൾപ്പെടെ നർമദ ബച്ചാവോ ആന്ദോളെൻറ (എൻ.ബി.എ) 12 പ്രവർത്തകരാണ് ജൂലൈ 27 മുതൽ സമരം ആരംഭിച്ചത്. മേധയുടെ ആരോഗ്യസ്ഥിതി വഷളായെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ രാഷ്ട്രീയ, സാംസ്കാരിക, പരിസ്ഥിതി മേഖലയിലുള്ള നിരവധി സംഘടനകളും വ്യക്തികളും പ്രധാനമന്ത്രിയോട് ഉൾെപ്പടെ ദിവസങ്ങളായി ഇടപെടലിന് അഭ്യർഥന നടത്തിയിരുന്നു. ജൂൺ 17ന് ജലനിരപ്പ് ഉയർത്താനായി അണക്കെട്ടിെൻറ ഷട്ടറുകൾ അടച്ചതോടെയാണ് മധ്യപ്രദേശിലെ ബർവാനി ജില്ലയിലെ നീമറിൽ 62 വയസ്സുകാരിയായ മേധയും 12 എൻ.ബി.എ പ്രവർത്തകരും സമരം ആരംഭിച്ചത്. സമരം അവസാനിപ്പിക്കാൻ ജില്ല അധികാരികൾ മേധയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും വഴങ്ങാതെ വന്നതോടെയാണ് കസ്റ്റഡിയിലെടുത്തത്. ഇതിനായി, രക്ഷാബന്ധൻ ഉത്സവത്തിന് അവധിയിലായിരുന്ന പൊലീസുകാരെ കൂട്ടത്തോടെ തിരികെ വിളിച്ചിരുന്നു.
ബർവാനി, ധർ, ഖർഗോൻ, അലിരാജ്പുർ ജില്ലകളിൽ ശക്തമായ സുരക്ഷയും ഒരുക്കി. 12 ആംബുലൻസുകളും സജ്ജമാക്കി. ആംബുലൻസുകളിൽ കൊണ്ടുപോയ ഇവരെ എവിടെയാണ് പാർപ്പിച്ചതെന്ന് വെളിപ്പെടുത്തിയിട്ടില്ല. അതേസമയം, അണക്കെട്ടിൽ ജലനിരപ്പ് ഉയർത്തുന്നതോടെ 192 ഗ്രാമങ്ങളിൽനിന്നുള്ള 40,000ത്തോളം കുടുംബങ്ങളാണ് ഭീഷണിയിലാവുക. ജലനിരപ്പ് ഉയർത്തുന്നതിന് ആറുമാസം മുമ്പുതന്നെ പദ്ധതിക്കായി ഭൂമിനൽകുന്ന കുടുംബങ്ങളുടെ പുനരധിവാസം ഉറപ്പ് വരുത്തണമെന്നാണ് നർമദ വാട്ടർ ഡിസ്പ്യൂട്ട് ൈട്രബ്യൂണൽ വിധിച്ചത്. 2017 െഫബ്രുവരി എട്ടിലെ വിധിയിൽ സുപ്രീംകോടതിയും പുനരധിവാസം പൂർത്തിയാക്കണമെന്നാണ് നിർദേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.