ന്യൂഡൽഹി: കോൺഗ്രസിെൻറയും മറ്റു പ്രതിപക്ഷ പാർട്ടികളുടെയും പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിൽ രാഷ്ട്രപതി സ്ഥാനാർഥിയായി മീര കുമാർ നാമനിർദേശ പത്രിക സമർപ്പിച്ചു. വിചാരധാര മുൻനിർത്തിയുള്ള പോരാട്ടത്തിെൻറ തുടക്കമാണിതെന്ന് പത്രിക നൽകിയ ശേഷം മീര കുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. പ്രചാരണത്തിന് വെള്ളിയാഴ്ച ഗുജറാത്തിലെ സബർമതി ആശ്രമത്തിൽ തുടക്കം കുറിക്കും.
കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മുൻപ്രധാനമന്ത്രി മൻമോഹൻ സിങ്, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, എൻ.സി.പി നേതാവ് ശരദ് പവാർ, സി.പി.െഎ അഖിലേന്ത്യ സെക്രട്ടറി ഡി. രാജ, ഡി.എം.കെ നേതാവ് കനിമൊഴി, തൃണമൂൽ കോൺഗ്രസിനെ പ്രതിനിധാനംചെയ്ത് ഡെറിക് ഒബ്രിയൻ, ബി.എസ്.പിക്കു വേണ്ടി സതീഷ് ചന്ദ്ര മിശ്ര തുടങ്ങിയവർ മീര കുമാറിനൊപ്പം ഉണ്ടായിരുന്നു.
കോൺഗ്രസ് മുഖ്യമന്ത്രിമാരായ അമരീന്ദർ സിങ്, സിദ്ധരാമയ്യ, വീരഭദ്ര സിങ്, വി. നാരായണസ്വാമി, മുകുൾ സാങ്മ എന്നിവരും മുതിർന്ന കോൺഗ്രസ് നേതാക്കളായ എ.കെ. ആൻറണി, ഗുലാംനബി ആസാദ്, അഹ്മദ് പേട്ടൽ, മല്ലികാർജുൻ ഖാർഗെ, അംബിക സോണി, അശോക് ഗെഹ്ലോട്ട്, ഭൂപീന്ദർ സിങ് ഹൂഡ, ദിഗ്വിജയ് സിങ്, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.വി. തോമസ്, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയവരും എത്തിയിരുന്നു.
വ്യാഴാഴ്ച വൈകീട്ട് സബർമതി ആശ്രമത്തിൽ എത്തുന്ന പ്രതിപക്ഷ സ്ഥാനാർഥി വോട്ട് അഭ്യർഥിച്ചുള്ള യാത്രകൾക്ക് പിറ്റേന്ന് തുടക്കം കുറിക്കും. അഹ്മദാബാദിൽനിന്ന് മുംബൈക്കും ബംഗളൂരുവിലേക്കും പോകും. ജൂലൈ ആറിന് സ്വദേശമായ ബിഹാറിൽ. ജൂലൈ 15ന് പ്രചാരണം അവസാനിക്കും. രാഷ്ട്രപതി സ്ഥാനാർഥികളുടെ നാമനിർദേശപത്രികയുടെ സൂക്ഷ്മപരിശോധന വ്യാഴാഴ്ചയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.