ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തെ കുറിച്ചുള്ള പരാതി പ്രളയത്തിനൊടുവിൽ ഇന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വിമാനത്താവളത്തിൽ പരിശോധന നടത്തി. അദ്ദേഹം വിമാനത്താവള അധികൃതരും സുരക്ഷാ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.
ഡൽഹി വിമാനത്താളവത്തിൽ ചെക്ക് ഇൻ ചെയ്യാൻ വളരെ താമസമെടുക്കുന്നുവെന്നായിരുന്നു പരാതി. വലിയ വരികളിൽ നിന്ന് മടുത്ത ആളുകൾ നിരന്തരം പരാതി ഉന്നയിക്കുകയായിരുന്നു. ഞായറാഴ്ച പല യാത്രക്കാർക്കും മണിക്കൂറുകൾ കാത്തു നിൽക്കേണ്ടി വന്നു. പലരും സമൂഹ മാധ്യമങ്ങളിൽ ഇന്ദിര ഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിന്റെ മൂന്നാം ടെർമിനലിലെ തിരക്ക് സംബന്ധിച്ച് ചിത്രങ്ങൾ പങ്കുവെച്ചിരുന്നു.
യാത്രക്കാരെ സഹായിക്കാൻ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ടെന്ന് ഡൽഹി എയർപോർട്ട് അതോറിറ്റി അറിയിച്ചു.തിരക്ക് കുറക്കാൻ പുതിയ ടെർമിനൽ തുടങ്ങണമെന്നും യാത്രക്കാർ നിർദേശിക്കുന്നുണ്ട്. യാത്രക്കാരുടെ അനുഭവങ്ങൾ ഞങ്ങൾ ശ്രദ്ധിക്കുന്നുണ്ടെന്നും നിർദേശങ്ങൾ ഉന്നത തലത്തിൽ എത്തിക്കുമെന്നും യാത്രക്കാർക്ക് നേരിട്ട് സി.ഐ.എസ്.എഫ് ആസ്ഥാനത്ത് ഫീഡ്ബാക്ക് അറിയിക്കാമെന്നും വിമാനത്താവള അധികൃതർ വ്യക്തമാക്കി.
തിരക്ക് നിയന്ത്രിക്കാൻ വ്യോമയാന മന്ത്രാലയം ചില പദ്ധതികൾ വ്യക്തമാക്കിയിരുന്നു. എക്സ് റേ സ്ക്രീനിംഗ് സംവിധാനങ്ങൾ മെച്ചപ്പെടുത്തുക, റിസർവ് ലോഞ്ച് പൊളിക്കും, ഒരു ഓട്ടോമാറ്റിക് ട്രേ റിട്രീവൽ സിസ്റ്റം (എടിആർഎസ്) മെഷീനും രണ്ട് സ്റ്റാൻഡേർഡ് എക്സ്-റേ മെഷീനുകളും സ്ഥാപിക്കും, രണ്ട് പ്രവേശന പോയിന്റുകൾ - ഗേറ്റ് 1 എ, ഗേറ്റ് 8 ബി - എന്നിവ തിരക്കുള്ള സമയത്ത് യാത്രക്കാരുടെ ഉപയോഗത്തിനും കൂടാതെ ഫ്ലൈറ്റുകൾ ഡീ-ബഞ്ച് ചെയ്യുന്നതിനായും ഉപയോഗിക്കും തുടങ്ങിയവയാണ് നിർദേശങ്ങൾ.
ഇന്ദിരാഗാന്ധി വിമാനത്താവളം രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളമാണ്. മൂന്ന് ടെർമിനലുകളാണ് ഉള്ളത്. അന്താരാഷ്ട്ര വിമാനങ്ങളും ആഭ്യന്തര സർവീസുകളും മൂന്നാം ടെർമലിനലിലാണ് പ്രവർത്തിക്കുന്നത്.
ശരാശരി 1200 വിമാനങ്ങൾ ദിവസേന ഇവിടെ സർവീസ് നടത്തുന്നു. 1.90 ലക്ഷം പേരാണ് ദിവസവും എത്തുന്ന യാത്രക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.