അരിക്കൊമ്പൻ ദൗത്യം അഞ്ചാം ദിവസത്തിലേക്ക്; നിരീക്ഷണം തുടരുന്നു

കമ്പം: കമ്പത്തെ വിറപ്പിച്ച അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടാനുള്ള തമിഴ്നാട് വനംവകുപ്പിന്‍റെ ശ്രമം അഞ്ചാം ദിവസവും തുടരുന്നു. റേഡിയോ കോളറിൽ നിന്നുള്ള സിഗ്നൽ പ്രകാരം ആന ഷൺമുഖനദി ഡാമിനോടു ചേർന്നുള്ള വനമേഖലയിലാണുള്ളത്. രണ്ട് ദിവസമായി ഈ മേഖലയിൽ തുടരുകയാണ്.

തേനിയിൽ നിന്ന് 160 വനംവകുപ്പ് ഉദ്യോഗസ്ഥരും കോയമ്പത്തൂർ, ഹൊസൂർ മേഖലകളിൽ നിന്നുള്ള 31 വനംവകുപ്പ് ഉദ്യോഗസ്ഥരും മൃഗഡോക്ടർമാരും ഉൾപ്പെടെ 200ഓളം പേരടങ്ങിയ ദൗത്യസംഘമാണ് മേഖലയിൽ തുടരുന്നത്. രണ്ട് ഷിഫ്റ്റുകളായാണ് ആനയെ നിരീക്ഷിക്കുന്നത്. വനത്തിൽ ആനയെ നിരീക്ഷിക്കാൻ പരിശീലനം നേടിയ ആദിവാസി സംഘവും ഇവർക്കൊപ്പമുണ്ട്. കൂടാതെ, സ്വയംഭൂ, മുത്തു, ഉദയൻ എന്നീ മൂന്ന് കുങ്കിയാനകളും കമ്പത്ത് തുടരുകയാണ്.

ആന ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങിയാൽ മയക്കു വെടിവെക്കാനാണ് വനംവകുപ്പിന്‍റെ തീരുമാനം. വനത്തിൽ നിന്ന് പുറത്തുകടക്കുന്നില്ലെങ്കിൽ ഉൾവനത്തിലേക്ക് തുരത്താൻ വേണ്ടിയുള്ള ശ്രമവും നടത്തും. ആനയുടെ തുമ്പിക്കൈയിൽ മുറിവേറ്റിട്ടുണ്ടെന്നാണ് നിഗമനം. കഴിഞ്ഞ ദിവസങ്ങളിൽ ആന സഞ്ചരിക്കുന്ന ദൂരവും കുറഞ്ഞിട്ടുണ്ട്. 

മേയ് 27ന് കമ്പം ടൗണിലിറങ്ങിയ അരിക്കൊമ്പൻ നാശനഷ്ടങ്ങളുണ്ടാക്കുകയും ജനങ്ങൾ പരിഭ്രാന്തരാകുകയും ചെയ്തതോടെയാണ് ആനയെ മയക്കുവെടിവെച്ച് പിടികൂടാൻ വനംവകുപ്പ് തീരുമാനിച്ചത്. എന്നാൽ, ഇതിന് പിന്നാലെ ആന വനമേഖലയിലേക്ക് കയറുകയായിരുന്നു. ഏപ്രിൽ 29ന് ഇടുക്കി ചിന്നക്കനാൽ മേഖലയിൽ നിന്ന് മയക്കുവെടി വെച്ച് പിടികൂടി പെരിയാർ കടുവസംരക്ഷണ മേഖലയിൽ തുറന്നുവിട്ട ആനയാണ് പിന്നീട് തമിഴ്നാട്ടിലെ ജനവാസ മേഖലകളിലേക്ക് കടന്നത്. 

അതിനിടെ, അരിക്കൊമ്പന് ചികിത്സ നൽകണമെന്നും തമിഴ്നാട് പിടികൂടിയാലും അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്നും ആവശ്യപ്പെട്ട് ഹരജി സമർപ്പിച്ച ട്വന്റി-20 ചീഫ് കോഓഡിനേറ്റർ സാബു എം. ജേക്കബിന് ഇന്നലെ ഹൈകോടതിയുടെ രൂക്ഷ വിമർശനമേറ്റു. സാബുവിന്‍റേത് തെറ്റായ വാദങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഹരജിയുടെ സത്യസന്ധതയിൽ സംശയമുണ്ടെന്നും വിമർശിച്ചു.

ആന നിലവിൽ തമിഴ്നാട്ടിലാണുള്ളത്. അവിടെ ആനയെ എന്തെങ്കിലും തരത്തിൽ ഉപദ്രവിച്ചതായി തെളിവില്ല. ആനയെ പിടികൂടി സംരക്ഷിക്കാനാണ് തീരുമാനം. ആനയെ പിടികൂടിയാൽ കേരളത്തിലേക്ക് കൊണ്ടുവരണമെന്ന് എന്ത് അടിസ്ഥാനത്തിലാണ് പറയുന്നതെന്ന് ചോദിച്ച കോടതി ഹരജി തള്ളി. 

Tags:    
News Summary - mission arikkomban updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.