പൂനെ: ലോക്സഭയിലും നിയമസഭകളിലും സ്ത്രീകൾക്ക് സംവരണം നൽകുന്നതിൽ ഉത്തരേന്ത്യയുടെയും പാർലമെന്‍റിന്‍റെയും മാനസികാവസ്ഥ ഇതുവരെ അനുകൂലമായിട്ടില്ലെന്ന് എൻ.സി.പി ദേശീയ അധ്യക്ഷൻ ശരദ് പവാർ. പൂനെ ഡോക്‌ടേഴ്‌സ് അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
ലോക്സഭയിലും ഇന്ത്യയിലെ എല്ലാ നിയമസഭകളിലും സ്ത്രീകൾക്കായി 33 ശതമാനം സീറ്റുകൾ സംവരണം ചെയ്യണമെന്ന ഇതുവരെ പാസാക്കിയിട്ടില്ലാത്ത ബില്ലിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. വനിത നേതൃത്വത്തെ അംഗീകരിക്കാൻ രാജ്യം ഇനിയും തയാറായിട്ടില്ലെന്നാണോ ഇതിലൂടെ മനസ്സിലാക്കേണ്ടതെന്നും പരിപാടിയിൽ ചോദ്യമുയർന്നു. കോൺഗ്രസ് എം.പിയായിരുന്ന കാലം മുതൽ വിഷയം ലോക്സഭയിൽ ഉന്നയിച്ചിരുന്നതായി ചോദ്യത്തിന് പവാർ മറുപടി നൽകി.
"ഈ വിഷയത്തിൽ ലോക്സഭയുടെയും പ്രത്യേകിച്ച് ഉത്തരേന്ത്യയുടെയും മാനസികാവസ്ഥ അനുകൂലമായിരുന്നില്ല. കോൺഗ്രസ് എം.പിയായിരുന്ന സമയത്ത് വിഷയം പാർലമെന്‍റിൽ ഉന്നയിച്ചിരുന്നു. വനിത സംവരണ വിഷയിത്തിലുള്ള പ്രസംഗം കഴിഞ്ഞ് തിരിഞ്ഞ് നോക്കിയപ്പോൾ എന്‍റെ പാർട്ടിയിൽ ഉള്ളവർ പോലും എഴുന്നേറ്റ് പോയിരുന്നു. സ്വന്തം പാർട്ടിയിലുള്ളവർക്ക് പോലും വിഷയം അംഗീകരിക്കാൻ സാധിച്ചിരുന്നില്ലെന്നാണ് ഇതിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞത്"- പവാർ പറഞ്ഞു. ബില്ല് പാസാക്കാൻ എല്ലാ പാർട്ടികളും ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്നപ്പോൾ പഞ്ചായത്ത് സമിതി തുടങ്ങിയ തദ്ദേശ സ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് സംവരണം ഏർപ്പെടുത്തിയിരുന്നു. ആദ്യം പലരും നടപടി എതിർത്തെങ്കിലും പിന്നീട് അംഗീകരിച്ചെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.