ശ്രീനഗർ ഏറ്റുമുട്ടൽ: കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോട് ഗവർണർ മാപ്പ്​ പറയണം -മഹ്​ബൂബ മുഫ്​തി

ശ്രീനഗർ: ഹൈദർപോറയിൽ സുരക്ഷസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോട്​ ജമ്മു-കശ്മീർ ലെഫ്റ്റനൻറ്​ ഗവർണർ മനോജ് സിൻഹ മാപ്പുപറയണമെന്ന്​ പി.ഡി.പി അധ്യക്ഷ മഹ്​ബൂബ മുഫ്​തി. സംഭവത്തിന്​ പിന്നിലുള്ളവർക്ക് കർശന ശിക്ഷ നൽകണമെന്നും അവർ ആവശ്യപ്പെട്ടു.

ഗുപ്കർ റോഡിലെ ഫെയർവ്യൂ വസതിയിൽനിന്ന് രാജ്ഭവനിലേക്ക് നടത്തിയ പ്രത​ിഷേധമാർച്ചിന്​ നേതൃത്വം നൽകിയ അവർ, ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട റംബാൻ സ്വദേശി അമീർ മാഗ്രെയുടെ മൃതദേഹം കുടുംബത്തിന് തിരികെ നൽകണമെന്നാവ​ശ്യപ്പെട്ടു. എല്ലാ സേനകളുടെയും ചുമതലയുള്ള ആളെന്ന നിലയിൽ കൊല്ലപ്പെട്ട വ്യക്തികളുടെ ബന്ധുക്കളോട് ലെഫ്​. ഗവർണർ മാപ്പു പറയണം. കൊല്ലപ്പെട്ടവർ ​തീവ്രവാദികളെ സഹായിച്ചവരാണെന്ന ആരോപണം പിൻവലിക്കുകയും നഷ്​ടപരിഹാരം നൽകുകയും വേണം. കൊല്ലപ്പെട്ടതായി പൊലീസ് അവകാശപ്പെടുന്ന തീവ്രവാദി യഥാർഥത്തിൽ അവിടെയുണ്ടായിരുന്നോ എന്ന് സംശയിക്കുന്നതായി മഹ്​ബൂബ പറഞ്ഞു.

തീവ്രവാദിയെന്ന് മുദ്രകുത്തിയ നാലാമത്തെ വ്യക്തിയുടെ ശരീരമോ, മുഖമോ ഞങ്ങൾ കണ്ടിട്ടില്ല. മൂന്നു സാധാരണക്കാരെ അനാവശ്യമായി കൊലപ്പെടുത്തുകയായിരുന്നോ എന്ന് സംശയമുണ്ട്. ന്യൂനപക്ഷങ്ങളെ തകർക്കുക എന്ന ബി.ജെ.പി- ആർ.എസ്.എസ് അജണ്ടയാണ് ജമ്മു-കശ്​മീരിൽ നടപ്പാക്കുന്നത് -അവർ ആരോപിച്ചു.

Tags:    
News Summary - mehbooba mufti says that Governor should apologize to families of victims in Srinagar encounter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.