ബംഗളൂരു: ബഹിരാകാശ ഗവേഷണ ശാസ്ത്രജ്ഞരിൽ പ്രുമഖനായ യു.ആർ. റാവു എന്ന പ്രഫ. ഉഡുപ്പി രാമചന്ദ്ര റാവു ഇനി ഒാർമ. ഇന്ത്യയുടെ ബഹിരാകാശ കുതിപ്പിനു പിന്നിലെ ഇൗ അഗ്രഗാമിയാണ് ലോക ബഹിരാകാശഭൂപടത്തിൽ രാജ്യത്തിെൻറ മുദ്ര പതിപ്പിച്ചത്. വിവരസാങ്കേതികരംഗത്ത് വിപ്ലവം സൃഷ്ടിച്ച ഇൻസാറ്റ് ഉപഗ്രഹങ്ങൾ വിക്ഷേപിച്ചത് റാവു ഐ.എസ്.ആർ.ഒ തലപ്പത്തിരിക്കെയാണ്. ഇക്കാലയളവിൽ പല നിർണായക പരീക്ഷണങ്ങൾക്കും വിക്ഷേപണങ്ങൾക്കും രാജ്യം സാക്ഷിയായി. ഇന്ത്യയുടെ ആദ്യ സാറ്റലൈറ്റ് മുതൽ ഇപ്പോഴുള്ള സോളാർ ദൗത്യത്തിൽ വരെ റാവുസ്പർശമുണ്ട്.
കർണാടകയിെല ഉഡുപ്പി ജില്ലയിൽ 1932ലാണ് ജനനം. ലക്ഷ്മി നാരായണ ആചാര്യയും കൃഷ്ണവേണി അമ്മയുമാണ് മാതാപിതാക്കൾ. െഎ.എസ്.ആർ.ഒയുടെ ഒട്ടുമിക്ക ബഹിരാകാശദൗത്യങ്ങളിലും റാവു ഉണ്ടായിരുന്നു. 1975ൽ ആദ്യ സാറ്റെലെറ്റായ ‘ആര്യഭട്ട’, പിന്നീട് ലോകം ശ്രദ്ധിച്ച ചാന്ദ്രയാൻ-ഒന്ന്, മംഗൾയാൻ എന്നിവയിലെല്ലാം യു.ആർ. റാവുവിെൻറ പങ്കാളിത്തമുണ്ട്. സൂര്യനിലേക്കുള്ള ‘ആദിത്യ മിഷനിലും’ സജീവ പങ്കുവഹിച്ചെന്ന് ചരിത്രം രേഖപ്പെടുത്തും.
ആൻട്രിക്സ് കോർപറേഷെൻറ ആദ്യ ചെയർമാനായിരുന്നു. 350ഓളം ശാസ്ത്ര സാങ്കേതികപ്രബന്ധങ്ങളും നിരവധി പുസ്തകങ്ങളും പ്രസിദ്ധീകരിച്ചു. ഇന്ത്യൻ ബഹിരാകാശമേഖലക്ക് മികച്ച സംഭാവന നൽകിയ റാവുവിനെ 1976ൽ പത്മഭൂഷണും 2017ൽ പത്മവിഭൂഷണും നൽകി രാജ്യം ആദരിച്ചു. അഹ്മദാബാദിലെ ഫിസിക്കൽ റിസർച് ലബോറട്ടറി കൗൺസിൽ ചെയർമാനായും തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിെൻറ ചാൻസലറായും പ്രവർത്തിക്കുന്നതിനിടെയാണ് മരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രമുഖ നേതാക്കളും അനുശോചിച്ചു.
തദ്ദേശീയ ഉപഗ്രഹ സാങ്കേതികവിദ്യയുടെയും ആദ്യകാല വിക്ഷേപണവാഹനമായ എ.എസ്.എൽ.വി, വിശ്വസ്ത വാഹനമായ പി.എസ്.എൽ.വി എന്നിവയുടെയും വികസനത്തിൽ നിർണായക പങ്കുവഹിച്ചു. ക്രയോജനിക് സാങ്കേതികവിദ്യ ഉപയോഗിച്ച് ജി.എസ്.എൽ.വി റോക്കറ്റിെൻറ ആശയത്തിന് തുടക്കംകുറിച്ചതും അദ്ദേഹമായിരുന്നു.
2016 മേയിൽ ഇൻറർനാഷനൽ ആസ്ട്രനോട്ടിക്കൽ ഫെഡറേഷെൻറ (ഐ.എ.ഫ്) ഹാൾ ഓഫ് ഫെയിം അവാർഡ് നേടി. ഈ അവാർഡ് നേടുന്ന ആദ്യ ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.