ലഖ്നോ: 2016ലെ ഉന ദലിത് പീഡനത്തെ ഓർമിപ്പിച്ച് ഉത്തർപ്രദേശിലെ ബറൗലി ഖലീലാബാദ് ഗ്രാമത്തിൽ പിന്നാക്ക വിഭാഗക്കാരോട് ക്രൂരത. കൈകൾ കൂട്ടിക്കെട്ടി, കഴുത്തിൽ ചെരിപ്പുമാല അണിയിച്ച്, നിർബന്ധിച്ച് മുടിമുറിച്ച്, തെരുവിലൂടെ അടിച്ചും തൊഴിച്ചും നടത്തിയായിരുന്നു മൂന്നുപേർക്കെതിരെ ഗ്രാമീണരുടെ അഴിഞ്ഞാട്ടം.
ഈ മാസം നാലിനാണ് സംഭവം. ബ്രാഹ്മണെൻറ വീട്ടിൽനിന്ന് ഫാൻ മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് മൂന്നുപേരെ വീട്ടുകാർ പിടികൂടിയത്. ഇതിൽ രണ്ടുപേർ പിന്നാക്ക ജാതിയിൽപെട്ടവരും ഒരാൾ മറ്റ് പിന്നാക്ക വിഭാഗക്കാരനുമാണ്. ഇവരെ പിടികൂടിയ ഉടൻ ഗ്രാമീണർ സംഘടിച്ച് മർദിക്കാൻ തുടങ്ങി. കൂടുതൽ അപമാനിക്കുന്നതിനായി മുടിമുറിച്ചു. തുടർന്നാണ് ചെരിപ്പ് മാലയണിയിച്ച് ഗ്രാമത്തിലൂടെ നടത്തിയതെന്ന് പി.ജി.ഐ പൊലീസ് സ്റ്റേഷൻ ഇൻചാർജ് കെ.കെ. മിശ്ര പറഞ്ഞു.
ഇരു കൂട്ടർക്കുമെതിരെ കേസെടുത്തിട്ടുണ്ട്. ഈ സംഭവത്തിനു പിന്നാലെ ആറാം തീയതി അംറോഹ ജില്ലയിൽ ദലിത് യുവാവ് വെടിയേറ്റ് മരിച്ചിരുന്നു. ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് സംബന്ധിച്ച തർക്കമാണ് കൊലയിൽ കലാശിച്ചത്.
ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് ഖലീലബാദ് പീഡനദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവെച്ചു. ഗുജറാത്തിലെ ഉനയിൽ പശുസംരക്ഷണത്തിെൻറ പേരിൽ ദലിത് കുടുംബത്തിലെ ഏഴുപേർക്കെതിരെ നടന്ന കൊടിയ പീഡനം രാജ്യവ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.