വാഷിങ്ടൺ: മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് കമ്പനി ബോർഡ് അംഗത്വം ഉപേക്ഷിക്കുന്നതിന് മുമ്പ് മുൻ കാമുകിയുമായുള്ള ബന്ധത്തെ െചാല്ലി അന്വേഷണം നടന്നിരുന്നതായി റിപ്പോർട്ട്. 2020 മാർച്ചിലാണ് ബിൽ ഗേറ്റ്സിന്റെ ബോർഡ് അംഗത്വത്തിൽനിന്നുള്ള പടിയിറക്കം.
ബിൽ ഗേറ്റ്സും താനും തമ്മിൽ വർഷങ്ങളായി പ്രണയത്തിലായിരുന്നുവെന്ന മൈക്രോസോഫ്റ്റ് എൻജിനീയറായ സ്ത്രീയുടെ കത്ത് പുറത്തുവന്നതിന് പിന്നാലെയായിരുന്നു അന്വേഷണം. ആരോപണത്തെ തുടർന്ന് മൈക്രോസോഫ്റ്റ് അന്വേഷണ സമിതിയെ നിയോഗിച്ചതായും വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു.
2019ലായിരുന്നു ബിൽഗേറ്റ്സിനെതിരെ കമ്പനിയുടെ അന്വേഷണം ആരംഭിച്ചത്. ആരോപണത്തിന് പിന്നാലെ ബിൽ ഗേറ്റ്സ് ഡയറക്ടർ ബോർഡ് അംഗമായി തുടരുന്നത് ഉചിതമല്ലെന്ന് മറ്റംഗങ്ങളിൽ ചിലർ ചൂണ്ടിക്കാട്ടിയതായാണ് വിവരം. അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുമ്പുതന്നെ ഡയറക്ടർ ബോർഡിൽനിന്ന് ബിൽ ഗേറ്റ്സ് പടിയിറങ്ങിയതായാണ് വിവരം.
'2000 മുതൽ ബിൽ ഗേറ്റ്സിന് മൈക്രോസോഫ്റ്റ് ജീവനക്കാരിയുമായി അടുത്ത ബന്ധമുണ്ടെന്ന വിവരം 2019ൽ കമ്പനിക്ക് ലഭിച്ചിരുന്നു. തുടർന്ന് അന്വേഷണം ഒരു നിയമ സ്ഥാപനത്തെ ഏൽപ്പിക്കുകയും മൈക്രോസോഫ്റ്റ് ഒരു കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. അന്വേഷണത്തിലുടനീളം, പരാതി ഉന്നയിച്ച ജീവനക്കാരിക്ക് കമ്പനി പിന്തുണ നൽകിയിരുന്നു -മൈക്രോസോഫ്റ്റ് വക്താക്കളിൽ ഒരാൾ വാൾ സ്ട്രീറ്റ് ജേണലിനോട് പറഞ്ഞു.
20 വർഷം മുമ്പ് ജീവനക്കാരിയുമായി ബന്ധമുണ്ടായിരുന്നു. അത് രമ്യമായി അവസാനിക്കുകയും ചെയ്തു. ബിൽ ഗേറ്റ്സ് ബോർഡ് അംഗത്വത്തിൽനിന്ന് ഒഴിഞ്ഞതുമായി ഈ വിഷയത്തിന് യാതൊരു ബന്ധവുമില്ല. വർഷങ്ങൾക്ക് മുമ്പുതന്നെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സമയം കണ്ടെത്താൻ അദ്ദേഹം താൽപര്യം പ്രകടിപ്പിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കുറച്ചുദിവസങ്ങൾക്ക് മുമ്പ് ബിൽ ഗേറ്റ്സും ഭാര്യ മെലിൻഡയും വിവാഹബന്ധം വേർപ്പെടുത്തിയിരുന്നു. 27 വർഷത്തെ ദാമ്പത്യ ജീവിതത്തിനാണ് ഇരുവരും അവസാനം കുറിച്ചത്. വേർപിരിഞ്ഞെങ്കിലും ബിൽ -മെലിൻഡ ഫൗണ്ടേഷനിലൂടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടരാനാണ് ഇരുവരുടെയും തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.