മോദിയും രാജീവ് ഗാന്ധിയെ പോലെ മിസ്റ്റർ ക്ലീൻ - അജിത് പവാർ

മുംബൈ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കുണ്ടായിരുന്ന 'മിസ്റ്റർ ക്ലീൻ' പരിവേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ളതെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ. പൂനെ സന്ദർശനത്തിനിടെ വഴിയിൽ കരിങ്കൊടി വീശിയല്ല മറിച്ച് ഇരുകയ്യും നീട്ടിയാണ് ജനങ്ങൾ മോദിയെ സ്വാഗതം ചെയ്തതെന്നും പവാർ പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയായിരുന്നു എൻ.സി.പിയിൽ നിന്നും രാജിവെച്ച് ബി.ജെ.പി-ശിവസേന സഖ്യസർക്കാരിന്‍റെ ഭാഗമായ പവാറിന്‍റെ പരാമർശം.

"ഞാനും ദേവേന്ദ്രജിയും (ദേവേന്ദ്ര ഫഡ്നാവിസ്) മോദിയുടെ വാഹനവ്യൂഹത്തോടൊപ്പമുണ്ടായിരുന്നു. റോഡിന് ഇരുവശവും തടിച്ചുകൂടിയ ജനങ്ങൾ പൂക്കൾ വിതറി പ്രധാനമന്ത്രിയെ വരവേൽക്കുന്നതാണ് ഞങ്ങൾ കണ്ടത്. വഴിയിലെങ്ങും ഒരാൾ പോലും കരിങ്കൊടി വീശിയിട്ടില്ല" - അജിത് പവാർ പറഞ്ഞു. എൻ.സി.പി പ്രവർത്തകർ മോദി പങ്കെടുക്കുന്ന പരിപാടിയുടെ സ്റ്റേജിന് മുന്നിലെത്തി പ്രതിഷേധിക്കുകയും കരിങ്കൊടി കാണിക്കുകയും ചെയ്തതായും അദ്ദേഹം കൂട്ടിച്ചേർത്തു. ക്രമസമാധാനത്തിന്‍റെ വീക്ഷണത്തിൽ നിന്ന് നോക്കുമ്പോൾ എല്ലാ പ്രധാനമന്ത്രിമാരും ചിന്തിക്കുന്നത് രാജ്യത്ത് സമാധാനപരമായ അന്തരീക്ഷമുണ്ടാകണമെന്നായിരിക്കും. മണിപ്പൂരിൽ നടക്കുന്ന സംഭവങ്ങളെ ആരും അനുകൂലിക്കുന്നില്ല പ്രധാനമന്ത്രിയും ചീഫ് ജസ്റ്റിസും വിഷയത്തിൽ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മോദി പ്രതിദിനം 18 മണിക്കൂറാണ് പ്രവർത്തിക്കുന്നത്. മെയ് 3ന് മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തിലെ പ്രതികൾക്കെതിരെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ശക്തമായ നടപടി സ്വീകരിച്ചിരിക്കും. ദീപാവലി നമ്മൾ വീട്ടിൽ ആഘോഷിക്കുമ്പോൾ പ്രധാനമന്ത്രി ആഘോഷിക്കുന്നത് അതിർത്തിയിലുള്ള ജവാന്മാർക്കൊപ്പമാണ്. മോദിജിയെ പോലെ രാജ്യത്ത് പ്രശസ്തിയുള്ള മറ്റാരുമില്ല. സമ്പദ്ഘടനയുടെ കാര്യത്തിൽ മോദി നടത്തിയ പ്രവർത്തനങ്ങൾ വിവരണാതീതമാണ്. പണ്ട് ഇന്ദിരാഗാന്ധിക്ക് വിദേശരാജ്യത്ത് ഉജ്ജ്വലമായ സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്. രാജീവ് ഗാന്ധിക്ക് മിസ്റ്റർ ക്ലീൻ പരിവേഷം ഉണ്ടായിരുന്നു. ഇന്ന് അതെല്ലാം മോദിയിലേക്കെത്തിയെന്നും പവാർ കൂട്ടിച്ചേർത്തു.

അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പുനെ സന്ദർശനത്തിന് മുന്നോടിയായി വഴിയോരങ്ങളിൽ ഗോ ബാക്ക് മോദി പോസ്റ്ററുകൾ സ്ഥാപിക്കപ്പെട്ടതായി വാർത്തകൾ പുറത്തുവന്നിരുന്നു. 'ഗോ ബാക്ക് ക്രൈം മിനിസ്റ്റർ മോദി' എന്ന് എഴുതിയ പോസ്റ്ററുകൾ ആയിരുന്നു പ്രത്യക്ഷപ്പെട്ടത്. മോദിയോട് മണിപ്പൂരിലേക്ക് പോകാനും പാർലമെന്‍റിനെ അഭിമുഖീകരിക്കാനും പോസ്റ്ററിൽ കുറിച്ചിരുന്നു.

Tags:    
News Summary - Modi celebrated as Mr. Clean like Rajiv Gandhi says Ajit Pawar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.