ന്യൂഡൽഹി: കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളജുകൾക്ക് അംഗീകാരം നേടി കൊടുക്കാൻ ബി.ജെ.പി നേതാക്കൾ കോടികൾ കോഴ വാങ്ങിയെന്ന ആരോപണത്തിൽ ലോക്സഭയിൽ പ്രതിപക്ഷ ബഹളം. സഭാ നടപടികൾ ആരംഭിച്ചപ്പോൾ തന്നെ കോഴ വിഷയം ചർച്ച ചെയ്യണമെന്ന് കേരളത്തിലെ എം.പിമാർ ആവശ്യപ്പെട്ടു. കോഴ വിഷയം ലോക്സഭ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എം.ബി രാജേഷ് എം.പി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ, പ്രതിപക്ഷ ആവശ്യം സ്പീക്കർ സുമിത്ര മഹാജൻ തള്ളി. ഇതിൽ പ്രതിഷേധിച്ച് എം.പിമാർ നടുത്തളത്തിൽ ഇറങ്ങി മുദ്രാവാക്യം വിളിച്ചു.
ശൂന്യവേളയിൽ വിഷയം അവതരിപ്പിക്കാൻ സമയം നൽകാമെന്ന് സ്പീക്കർ അറിയിച്ചെങ്കിലും ബഹളം ശക്തമായതോടെ 11.30 സഭാ നടപടികൾ സ്പീക്കർ നിർത്തിവെച്ചു. വീണ്ടും സഭ ചേർന്നപ്പോൾ എം.ബി രാജേഷ് ഇക്കാര്യം ചൂണ്ടിക്കാട്ടി എഴുന്നേറ്റെങ്കിലും ശൂന്യവേളയിൽ വിഷയം അവതരിപ്പിക്കാൻ സ്പീക്കർ അനുമതി നൽകിയില്ല. തുടർന്ന് ബഹളം കാരണം നടപടികൾ മുന്നോട്ടു പോകാത്ത സാഹചര്യത്തിൽ ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു.
കേരളത്തിലെ ഒരു വിഷയം മാത്രമല്ല രാജ്യത്ത് മുഴുവൻ വ്യാപിച്ച് കിടക്കുന്ന അഴിമതിയാണിതെന്ന് എം.ബി രാജേഷ് സഭയിൽ പറഞ്ഞു. നിരവധി ബി.ജെ.പി നേതാക്കൾക്ക് കോഴയിൽ പങ്കുണ്ട്. ലോക്സഭ അടിയന്തരമായി വിഷയം ചർച്ച ചെയ്യണമെന്നും കേരളാ എം.പിമാർ ആവശ്യപ്പെട്ടു. സി.പി.എം എം.പിമാരെ പിന്തുണച്ച് കേരളത്തിൽ നിന്നുള്ള കോൺഗ്രസ് അംഗങ്ങളും രംഗത്തെത്തി.
കാർഷിക വിഷയം ചർച്ച ചെയ്യണമെന്ന് മറ്റ് പ്രതിപക്ഷ കക്ഷികളും ലോക്സഭയിൽ ആവശ്യപ്പെട്ടു. ഈ വിഷയത്തിലും പ്രതിപക്ഷ എം.പിമാർ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു. വിഷയത്തിൽ ഇടപെട്ട് സംസാരിച്ച പാർലമെന്‍ററികാര്യ മന്ത്രി അനന്ത് കുമാർ കർഷകരുടെ വിഷയം ചർച്ച ചെയ്യാമെന്ന് സഭയെ അറിയിച്ചു. എന്നാൽ, മെഡിക്കൽ കോളജ് കോഴ വിഷയത്തിൽ കേന്ദ്രസർക്കാറിന്‍റെ നിലപാട് സഭയെ അറിയിക്കാൻ അനന്ത് കുമാർ തയാറായില്ല.
സ്വകാര്യ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനത്തിന് മെഡിക്കൽ കൗൺസിലിെൻറ അംഗീകാരം ലഭിക്കുന്നതിനു േവണ്ടി പാർട്ടി നേതാക്കൾ ഇടപെട്ട കോടികളുടെ അഴിമതി നടത്തിയതായി ബി.െജ.പി നിയോഗിച്ച അന്വേഷണ കമീഷൻ കണ്ടെത്തിയിരുന്നു. ഈ റിപ്പോർട്ട് മാധ്യമങ്ങൾ പുറത്തുവിട്ടതോടെയാണ് വൻ വിവാദത്തിനാണ് തിരി കൊളുത്തിയത്.
തിരുവനന്തപുരം വർക്കലയിലെ സ്വകാര്യ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനത്തിൽനിന്ന് പാർട്ടി നേതാവ് ആർ.എസ്. വിനോദ് 5.60 കോടി രൂപ കൈപ്പറ്റുകയും ഇതു കുഴൽപ്പണമായി ഡൽഹിയിലെത്തിക്കുകയുമായിരുന്നു അന്വേഷണ റിപ്പോർട്ട്. കൂടാതെ പാലക്കാട് മെഡിക്കൽ കോളജിന് അനുമതി ലഭിച്ച വിഷയത്തിൽ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശിന്റെ പേരും റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു.
റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ നേതാക്കൾക്കെതിരെ ശക്തമായ നട പടിയുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. അടുത്ത ദിവസങ്ങളിൽ തന്നെ ആലപ്പുഴയിൽ പാർട്ടിയുടെ കോർ കമ്മിറ്റി ചേരാനിരിക്കെയാണ് അന്വേഷണ റിപ്പോർട്ട് പുറത്തുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.