മിസോറമിൽ നവംബർ ഏഴിന് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാന രാഷ്ട്രീയത്തിലെ വനിത പ്രാതിനിധ്യത്തെ കുറിച്ചാണ് പ്രധാന ചർച്ച. 40 അംഗ നിയമസഭയിൽ നിലവിൽ വനിത പ്രാതിനിധ്യം പൂജ്യമാണ്. മിസോറം സംസ്ഥാനം രൂപീകരിച്ച ശേഷം നാലു വനിതകൾ മാത്രമാണ് എം.എൽ.എമാരായത്. ഒരാൾ മന്ത്രിയുമായി. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ 15 വനിതകൾ മത്സരിക്കുന്നുണ്ട്. ഈ പോരാട്ടത്തിൽ വിജയിക്കുന്ന വനിതകൾ മിസോറമിന്‍റെ രാഷ്ട്രീയ ചരിത്രത്തിന്‍റെ ഭാഗമാകും എന്നതാണ് പ്രത്യേകത.
1978ൽ രണ്ടാം നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ച എൽ. തൻമാവിയാണ് മിസോറമിന് ആദ്യ വനിത എം.എൽ.എ. മിസോറം പീപ്പിൾസ് കോൺഫറൻസ് ടിക്കറ്റിൽ സെർചിപ്പ് മണ്ഡലത്തിൽ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. 34 വയസായിരുന്ന തൻമാവി, 119 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ എതിരാളികളായ നാല് പുരുഷ സ്ഥാനാർഥികളെ പരാജയപ്പെടുത്തി.
1992ൽ ദേശീയ കുടുംബാരോഗ്യ സർവേ ആരംഭിച്ചത് പ്രകാരം സ്ത്രീ അനുപാതം പുരുഷന്മാരേക്കാൾ കൂടുതലാണെന്ന് നാഗലാൻഡിൽ നിന്നുള്ള ആദ്യ വനിത രാജ്യസഭാംഗം എസ് ഫാങ്നോൺ കൊന്യാക് ചൂണ്ടിക്കാട്ടുന്നു. സർവേ പ്രകാരം 1000 പുരുഷന്മാർക്ക് 1020 സ്ത്രീകളാണുള്ളത്.
16 വനിത സ്ഥാനാർഥികളാണ് ഇത്തവണ ആദ്യം മത്സരരംഗത്ത് ഉണ്ടായിരുന്നത്. ഇതിൽ ഒരു വനിത സ്ഥാനാർഥിയെ ബി.ജെ.പി മാറ്റിയതോടെ എണ്ണം 15 ആയി കുറഞ്ഞു.
ഐസ്വാൾ-II സീറ്റിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുന്ന വൻലാലവ്‌പുയി ചാങ്‌തു മുൻ എം.എൽ.എ ആണ്. ലുങ്‌ലെയ് സൗത്തിൽ മത്സരിക്കുന്ന മെറിയം ഹ്രാങ്ചൽ ആണ് കോൺഗ്രസിന്‍റെ രണ്ട് വനിത സ്ഥാനാർഥി.
2014ലെ ഉപ തെരഞ്ഞെടുപ്പിൽ ഹ്രാങ്‌തുർസോ സീറ്റിൽ വിജയിച്ച ചാങ്തു, 1987ലെ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്തെ ആദ്യ വനിത എം.എൽ.എയായി. തുടർന്ന് കോൺഗ്രസ് മന്ത്രിസഭയിൽ അംഗമായ ചാങ്തു സെറികൾച്ചർ, ഫിഷറീസ്, സഹകരണ വകുപ്പുകളുടെ മന്ത്രിയായി.
ബി.ജെ.പിക്ക് മൂന്നും മിസോ നാഷണൽ ഫ്രണ്ടും (എം.എൻ.എഫ്), സോറാം പീപ്പിൾസ് മൂവ്‌മെന്റും (ഇസഡ്.പി.എം) രണ്ട് വീതം വനിതകളെ മത്സരിപ്പിക്കുന്നുണ്ട്. മിസോകൾ അല്ലാത്തവരെ വിവാഹം കഴിച്ച വനിതകൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് സോറാം പീപ്പിൾസ് മൂവ്‌മെന്റ് എതിർക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് ഫലം ഡിസംബർ മൂന്നിന് പ്രഖ്യാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.