യു.പി യിൽ തിരിച്ചെത്തിയ തൊഴിലാളികളെ കൂട്ടിയിരുത്തി അണുനാശിനി തളിച്ചു - Video

ബറേലി: മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഏറെ ബുദ്ധിമുട്ടുകൾ സഹിച്ച് സ്വന്തം നാട്ടിലെത്തിയ തൊഴിലാളികളെ റോഡിൽ കൂട്ടമ ായിരുത്തി അണുനാശിനി തളിക്കുന്ന വിഡിയോ ദൃശ്യം പുറത്ത്. ഉത്തർപ്രദേശിലെ ബറേലിയിൽ നിന്നുള്ള ദൃശ്യമാണ് സമൂഹമാധ്യ മങ്ങളിൽ ഏറെ വിമർശനങ്ങൾക്കിടയാക്കിയത്.

ലഖ്നൗവിൽ നിന്ന് 270 കിലോമീറ്റർ അകലെയാണ് ബറേലി. ഇവിടെ സർക്കാർ ഏർപ്പെടുത്തിയ ബസിൽ വന്നിറങ്ങിയ സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘത്തെ റോഡിൽ കൂട്ടമായിരുത്തിയാണ് ദേഹം മുഴുവൻ മൂടുന്ന ആവരണം ധരിച്ച മൂന്നു പേർ അണുനാശിനി തളിക്കുന്നത്. പൊലീസുകാർ കാഴ്ചക്കാരായി നിൽക്കുന്നതും വിഡിയോയിൽ കാണാം. " എല്ലാവരും കണ്ണുകൾ അടച്ചു പിടിക്കൂ, കുട്ടികളുടെ കണ്ണുകളും പൊത്തിപ്പിടിക്കൂ" എന്ന് ഒരാൾ വിളിച്ചു പറയുന്നതും കേൾക്കാം.

ഞെട്ടിക്കുന്ന നടപടിയാണെന്ന് വിശേഷിപ്പിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ട്വിറ്ററിൽ വിഡിയോ പങ്കുവെച്ചു. " യു.പി സർക്കാറിനോട് ഒരു അഭ്യർഥനയുണ്ട്. നമ്മൾ ഒറ്റക്കെട്ടായി കൊറോണയെന്ന ഈ പ്രതിസന്ധിയെ നേരിടുകയാണ്. ഈ സാഹചര്യത്തിൽ ഇത്തരം മനുഷ്യത്വരഹിത നടപടികൾ ഒഴിവാക്കണം. ഈ തൊഴിലാളികൾ ഒരുപാട് സഹിച്ചവരാണ്. അവരുടെ മേൽ രാസവസ്തുക്കൾ തളിക്കരുത്. അതവരെ സുരക്ഷിതരാക്കില്ല. അവരുടെ ആരോഗ്യത്തെ നശിപ്പിക്കുകയേ ഉള്ളൂ"- പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു.

അതേസമയം, രാസവസ്തുവല്ല ക്ലോറിൻ കലക്കിയ വെള്ളമാണ് തളിക്കന്നതെന്ന വിശദീകരണവുമായി ജില്ലാ ഭരണകൂടം രംഗത്തെത്തി. "ഇത് മനുഷ്യത്വരഹിത നടപടി അല്ല. ഒരു പാട് തിരക്കിൽപ്പെട്ട് വന്നവരായത് കൊണ്ട് തൊഴിലാളികളെ അണുവിമുക്തരാക്കേണ്ടത് അനിവാര്യമാണ്. അതിന് ശരിയെന്ന് തോന്നിയത് ഞങ്ങൾ ചെയ്തെന്നേയുള്ളു" - ഒരു ഉദ്യോസ്ഥൻ പ്രതികരിച്ചു.

സംഭവം സംബന്ധിച്ച് അന്വേഷിക്കുമെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു. യു.പി. സർക്കാറിന്റെ ക്രൂരതക്കും അനീതിക്കും ഉദാഹരണമാണ് ഇതെന്ന് മുൻ മുഖ്യമന്ത്രിയും ബി.എസ്.പി നേതാവുമായ മായാവതി പ്രതികരിച്ചു.

Tags:    
News Summary - Migrant workers sprayed with disinfectant in UP -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.