ന്യൂഡൽഹി: മീഡിയവൺ, ഏഷ്യാനെറ്റ് ചാനലുകളെ വിലക്കിയ കേന്ദ്ര സർക്കാർ നടപടി ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാർ ലമെന്‍റിൽ അടിയന്തര പ്രമേയം. പി.കെ കുഞ്ഞാലിക്കുട്ടി, എൻ.കെ പ്രേമചന്ദ്രൻ, ഹൈബി ഈഡൻ എന്നിവരാണ് ലോക്സഭയിൽ നോട്ടീസ് നൽകിയത്.
രാജ്യസഭയിൽ എളമരം കരീം, ബിനോയ് വിശ്വം, കെ.കെ രാഗേഷ് എന്നിവർ വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ട്. പ്രതിപക്ഷ ബഹളത്തെ തുടർന്ന് രാജ്യസഭ ഉച്ചക്ക് രണ്ടു മണിവരെ നിർത്തിവെച്ചു.
ഡൽഹിയിലെ സംഭവ വികാസങ്ങൾ സത്യസന്ധമായി ലോകത്തെ അറിയിച്ചത് കേന്ദ്രസർക്കാറിന് പിടിച്ചില്ലെന്ന് മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഏകാധിപത്യ നടപടയാണിതെന്നും അദ്ദേഹം പറഞ്ഞു. ഡൽഹി കലാപം ചർച്ച ചെയ്യണമെന്ന നിലപാടിൽ മാറ്റമില്ലെന്ന് കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
വടക്ക് കിഴക്കൻ ഡൽഹിയിലെ കലാപവുമായി ബന്ധപ്പെട്ട ലോക്സഭയിൽ ഇന്ന് ചർച്ചകൾ നടക്കും. ഉച്ചക്ക് രണ്ട് മണി മുതൽ അഞ്ച് വരെയാണ് ചർച്ച നടക്കുക. ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പ്രസംഗം നടത്തും.
ഏഴ് എം.പിമാരെ സസ്പെൻഡ് ചെയ്ത സംഭവം ലോക്സഭയിൽ കോൺഗ്രസ് അംഗങ്ങൾ പ്രതിഷേധിച്ചു. ഇക്കാര്യം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ലോക്സഭ കക്ഷി നേതാവ് ആധിർ രഞ്ജൻ ചൗധരി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്.
കോൺഗ്രസ് എം.പിമാരുടെസസ്പെൻഷൻ പിൻവലിച്ചു
ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തെ വംശീയാതിക്രമം സംബന്ധിച്ച പ്രതിഷേധങ്ങൾക്കിടയിൽ സഭയിൽ മോശമായി പെരുമാറിയെന്ന കുറ്റം ചുമത്തി നാലു മലയാളികൾ അടക്കം ഏഴ് കോൺഗ്രസ് എം.പിമാരെ സസ്പെൻഡ് ചെയ്ത നടപടി ലോക്സഭ സ്പീക്കർ പിൻവലിച്ചു. ബജറ്റ് സമ്മേളനം തീരുന്ന ഏപ്രിൽ മൂന്നു വരെയായിരുന്നു സസ്പെൻഷൻ.
വിവിധ പാർട്ടികളുടെ അഭിപ്രായം മാനിച്ച്, അച്ചടക്ക നടപടി പിൻവലിക്കുന്നതിന് സർക്കാർ കൊണ്ടുവന്ന പ്രമേയം സഭ എതിരില്ലാതെ പാസാക്കി. െബന്നി െബഹനാൻ, ടി.എൻ. പ്രതാപൻ, രാജ്മോഹൻ ഉണ്ണിത്താൻ, ഡീൻ കുര്യാക്കോസ്, ഗൗരവ് ഗൊഗോയ്, മണിക്കം ടാഗോർ, ഗുർപ്രീത്സിങ് ഒജാല എന്നിവർക്കായിരുന്നു സസ്പെൻഷൻ. ഇവർ സഭയിൽ ഹാജരായി.
ഹോളിക്കുശേഷം ലോക്സഭ ബുധനാഴ്ച സമ്മേളിച്ചയുടൻ, സസ്പെൻഷൻ പിൻവലിക്കണമെന്ന മുദ്രാവാക്യം കോൺഗ്രസ് അംഗങ്ങൾ ഉയർത്തി. എന്നാൽ, ചോദ്യോത്തര വേളയുമായി മുന്നോട്ടുപോവുകയാണ് ചെയറിലുണ്ടായിരുന്ന കിരിത് സോളങ്കി ചെയ്തത്. രണ്ടുവട്ടം നിർത്തിവെച്ച സഭ ഉച്ചതിരിഞ്ഞ് ചേർന്നപ്പോൾ, അനുരഞ്ജനം ഉണ്ടായതിെൻറ അടിസ്ഥാനത്തിൽ സ്പീക്കർ ഓം ബിർള സഭയിലെത്തി. ബഹളം മൂലം ഏതാനും ദിവസമായി അദ്ദേഹം അധ്യക്ഷത വഹിക്കാതെ മാറിനിൽക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.