ഗൽവാൻ താഴ്വരയിലുണ്ടായ ചൈനീസ് ആക്രമണത്തിൽ നാടിനുവേണ്ടി ജീവത്യാഗം ചെയ്ത സൈനികർ ഇനി ജ്വലിക്കുന്ന ഓർമ. തിങ്കളാഴ്ച രാത്രിയുണ്ടായ ഏറ്റുമുട്ടലിൽ വീരചരമം പ്രാപിച്ച 20 സൈനികർക്കും വ്യാഴാഴ്ച അവരവരുടെ ജന്മനാട് കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയേകി. സൈനിക നടപടി പൂർത്തിയാക്കി ബുധനാഴ്ച രാത്രിയോടെയാണ് മൃതദേഹങ്ങൾ വ്യോമമാർഗം ജന്മനാടുകളിലെത്തിച്ചത്.
ധീര ജവാന്മാരെ അവസാനമായി ഒരു നോക്കുകാണാൻ എല്ലായിടങ്ങളിലും ആയിരക്കണക്കിനാളുകൾ തടിച്ചു കൂടിയിരുന്നു. മാതാപിതാക്കളുടെയും ഭാര്യമാരുടെയും മക്കളുടെയും നിലക്കാത്ത നിലവിളികൾ ഹൃദയഭേദകമായി. ജവാന്മാരുടെ മൃതദേഹങ്ങൾ പൂർണ സൈനിക ബഹുമതികളോടെയാണ് സംസ്കരിച്ചത്. ചൈനീസ് ആക്രമണത്തിനെതിരെ രാജ്യതലസ്ഥാനമുൾപ്പെടെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധങ്ങളും അരങ്ങേറി.
പ്രത്യേക വിമാനത്തിൽ ഹൈദരാബാദിെലത്തിച്ച കേണൽ സന്തോഷ് ബാബുവിെൻറ മൃതദേഹം ജന്മനാടായ സൂര്യപേട്ടിലും അങ്കുഷ് ഠാകുറിെൻറ മൃതദേഹം ഹിമാചൽ പ്രദേശിലെ ഹാമിർപുർ ജില്ലയിലെ കരോട്ടയിലും സംസ്കരിച്ചു. ഝാർഖണ്ഡിൽനിന്നുള്ള കുന്ദൻ കുമാർ ഓജക്ക് 17 ദിവസം മുമ്പാണ് പെൺകുഞ്ഞ് പിറന്നത്. അവധി കിട്ടിയാലുടൻ കുഞ്ഞിനെ കാണാനെത്തുമെന്ന് മാതാവിനോട് പറഞ്ഞ ഓജയുടെ ചേതനയറ്റ ശരീരമാണ് നാട്ടിലെത്തിയത്. ഒഡിഷയിലെ മയൂർഭഞ്ചിലെ രായിരങ്പുരിൽനിന്നുള്ള നായിബ് സുബേദാർ നന്ദുറാം സോറെൻറ മരണവാർത്ത തങ്ങളെ തകർത്തു കളഞ്ഞതായി കുടുംബം പറഞ്ഞു. പശ്ചിമ ബംഗാളിൽനിന്നുള്ള രാജേഷ് ഒറങ്ങിെൻറ വിവാഹത്തിനുള്ള ഒരുക്കത്തിലായിരുന്നു കുടുംബം. ബംഗാളിലെ ബിൻഡിപാറ ഗ്രാമത്തിലെത്തിച്ച ഹവിൽദാർ ബിപുൽ റോയ്യുടെ മൃതദേഹവും ആയിരങ്ങളുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു.
തമിഴ്നാട് രാമനാഥപുരം സ്വദേശി ഹവിൽദാർ കെ. പളനിയുടെ മൃതദേഹം കടുക്കലൂർ ഗ്രാമത്തിലെത്തിച്ച് ഒൗദ്യോഗിക സൈനിക ബഹുമതികളോടെ സംസ്കരിച്ചു. മൃതദേഹ പേടകത്തിന് മുകളിൽ പുതപ്പിച്ചിരുന്ന ദേശീയപതാക സൈനികോദ്യോഗസ്ഥർ ഭാര്യ വാനതിദേവിക്ക് കൈമാറി.
പഞ്ചാബിൽനിന്നുള്ള നായിബ് സുബേദാർമാരായ മൻദീപ് സിങ്, സത്നം സിങ്, ശിപായി ഗുർതേജ് സിങ് എന്നിവർക്കും നാട് കണ്ണീരോടെ വിട നൽകി. പട്യാലയിലെത്തിച്ച മൻദീപ് സിങ്ങിെൻറ മൃതദേഹത്തിന് അമ്മയും ഭാര്യയും മകളും കണ്ണീരിൽ കുതിർന്ന സല്യൂട്ട് നൽകിയത് കൂടിനിന്നവർക്കും നൊമ്പരമായി. മന്ത്രി സാധു സിങ് ധരം സോത്, അകാലി എം.എൽ.എ ഹരീന്ദർപാൽ സിങ് ചന്ദുമജ്ര എന്നിവരും സംസ്കാര ചടങ്ങിൽ സംബന്ധിച്ചു.
ലഡാക്കിൽനിന്നുള്ള മൂന്നു ജവാന്മാരുടെ സംസ്കാര ചടങ്ങിൽ ലഫ്. ഗവർണർ ആർ.കെ. മാത്തൂർ സംബന്ധിച്ചു.
സൈനികരുടെ കുടുംബങ്ങൾക്ക് ഒഡിഷ സർക്കാർ 25 ലക്ഷം രൂപ വീതവും പഞ്ചാബ് സർക്കാർ 12 ലക്ഷവും ബന്ധുവിന് സർക്കാർ ജോലിയും പശ്ചിമ ബംഗാൾ അഞ്ചു ലക്ഷവും ബന്ധുവിന് സർക്കാർ ജോലിയും തമിഴ്നാട് സർക്കാർ 20 ലക്ഷം രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.