കലിയബോർ: അസം ജനതയെയും കോൺഗ്രസ് പ്രവർത്തകരെയും ആവേശത്തിലാഴ്ത്തിയും കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരെ രൂക്ഷ വിമർശനം ഉയർത്തിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ പര്യടനം തുടരുന്നു. പ്രത്യയശാസ്ത്രത്തിന് വേണ്ടിയുള്ള നമ്മുടെ പോരാട്ടമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ അടക്കം ആരെയും ഭയപ്പെടുന്നില്ലെന്നും കലിയബോറിൽ വൈകിട്ട് നടന്ന പൊതുയോഗത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു.
ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതിക്കാരനായ മുഖ്യമന്ത്രിയുടെ പേരെന്താണ്?, ഇതിനുള്ള ഉത്തരം എല്ലാവർക്കും അറിയാം. അസമിലെ കുട്ടികൾ, മുതിർന്നവർ, അമ്മമാർ, സഹോദരിമാർ, യുവാക്കൾ ആരോടെങ്കിലും ചോദിക്കൂ. ഹിമന്ത ബിശ്വ ശർമ്മ എന്ന് എല്ലാവരും ഉത്തരം നൽകും -രാഹുൽ പറഞ്ഞു.
അസമിലെ യുവാക്കൾക്ക് ഇന്ന് തൊഴിൽ ലഭിക്കുന്നില്ല. യുവാക്കൾ സ്വകാര്യ കോളജുകളിലും സർവകലാശാലകളിലും ലക്ഷക്കണക്കിന് രൂപ കൊടുത്ത് പഠിക്കുന്നുണ്ടെങ്കിലും അവർക്ക് സംസ്ഥാനത്ത് ജോലി ലഭിക്കുന്നില്ല. നരേന്ദ്ര മോദിയും ഹിമന്ത ബിശ്വ ശർമ്മയും ഇതിന് ഉത്തരം പറയണം.
രാജ്യത്തെ ഒന്നര ലക്ഷം യുവാക്കൾ വർഷങ്ങളോളം കഠിനാധ്വാനം ചെയ്യുകയും എല്ലാ പരീക്ഷകളിലും വിജയിക്കുകയും ചെയ്തു. യുവാക്കളെ സൈന്യത്തിൽ എടുക്കുമെന്ന് പറഞ്ഞു. എന്നാൽ, മൂന്നു വർഷത്തിന് ശേഷം അവരെ സൈന്യത്തിൽ എടുക്കാൻ മോദി സർക്കാർ തയാറായില്ല. രാജ്യത്തെ കർഷകരും വർഷം മുഴുവൻ കഠിനാധ്വാനം ചെയ്ത് വിളവെടുക്കുമ്പോൾ സർക്കാർ മതിയായ വില നൽകുന്നില്ല.
ഇന്ന് യാത്രക്കിടെ ബി.ജെ.പി പ്രവർത്തകർ കൊടിയുമായി ബസിന് മുന്നിലെത്തി. താൻ ബസിൽ നിന്നിറങ്ങിയതോടെ അവർ ഓടിപ്പോയി. യാത്രയുടെ പോസ്റ്ററുകൾ എത്ര കീറിയാലും തങ്ങളത് കാര്യമാക്കുന്നില്ലെന്നും രാഹുൽ വ്യക്തമാക്കി.
രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെയും സ്വാതന്ത്ര്യ സമരസേനാനി സ്വാഹിദ് കനക് ലതയുടെയും മുകുന്ദ് കകതിയുടെയും പ്രതിമകളിൽ ആദരം അർപ്പിച്ചാണ് ഇന്ന് രാവിലെ രാഹുൽ പര്യടനം തുടങ്ങിയത്.
ജനുവരി 25 വരെയാണ് രാഹുലും സംഘവും അസമിൽ പര്യടനം തുടരുക. 17 ജില്ലകളിലൂടെ കടന്നു പോകുന്ന യാത്ര അസമിൽ 833 കിലോമീറ്റർ സഞ്ചരിക്കും. അസം പര്യടനം പൂർത്തിയാക്കുന്ന ന്യായ് യാത്ര തുടർന്ന് മേഘാലയയിലേക്ക് കടക്കും.
തൊഴിലില്ലായ്മയും വിലക്കയറ്റവും സാമൂഹ്യ നീതിയും വിഷയങ്ങളാക്കി ജനുവരി 14ന് മണിപ്പൂരിലെ തൗബാൽ ജില്ലയിൽ നിന്നും യാത്ര തുടങ്ങിയത്. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ ഭാരത് ജോഡോ യാത്രയുടെ വൻ വിജയത്തിന് പിന്നാലെ രാഹുല്‍ ഗാന്ധി കിഴക്കു നിന്ന് പടിഞ്ഞാറേക്ക് നടത്തുന്ന യാത്രയാണിത്.
67 ദിവസത്തിനുള്ളിൽ 6,713 കിലോമീറ്റർ ദൂരം വാഹനത്തിലും കാൽനടയായും രാഹുൽ സഞ്ചരിക്കും. 15 സംസ്ഥാനങ്ങളിലായി 110 ജില്ലകളിലൂടെ യാത്ര കടന്നു പോകും. മാർച്ച് 20ന് മുംബൈയിൽ അവസാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.