വനത്തിൽ ചുറ്റിക്കറങ്ങി അരിക്കൊമ്പൻ; പുറത്തിറങ്ങിയാൽ മയക്കുവെടി, ഉൾവനത്തിലേക്ക് തുരത്താനും ശ്രമം

കമ്പം: തമിഴ്നാട് വനംവകുപ്പിന്‍റെ ദൗത്യസംഘത്തിന് പിടികൊടുക്കാതെ വനത്തിനുള്ളിൽ ചുറ്റിക്കറങ്ങി അരിക്കൊമ്പൻ. റേഡിയോ കോളറിൽ നിന്നുള്ള സിഗ്നൽ പ്രകാരം ആന ഷണ്മുഖനദി ഡാമിന് സമീപത്തെ വനത്തിൽ തുടരുകയാണ്. ആനയെ വനംവകുപ്പ് സംഘം നേരിട്ട് കണ്ടു. ഡാമിൽ വെള്ളം കുടിക്കാനെത്തിയ ആനയെ നാട്ടുകാരും കണ്ടതായി പറയുന്നുണ്ട്.

മേഘമല കടുവാ സങ്കേതത്തിന്‍റെ ഭാഗത്തേക്കാണ് അരിക്കൊമ്പൻ സഞ്ചരിക്കുന്നത്. അതേസമയം ദൗത്യത്തിനായി വനംവകുപ്പ് പ്രത്യേക ആദിവാസി സംഘത്തെ കമ്പത്ത് എത്തിച്ചു. മുതുമല ആന സംരക്ഷണ കേന്ദ്രത്തിലെ അഞ്ചംഗ ആദിവാസി സംഘമാണ് എത്തിയത്. ആനയെ ഉൾവനത്തിലേക്ക് തുരത്താൻ വേണ്ടിയുള്ള ശ്രമവും നടത്തും. ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങിയാൽ മയക്കു വെടിവെക്കാനുള്ള സംഘവും കുങ്കിയാനകളും സജ്ജമാണ്.

അതേസമയം, അരിക്കൊമ്പന് സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി ഹൈകോടതി ഇന്ന് പരിഗണിക്കും. ട്വന്‍റി-20 ചീഫ് കോർഡിനേറ്റർ സാബു എം. ജേക്കബാണ് ഹരജി നൽകിയത്. അരിക്കൊമ്പന് തുമ്പിക്കൈക്ക് പരിക്കേറ്റിട്ടുണ്ടെന്നും ചികിത്സ ഉറപ്പാക്കണമെന്നുമാണ് ഹരജിയിലെ പ്രധാന ആവശ്യം. തമിഴ്നാട് സർക്കാരിനെ എതിർകക്ഷിയാക്കിയാണ് ഹരജി. ജസ്റ്റിസ് അലക്സാണ്ടർ തോമസ്, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹരജി പരിഗണിക്കുക. 

Tags:    
News Summary - Mission arikkomban updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.