ഇംഫാൽ: വംശീയകലാപം തുടരുന്ന മണിപ്പൂരിൽ മൊബൈൽ ഇന്റർനെറ്റ് സേവനം ഘട്ടംഘട്ടമായി പുനരാരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കാൻ ഹൈകോടതി സംസ്ഥാന സർക്കാറിനോടാവശ്യപ്പെട്ടു. അനുവദനീയമായ ഉപകരണങ്ങൾ എന്തൊക്കെയെന്ന് നിശ്ചയിച്ച് (വൈറ്റ്ലിസ്റ്റ്) ക്രമാനുഗതമായി സർവിസ് പുനരാരംഭിക്കണമെന്നാണ് നിർദേശം.
ഹൈകോടതിയുടെ മുൻ ഉത്തരവുപ്രകാരം പരീക്ഷണാർഥം സംവിധാനം നടപ്പാക്കിയപ്പോൾ വൈറ്റ്ലിസ്റ്റ് ചെയ്യാത്ത നമ്പറുകളിലേക്ക് വിവരച്ചോർച്ച ഉണ്ടായില്ലെന്ന് മണിപ്പൂർ സർക്കാർ അറിയിച്ചപ്പോഴാണ് കോടതി ഈ നിർദേശം നൽകിയത്.ഇന്റർനെറ്റ് ലീസ് ലൈൻ (ഐ.എൽ.എൽ), ഫൈബർ ടു ദി ഹോം (എഫ്.ടി.ടി.എച്ച്) കണക്ഷനുകൾ ഘട്ടംഘട്ടമായി നിയന്ത്രണങ്ങളോടെ പുനരാരംഭിക്കണമെന്ന മുൻ ഉത്തരവ് നടപ്പാക്കാൻ സർക്കാർ നടപടി സ്വീകരിച്ചതായി കോടതി ചൂണ്ടിക്കാട്ടി. ഉത്തരവ് നടപ്പാക്കിയതുസംബന്ധിച്ച റിപ്പോർട്ട് ആഗസ്റ്റ് 31ന് സമർപ്പിക്കാനും കോടതി നിർദേശം നൽകി.
മെയ്തേയി-കുക്കി വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ച മേയ് മൂന്നിനുശേഷം 85 ദിവസത്തോളം നീണ്ട സമ്പൂർണ ഇന്റർനെറ്റ് നിയന്ത്രണത്തിന് ജൂലൈ 25 മുതലാണ് ചെറിയതോതിൽ ഇളവ് അനുവദിച്ചുതുടങ്ങിയത്. എല്ലാ സമൂഹമാധ്യമ ആപ്പുകളും വെർച്വൽ പ്രൈവറ്റ് നെറ്റ്വർക് (വി.പി.എൻ) സേവനങ്ങളും നീക്കംചെയ്യണം, ഓരോ ഉപകരണത്തിലും ലോഗിൻ ഐഡിയും പാസ്വേഡും എല്ലാ ദിവസവും മാറ്റണം, ഓരോ ഉപയോക്താവിൽനിന്നും സാക്ഷ്യപത്രം വാങ്ങുന്നതിനുള്ള ഉത്തരവാദിത്തം ഇന്റർനെറ്റ് സേവനദാതാക്കൾ ഏറ്റെടുക്കണം തുടങ്ങിയ കർശന വ്യവസ്ഥകളോടെയാണ് ഇന്റർനെറ്റ് സേവനം പുനരാരംഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.