ഭോപാൽ: മധ്യപ്രദേശിൽ ദിവസങ്ങളായുള്ള അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് ഏവരെയും അമ്പരപ്പിച്ചാണ് മോഹൻ യാദവ് പുതിയ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നത്. തെക്കൻ ഉജ്ജയിൻ മണ്ഡലത്തിൽനിന്ന് മൂന്നാമതും നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം കഴിഞ്ഞ ശിവരാജ് സിങ് ചൗഹാൻ മന്ത്രിസഭയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്നു. 12,941 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കോൺഗ്രസിലെ ചേതൻ പ്രേംനാരായൺ യാദവിനെ തോൽപിച്ചാണ് മൂന്നാമതും തെരഞ്ഞെടുക്കപ്പെട്ടത്. 1965 മാർച്ച് 25ന് ഉജ്ജയിനിൽ ജനിച്ച മോഹൻ യാദവ് ബിസിനസുകാരൻ കൂടിയാണ്. മധ്യപ്രദേശിലെ പ്രമുഖ ഒ.ബി.സി നേതാവായ മോഹൻ യാദവ് ബി.എസ്.സി, എൽ.എൽ.ബി, എം.എ പൊളിറ്റിക്കറ്റൽ സയൻസ്, എം.ബി.എ. പി.എച്ച്.ഡി ബിരുദങ്ങൾ നേടിയിട്ടുണ്ട്.
ബി.ജെ.പിയുടെ പ്രമുഖ നേതാക്കളെയെല്ലാം മറികടന്നാണ് 58കാരൻ അപ്രതീക്ഷിതമായി മുഖ്യമന്ത്രി പദവിയിലെത്തുന്നത്. നേതാക്കൾ തമ്മിൽ മത്സരം മുറുകിയ സാഹചര്യത്തിൽ ഭൂരിപക്ഷം എം.എൽ.എമാരുടെ പിന്തുണ ആർക്കെന്നറിഞ്ഞ് പ്രശ്നം ഒത്തുതീർക്കാൻ ബി.ജെ.പി മൂന്ന് നിരീക്ഷകരെ നിയോഗിച്ചിരുന്നു. തന്നെ മാറ്റുമെന്ന് സൂചന ലഭിച്ചതോടെ നിലവിലെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ താൻ മുഖ്യമന്ത്രി പദത്തിനായുള്ള മത്സരത്തിനില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞിരുന്നു. ഇതോടെ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് എം.പി സ്ഥാനം രാജിവെച്ച കേന്ദ്ര മന്ത്രിമാരായ പ്രഹ്ലാദ് പട്ടേലും നരേന്ദ്ര സിങ് തോമറും കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗ്യയും മുഖ്യമന്ത്രി പദത്തിനായി ശക്തമായ മത്സരത്തിലുണ്ടായിരുന്നു.
ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരിക്കെ മഹാത്മാഗാന്ധിയെയും ജവഹർലാൽ നെഹ്‌റുവിനെയും അധിക്ഷേപിച്ച് വിവാദ നായകനായ ആളാണ് മോഹൻ യാദവ്. ഫേസ്ബുക്കിലൂടെയായിരുന്നു അപകീർത്തികരമായ പരാമർശം. 'റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമായ ഫ്ലോട്ടിൽ സുഭാഷ് ചന്ദ്രബോസിന്റെയും സർദാർ വല്ലഭായ് പട്ടേലിന്റെയും നിശ്ചലദൃശ്യം ഉണ്ടായിരുന്നു. എന്നാൽ, രാജ്യത്തിന്റെ കപട പിതാവോ കപട ചാച്ചായോ അവിടെ ഉണ്ടായിരുന്നില്ല എന്നായിരുന്നു വിവാദ പരാമർശം.
'രാജ്യത്തിന്റെ ഉരുക്കുവനിതയോ കമ്പ്യൂട്ടറിന്റെ ഉപജ്ഞാതാവോ ഇടംപിടിക്കാത്ത ഫ്ലോട്ടുകളിൽ സനാതന സംസ്കാരത്തിന്റെ ഭാഗമായ കാശി വിശ്വനാഥ ക്ഷേത്രത്തിന്റേയും വൈഷ്ണോ ദേവിയുടെയും നിശ്ചലദൃശ്യം ഉണ്ടായിരുന്നു. ബ്രിട്ടീഷുകാരുടെ അടിമത്തത്തിൽനിന്ന് പുറത്തുവന്ന എന്റെ രാജ്യം യഥാർഥത്തിൽ ഇപ്പോഴാണ് സ്വാതന്ത്ര്യം നേടിയത്. ജയ് ഹിന്ദ്, വന്ദേ മാതരം, ഭാരത് മാതാ കീ ജയ്' -ഇങ്ങനെയായിരുന്നു കുറിപ്പ് അവസാനിച്ചത്.
വിവാദമായതോടെ മന്ത്രി പോസ്റ്റ് പിന്നീട് ഡിലീറ്റ് ചെയ്തിരുന്നു. അതേസമയം, സ്വാതന്ത്ര്യത്തെ ബഹുമാനിക്കാൻ ബ്രിട്ടീഷുകാരിൽനിന്ന് 60 രൂപ പെൻഷൻ വാങ്ങിയ ഒരാളുടെ രാഷ്ട്രീയ അവകാശികളിൽനിന്ന് മറുത്തൊന്നും പ്രതീക്ഷിക്കുന്നില്ലെന്നായിരുന്നു കോൺഗ്രസ് ഇതിനോട് പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.