നന്ദിഗ്രാം: മുഖ്യമന്ത്രി മമത ബാനർജിയുടെ സ്ഥാനാർഥിത്വത്തോടെ രാജ്യ ശ്രദ്ധയാകർഷിച്ച നന്ദിഗ്രാമിൽ സാമുദായിക ധ്രുവീകരണത്തിന് സാധ്യതയേറെയെന്ന് രാഷ്ട്രീയ നിരീക്ഷകർ.
സ്വത്വ രാഷ്ട്രീയവും വ്യവസായ വികസന വാഗ്ദാനവും മുഖ്യ പ്രചാരണ വിഷയമായി ഒരു ഭാഗത്ത് ഉയർത്തിക്കാണിക്കുന്നുണ്ടെങ്കിലും ന്യൂനപക്ഷ വോട്ടുകളായിരിക്കും വിജയത്തിെൻറ ഗതി നിർണയിക്കുക. രണ്ടു മുഖങ്ങൾ കൂടിച്ചേർന്നതാണ് നന്ദിഗ്രാം മണ്ഡലം. ആദ്യ പാതിയിൽ 35 ശതമാനം വോട്ടുകൾ ന്യൂനപക്ഷ സമുദായത്തിൽനിന്നാണ്.
രണ്ടാം പാതിയിൽ 15 ശതമാനവും. 2,57,299 വോട്ടുകളാണ് മണ്ഡലത്തിൽ ആകെയുള്ളത്. ഇതിൽ 68,000 വോട്ടുകൾ ന്യൂനപക്ഷ സമുദായത്തിൽനിന്നുമാണ്. അതുകൊണ്ടു തന്നെ ഈ വോട്ടുകൾ ആർക്കൊപ്പമാണോ അവർക്കായിരിക്കും വിജയം. തൃണമൂൽ കോൺഗ്രസിെൻറ പാളയത്തിൽനിന്ന് അടവും തടവും പഠിച്ച് ബി.ജെ.പിയിലേക്ക് ചുവടുമാറ്റിയ സുവേന്ദു അധികാരിയാണ് മമതയുടെ എതിരാളി.
നന്ദിഗ്രാം മണ്ണിെൻറ മകനാണ് താനെന്നും മമത പുറംനാട്ടുകാരിയാണെന്നുമാണ് സുവേന്ദു അധികാരിയുടെ വാദം. എന്നാൽ, പ്ലാസി യുദ്ധത്തിൽ ബംഗാൾ നവാബ് സിറാജുദ്ദൗലയെ ബ്രിട്ടീഷുകാർക്ക് ഒറ്റിയ കമാൻഡർ മിർ ജാഫറിനോട് അധികാരിയെ ഉപമിച്ചുകൊണ്ടാണ് മമത തിരിച്ചടിച്ചത്. മോദിക്കെതിരെ ശബ്ദമുയർത്തി ന്യൂനപക്ഷത്തിെൻറ പിന്തുണ ആർജിക്കാനായെന്ന പ്രതീക്ഷയും ടി.എം.സി പാളയത്തിനുണ്ട്.
സ്വന്തം നാട്ടുകാരനായ അധികാരിയെ കൈവിട്ട് പ്രതിസന്ധി ഘട്ടത്തിൽ തങ്ങൾക്കൊപ്പം നിന്ന മമതയെ കൈപിടിക്കുമോയെന്ന ആശയക്കുഴപ്പവും മുസ്ലിം സമുദായത്തിനുണ്ടെന്ന് മുസ്ലിം നേതാക്കളും തുറന്നു സമ്മതിക്കുന്നു. ഹിന്ദുത്വ അജണ്ടയിലൂടെ ഭൂരിപക്ഷ സമുദായത്തെ ഒപ്പംനിർത്തുന്നതിനൊപ്പം ന്യൂനപക്ഷ വോട്ടുകൾ ഭിന്നിപ്പിക്കാനായാൽ വിജയം തങ്ങൾക്കൊപ്പമുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി. തീവ്ര ഹിന്ദുത്വത്തിന് പകരം മൃദു ഹിന്ദുത്വയെന്ന ആശയത്തിലൂന്നിയാണ് മമത ഭൂരിപക്ഷ സമുദായത്തെ അഭിമുഖീകരിക്കുന്നത്.
വ്യവസായ വികസനത്തിനായി 2007ൽ നടന്ന വിവാദ ഭൂമി ഏറ്റെടുക്കലിലൂടെ നഷ്ടപ്പെട്ട മണ്ഡലം തിരിച്ചുപിടിക്കാൻ സി.പി.എം നേതൃത്വത്തിലുള്ള മതേതര സഖ്യവും ഇത്തവണ ശക്തമായി മത്സരരംഗത്തുണ്ട്. യുവ രക്തമായ മീനാക്ഷി മുഖർജിയെയാണ് സി.പി.എം രംഗത്തിറക്കിയിട്ടുള്ളത്.
എന്നാൽ, അബ്ബാസ് സിദ്ദീഖിയുടെ ഇന്ത്യൻ സെക്കുലർ ഫ്രണ്ട് (ഐ.എസ്.എഫ്) ഇടത്-കോൺഗ്രസ് സഖ്യം വിട്ടു പോവുകയും സ്വതന്ത്രമായി മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തതോടെ ന്യൂനപക്ഷ വോട്ടുകൾ എത്രത്തോളം സി.പി.എമ്മിന് ലഭിക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. എട്ട് ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പിൽ ഏപ്രിൽ ഒന്നിനാണ് നന്ദിഗ്രാമിൽ വോട്ടെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.