ന്യൂഡൽഹി: യുദ്ധത്തെ തുടർന്ന് യുക്രെയ്നിൽനിന്ന് മടങ്ങേണ്ടി വന്ന മെഡിക്കൽ വിദ്യാർഥികൾക്ക് 'അക്കാദമിക് മൊബിലിറ്റി പ്രോഗ്രാ'മിന്‍റെ ഭാഗമായി ഇന്ത്യ ഒഴികെ 29 രാജ്യങ്ങളിൽ പഠനം തുടരാമെന്ന് വിശദീകരിച്ച് ദേശീയ മെഡിക്കൽ കമീഷൻ. ഇന്ത്യയിൽ തുടർപഠനാവസരം നിഷേധിച്ചപ്പോൾതന്നെയാണ് ഈ വിശദീകരണം.
തുടർപഠന അനുമതിയുള്ള രാജ്യങ്ങൾ ഇവയാണ്: പോളണ്ട്, ഓസ്ട്രിയ, ചെക് റിപ്പബ്ലിക്, ഫ്രാൻസ്, ജോർജിയ, കസാഖ്സ്താൻ, ലിത്വേനിയ, മൾഡോവ, സ്ലോവാക്യ, സ്പെയിൻ, ഉസ്ബകിസ്താൻ, യു.എസ്, ഇറ്റലി, ബെൽജിയം, ഈജിപ്ത്, ബെലറൂസ്, ലാത്വിയ, കിർഗിസ്താൻ, ഗ്രീസ്, റുമേനിയ, സ്വീഡൻ, ഇസ്രായേൽ, ഇറാൻ, അസർബൈജാൻ, ബൾഗേറിയ, ജർമനി, തുർക്കിയ, ക്രൊയേഷ്യ, ഹംഗറി. മറ്റു വിദേശ സർവകലാശാലകളിലാണ് പഠനം പൂർത്തിയാക്കുന്നതെങ്കിലും ബിരുദം നൽകുന്നത് യുക്രെയ്നിലെ സർവകലാശാലതന്നെയായിരിക്കും. ഇത്തരത്തിൽ രണ്ടിടത്ത് പഠിച്ചത് ഒറ്റത്തവണയെന്ന നിലയിൽ ഇന്ത്യ അംഗീകരിക്കും. ഇന്ത്യയിൽ പഠന-പരിശീലനം തുടരാൻ നിലവിലെ വ്യവസ്ഥകൾ പ്രകാരമുള്ള പരീക്ഷകൾ പാസാകണമെന്നും മെഡിക്കൽ കമീഷൻ വിശദീകരിച്ചു.
അതേസമയം, ഇന്ത്യൻ വിദ്യാർഥികൾ പഠിക്കുന്ന യുക്രെയ്നിലെ സ്ഥാപനങ്ങൾ ഈ 29 രാജ്യങ്ങളിലെ സ്ഥാപനങ്ങളുമായി അക്കാദമിക് മൊബിലിറ്റി പ്രോഗ്രാം ഒരുക്കിയാലേ ദേശീയ മെഡിക്കൽ കമീഷന്‍റെ അംഗീകാരം ലഭിക്കൂ. ഏതെല്ലാം സ്ഥാപനങ്ങളാണ് ഇത്തരത്തിൽ പരസ്പരം വിദ്യാർഥികളെ ഏറ്റെടുക്കാൻ തയാറായതെന്നോ, ഈ രാജ്യങ്ങളിൽ തുടർപഠനത്തിനുള്ള എന്തു സൗകര്യമാണ് ഒരുക്കുകയെന്നോ അറിയിപ്പിൽ വിശദീകരിക്കുന്നില്ല.
നിലവിൽ യുക്രെയ്നിലെ 20ഓളം സ്ഥാപനങ്ങൾ മാത്രമാണ് ജോർജിയ പോലുള്ള ഏതാനും വിദേശരാജ്യങ്ങളിലെ സ്ഥാപനങ്ങളുമായി അക്കാദമിക് മൊബിലിറ്റി പ്രോഗ്രാം ഒരുക്കിയിട്ടുള്ളത്. യുദ്ധത്തിൽ മൂന്നു സർവകലാശാലകൾ ഇല്ലാതായിട്ടുമുണ്ട്.ഇതുകൊണ്ട് യു.എസ് പോലുള്ള രാജ്യങ്ങളിൽ പഠിക്കാമെന്ന് കേന്ദ്രം പറയുന്നു എന്നല്ലാതെ തങ്ങൾക്ക് ഒരുപകാരവുമില്ലെന്ന് വിദ്യാർഥികൾ പറയുന്നു.വ്യാഴാഴ്ച കേന്ദ്രം സമർപ്പിച്ച സത്യവാങ്മൂലം സുപ്രീംകോടതിയെ തെറ്റിദ്ധിരിപ്പിക്കുന്നതാണെന്ന് വിദ്യാർഥികൾ പറഞ്ഞു.
കേന്ദ്രം സമർപ്പിച്ച രാജ്യങ്ങളുടെ പട്ടിക കണ്ടാൽ ഇവിടെയെല്ലാം പഠിക്കാമെന്നാണ്.എന്നാൽ, ഇത് പ്രായോഗികമല്ല. യുക്രെയിനിലെ സർവകലാശാലകളും വിദേശ രാജ്യങ്ങളിലെ സർവകലാശാലകളും തമ്മിൽ പരസ്പര ധാരണ വേണ്ടതുണ്ട്.യുദ്ധത്തെ തുടർന്ന് പല സർവകലാശാലകളും ഇല്ലാതായി. അവിടത്തെ വിദ്യാർഥികൾക്ക് എങ്ങനെ വിദേശ രാജ്യങ്ങളിൽ അക്കാദമിക് മൊബിലിറ്റിയുടെ ഭാഗമായി തുടർപഠനം നടത്താനാവുമെന്നും വിദ്യാർഥികൾ ചോദിച്ചു. 600ലധികം മെഡിക്കൽ കോളജുകളുള്ള ഇന്ത്യയിലാണ് അക്കാദമിക് മൊബിലിറ്റിയുടെ ഭാഗമായി തുടർപഠനത്തിന് കേന്ദ്ര സർക്കാർ അനുമതി നൽകേണ്ടിയിരുന്നതെന്നും വിദ്യാർഥികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.