ഗുവാഹത്തി: ബംഗ്ലാദേശ് വംശജരായ മുസ്ലീം കുടിയേറ്റക്കാർക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയ്‌ക്കെതിരെ അസം പൊലീസ് കേസെടുത്തു. രാജ്യസഭാ എം.പി അജിത് ഭൂയാന്റെ പരാതിയിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. അസമിലെ ദിസ്പൂർ പൊലീസ് സ്റ്റേഷനിലാണ് അജിത് ഭൂയാൻ പരാതി നൽകിയത്.
മതത്തിന്റെയും വംശത്തിന്റെയും അടിസ്ഥാനത്തിൽ വ്യത്യസ്ത വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുക എന്നതാണ് ഉദ്ദേശ്യമെന്ന് പ്രസ്താവനയെ സൂക്ഷ്മമായി പരിശോധിച്ചാൽ വ്യക്തമാകുമെന്ന് പരാതിയിൽ പറയുന്നു. ഇത്തരം പ്രസ്താവനകൾ സംസ്ഥാനത്തെ വിവിധ സമുദായങ്ങൾക്കിടയിൽ വിഭജനം സൃഷ്ടിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്ന് അസം പൊലീസും വ്യക്തമാക്കി.
പച്ചക്കറിവില കുതിച്ചുയരാൻ കാരണം മിയ മുസ്ലിംകളാണെന്നായിരുന്നു ഹിമാന്ത ബിശ്വശർമയുടെ വിവാദ പരാമർശം. ബംഗാളിൽനിന്ന് കുടിയേറിയ മിയ മുസ്ലിം സമുദായത്തിലെ കച്ചവടക്കാർ ഫ്ലൈഓവറുകൾക്ക് താഴെ നടത്തുന്ന കടകൾ ഒഴിപ്പിക്കുമെന്നും മുഖ്യമന്ത്രി ഭീഷണിപ്പെടുത്തിയിരുന്നു. അസം ജനതയിൽനിന്ന് അവർ കൂടിയ വില വാങ്ങുകയാണെന്നും നാട്ടുകാരായ കച്ചവടക്കാർക്ക് ഒരിക്കലും ഇത്ര വിലയ്ക്ക് വിൽക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇവരെ ഒഴിപ്പിച്ചാൽ അസമിലെ യുവതലമുറക്ക് തൊഴിലവസരമൊരുങ്ങുമെന്നും ഹിമന്ത പറയുന്നു.
സമുദായങ്ങൾക്കിടയിൽ വിദ്വേഷം പ്രചരിപ്പിക്കാനാണ് മുഖ്യമന്ത്രി ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്നതെന്ന് രാജ്യസഭാ എം.പി അജിത് ഭൂയാൻ കുറ്റപ്പെടുത്തി.
അതേസമയം, മുസ്‌ലിംകൾക്കെതിരായ വംശീയാധിക്ഷേപത്തിൽ അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വശർമയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് സുപ്രിംകോടതിക്ക് കത്തെഴുതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.