ജനം പാഠം പഠിപ്പിക്കുമെന്ന് എം.കെ സ്റ്റാലിൻ; മന്ത്രി സെന്തിൽ ബാലാജിയുടെ അറസ്റ്റിൽ രൂക്ഷവിമർശനം

ചെന്നൈ: മന്ത്രി സെന്തിൽ ബാലാജിയെ ഇ.ഡി അറസ്റ്റ് ചെയ്ത നടപടിയെ രൂക്ഷമായി വിമർശിച്ചും കേന്ദ്രത്തിലെ ബി.ജെ.പി സർക്കാറിന് മുന്നറിയിപ്പ് നൽകിയും ഡി.എം.കെ അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിൻ. 2024ലെ തെരഞ്ഞെടുപ്പിൽ ജനങ്ങൾ പാഠം പഠിപ്പിക്കുമെന്ന് സ്റ്റാലിൻ ട്വീറ്റ് ചെയ്തു.

ബി.ജെ.പിയുടെ ഭീഷണിയെ ഭയപ്പെടുന്നില്ലെന്നും നേരിടുമെന്നും സ്റ്റാലിൻ വ്യക്തമാക്കി. നിയമത്തിന്‍റെ പരിരക്ഷ നൽകാതെ അന്വേഷണ ഉദ്യോഗസ്ഥർ പ്രവർത്തിക്കേണ്ട ആവശ്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

അന്വേഷണത്തോട് പൂർണമായി സഹകരിക്കുമെന്ന് മന്ത്രി സെന്തിൽ ബാലാജി വ്യക്തമാക്കിയിരുന്നു. ഇതിന് ശേഷവും നെഞ്ചുവേദന വരുന്ന തരത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ പീഡിപ്പിക്കുന്നതിന്‍റെ ഉദ്ദേശം എന്താണെന്നും സ്റ്റാലിൻ ചോദ്യം ഉന്നയിച്ചു.

അറസ്റ്റിന് പിന്നാലെ നെഞ്ചുവേദനയെ തുടർന്ന് ബാലാജിയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മന്ത്രി തളർന്നു വീഴുകയായിരുന്നു. ഡി.എം.കെ നേതാക്കളും പ്രവർത്തകരും ആശുപത്രിയിലെത്തിയെങ്കിലും ബാലാജിയെ കാണാൻ ആരെയും അനുവദിച്ചില്ല.

ഇതിന് പിന്നാലെ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ഓമണ്ടുരാർ ആശുപത്രിയിൽ നേരിട്ടെത്തി ബാലാജിയെ കണ്ട് വിവരങ്ങൾ ആരാഞ്ഞു. അതേസമയം, ബാലാജിയുടെ ഹൃദയത്തിൽ മൂന്നു ബ്ലോക്കുകളുണ്ടെന്നും അടിയന്തര ശസ്ത്രക്രിയ നടത്തണമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

2011-15 കാലയളവിൽ ജയലളിത സർക്കാരിൽ ഗതാഗത മന്ത്രിയായിരുന്നപ്പോൾ മെട്രോ ട്രാൻസ്​പോർട്ട് കോർപറേഷൻ നിയമനങ്ങൾക്ക് കോഴ വാങ്ങിയെന്ന കേസിലാണ് ബാലാജിയെ ഇ.ഡി അറസ്റ്റ് ചെയ്തത്. 17 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ഇന്ന് പുലർച്ചെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്നലെ രാവിലെ മന്ത്രിയുടെ ഔദ്യോഗിക വസതിയിലും സെക്ര​ട്ടേറിയറ്റിലെ ഓഫിസിലും സഹോദരന്റെ വീട്ടിലും അടക്കം 12 കേന്ദ്രങ്ങളിൽ ഇ.ഡി റെയ്ഡ് നടത്തിയിരുന്നു.

Tags:    
News Summary - MK Stalin react to Senthil Balaji arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.