ശ്രീനഗർ: കശ്മീരിൽ കേന്ദ്ര സർക്കാർ വൻ നടപടികൾ കൈക്കൊള്ളാൻ പോകുന്നു എന്ന അഭ്യൂഹങ്ങൾക്കിടെ പ്രധാന നേതാക്കളും മുൻ മുഖ്യമന്ത്രിമാരുമായ മഹ്ബൂബ മുഫ്തി, ഉമർ അബ്ദുല്ല, മറ്റൊരു നേതാവ് സജ്ജാദ് ലോൺ തുടങ്ങിയവരെ വീട്ടുതടങ്കലിലാക്കി. തന്നെ വീട്ടുതടങ്കലിലാക്കിയതായി വിശ്വസിക്കുന്നു എന്ന് നാഷനൽ കോൺഫറൻസ് നേതാവ് ഉമർ അബ്ദുല്ല ട്വീറ്റ് ചെയ്തു. ഉമറിെൻറ ട്വീറ്റ് മഹ്ബൂബ റീട്വീറ്റ് ചെയ്തിട്ടുണ്ട്.
‘‘ഞായറാഴ്ച അർധരാത്രി മുതൽ ഞാൻ വീട്ടുതടങ്കലിൽ ആയതായി കരുതുന്നു. മറ്റു നേതാക്കൾക്കെതിരെയും നടപടികൾ ഉണ്ടാവുന്നു. ഇത് സത്യമാണോ എന്നറിയാൻ വഴിയൊന്നും ഇപ്പോഴില്ല’’ -ഉമർ ട്വിറ്ററിൽ കുറിച്ചു.
സംസ്ഥാനത്ത് മൊബൈൽ-ഇൻറർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചതായും റിപ്പോർട്ടുണ്ട്. തിങ്കളാഴ്ച പുലർച്ചെ മുതൽ ശ്രീനഗർ ജില്ലയിൽ 144ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. രജൗരി. ഉധംപൂർ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. വിദ്യഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാനും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ജമ്മു സർവകലാശാല ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ടു. ഇതോടെ, തിങ്കളാഴ്ച രാവിലെ 9.30ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒൗദ്യോഗിക വസതിയിൽ ചേരുന്ന മന്ത്രിസഭാ യോഗത്തിലേക്ക് എല്ലാ കണ്ണുകളും തിരിഞ്ഞിരിക്കുകയാണ്.
തീവ്രവാദി ആക്രമണഭീഷണിയും പാക് അതിർത്തിയിലൂടെയുള്ള നുഴഞ്ഞുകയറ്റവും ചൂണ്ടിക്കാട്ടി താഴ്വരയാകെ കനത്ത സുരക്ഷാവലയത്തിലാണിപ്പോൾ. ഇന്ത്യൻ അതിർത്തിയിലും പെട്ടെന്ന് കലാപം പൊട്ടിപ്പുറപ്പെടാൻ സാധ്യതയുള്ള സ്ഥലങ്ങളിലും സൈന്യത്തെ വിന്യസിച്ചു. അമർനാഥ് തീർഥാടനത്തിനെത്തിയ തീർഥാടകരോടും വിനോദസഞ്ചാരികളോടും ഉടൻ സംസ്ഥാനം വിടാൻ സംസ്ഥാന ഭരണകൂടം വെള്ളിയാഴ്ച നിർദേശിച്ചശേഷം ശക്തമായ സൈനികവിന്യാസമാണ് ഞായറാഴ്ച താഴ്വരയിൽ നടന്നത്.
അടുത്ത ദിവസങ്ങളിലെ സ്ഥിതി എന്തായിരിക്കുമെന്ന് അറിയാതെ പാൽ മുതൽ പെട്രോൾ വരെ വാങ്ങാനുള്ളവരുടെ പരക്കംപാച്ചിൽ ചെറുപട്ടണങ്ങളിൽപോലും കാണാമായിരുന്നു. വാണിജ്യശാലകൾക്കു മുന്നിൽ നീണ്ട വരികൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അനിശ്ചിതത്വവും ഭയവുമാണ് ജനങ്ങളിൽ പൊതുവികാരമായി കാണുന്നത്.
സംസ്ഥാനത്തെ കാര്യമായി സ്വാധീനിക്കുന്ന ഒരു രാഷ്ട്രീയ തീരുമാനം ഡൽഹിയിൽനിന്ന് ഉടൻ ഉണ്ടാകുമെന്ന ആകാംക്ഷയിലാണ് എല്ലാവരും. ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗം ഇർഫാൻ പത്താൻ അടക്കമുള്ള നൂറോളം ക്രിക്കറ്റ് കളിക്കാരോട് സവിശേഷ സാഹചര്യത്തിൽ സംസ്ഥാനം വിടാൻ ജമ്മു-കശ്മീർ ക്രിക്കറ്റ് അസോസിയേഷൻ നിർദേശം നൽകി. വിദ്യാർഥികളെ ഹോസ്റ്റലിൽനിന്ന് മാറ്റാൻ വിദ്യാഭ്യാസ സ്ഥാപനങ്ങളോട് നിർദേശിച്ചു.
If officers in the state government are to be believed mobile internet is going down now, an unofficial curfew is going to start & mainstream leaders are going to be detained. No idea who to believe & where this is heading.
— Omar Abdullah (@OmarAbdullah) August 4, 2019
How ironic that elected representatives like us who fought for peace are under house arrest. The world watches as people & their voices are being muzzled in J&K. The same Kashmir that chose a secular democratic India is facing oppression of unimaginable magnitude. Wake up India
— Mehbooba Mufti (@MehboobaMufti) August 4, 2019
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.