അരിക്കൊമ്പന്‍റെ സഞ്ചാരം ഉൾവനത്തിലേക്ക്; മയക്കുവെടി വൈകും

കമ്പം: അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടാനുള്ള തമിഴ്നാട് വനംവകുപ്പിന്‍റെ ശ്രമം നീളുന്നു. ആന കൂടുതൽ ഉൾവനത്തിലേക്ക് നീങ്ങുന്നതായാണ് റേഡിയോ കോളറിൽ നിന്നുള്ള വിവരം. വനത്തിനു പുറത്തിറങ്ങിയാൽ മാത്രം വെടിവെക്കാമെന്നാണു വനംവകുപ്പിന്‍റെ തീരുമാനം. ദൗത്യസംഘവും കുങ്കിയാനകളും മേഖലയിൽ തുടരുകയാണ്. അതിനിടെ, ശനിയാഴ്ച അരിക്കൊമ്പന്‍റെ ആക്രമണത്തിൽ പരിക്കേറ്റ ഒരാൾ മരിച്ചു. കമ്പം സ്വദേശി പാൽരാജാണ് മരിച്ചത്. തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബൈക്കിൽ വരികയായിരുന്ന പാൽരാജിനെ അരിക്കൊമ്പൻ തട്ടിവീഴ്ത്തുകയായിരുന്നു.

അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ദൗത്യത്തിന്‍റെ മൂന്നാംദിനമാണിന്ന്. ഇന്നലെ കമ്പത്തിന് സമീപം കൂത്തനാച്ചിയാർ വനമേഖലയിലൂടെയായിരുന്നു ആനയുടെ സഞ്ചാരം. രാവിലെ ജനവാസമേഖലക്ക് അരികിലെത്തിയെങ്കിലും പിന്നീട് പുറത്തേക്ക് വന്നില്ല. ഷൺമുഖനദി ഡാമിന് പരിസരത്തായിരുന്നു ആനയുള്ളത്. ഇന്ന് കൂടുതൽ ഉൾവനത്തിലാണ് അരിക്കൊമ്പൻ.

മൂന്ന് കുങ്കിയാനകളും 150ഓളം പേരടങ്ങിയ ദൗത്യസംഘവും മേഖലയിൽ ക്യാമ്പ് ചെയ്യുകയാണ്. ആന വനത്തിൽ നിന്ന് പുറത്തിറങ്ങിയാൽ മയക്കുവെടിവെക്കാനാണ് നീക്കം. കമ്പം മേഖലയിൽ ഇന്ന് വരെ നിരോധനാജ്ഞ നിലവിലുണ്ട്.

ശനിയാഴ്ച രാവിലെ കമ്പം ടൗണിലിറങ്ങിയ അരിക്കൊമ്പൻ ഓട്ടോറിക്ഷയുൾപ്പെടെ വാഹനങ്ങൾ തകർത്തിരുന്നു. ജനങ്ങളാകെ പരിഭ്രാന്തിയിലാകുകയും ചെയ്തു. തുടർന്നാണ് ആനയെ മയക്കുവെടിവെക്കാൻ തമിഴ്നാട് വനംവകുപ്പ് ഉത്തരവിട്ടത്. അരിക്കൊമ്പൻ ഇനിയും ജനവാസ മേഖലയിൽ ഇറങ്ങി നാശം വിതക്കുമെന്ന് കണ്ടാണ് തമിഴ്നാട് വനംവകുപ്പിന്റെ നീക്കം.

ഇടുക്കി ചിന്നക്കനാൽ മേഖലയിൽ വ്യാപക നാശനഷ്ടമുണ്ടാക്കുകയും നിരവധി പേരെ കൊലപ്പെടുത്തുകയും ചെയ്ത അരിക്കൊമ്പനെ ഏപ്രിൽ 29നാണ് മയക്കുവെടി വെച്ച് പിടികൂടിയത്. തുടർന്ന് ജി.പി.എസ് കോളർ ഘടിപ്പിച്ച് പെരിയാർ കടുവാ സങ്കേതത്തിൽ തുറന്നുവിടുകയായിരുന്നു. എന്നാൽ, ഇവിടെ നിന്ന് സംസ്ഥാനാതിർത്തി കടന്ന ആന തമിഴ്നാട്ടിലെ മേഘമലയിലെത്തി. ഇവിടെ ജനവാസ കേന്ദ്രത്തിലിറങ്ങി ഭീതിപരത്തിയ ശേഷമാണ് വീണ്ടും സഞ്ചരിച്ച് കേരള-തമിഴ്നാട് അതിർത്തി മേഖലയായ കമ്പത്തെത്തിയത്.

Tags:    
News Summary - mission arikkomban updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.