ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം കേട്ട് വയറുനിറക്കാനാവില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. കർണാടകയിലെ വിജയപുരയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അവർ. രണ്ട് വർഷത്തിനിടെ ആദ്യമായാണ് സോണിയ തെരഞ്ഞടുപ്പ് റാലിയിൽ പങ്കെടുക്കുന്നത്.
മോദിയുടെ അസഹിഷ്ണുതയും നയങ്ങളും ജനങ്ങളെ ദരിദ്രരാക്കി മാറ്റി. 'അച്ചേ ദിൻ' എന്ന വാഗ്ദാനം നിറവേറ്റാൻ മോദിക്കായില്ല. വരൾച്ച നേരിട്ട എല്ലാ സംസ്ഥാനങ്ങളേയും കേന്ദ്രം സഹായിച്ചപ്പോൾ കർണാടകക്ക് കിട്ടിയത് തുച്ഛമായ വിഹിതം മാത്രമായിരുന്നു. മുറിവിൽ ഉപ്പ് തേക്കുന്ന അനുഭവമാണ് ഇത് കർഷകർക്കുണ്ടാക്കിയത്. 'സബ്കാ സാത്, സബ്കാ വികാസ്' എന്ന് മോദിജി പറയുന്നതിന് അർഥം ഇതാണോ? സോണിയ ചോദിച്ചു.
കോൺഗ്രസ് വിമുക്ത ഭാരതമെന്ന സ്വപ്നത്തിലാണ് മോദി കഴിയുന്നത്. കോൺഗ്രസിനെ ഒഴിവാക്കിയാൽ പിന്നെ തനിക്ക് മുന്നിൽ വരുന്ന ഒരു മനുഷ്യനെ പോലും സഹിക്കാൻ കഴിയാത്ത അവസ്ഥയിലായിപ്പോകും അദ്ദേഹം. ഇത്തരം പ്രസംഗങ്ങൾ കൊണ്ട് ജനങ്ങളുടെ വിശപ്പ് മാറ്റാനോ വയറുനിറക്കാനോ അദ്ദേഹത്തിന് കഴിഞ്ഞിരുന്നുവെങ്കിൽ തനിക്ക് സന്തോഷമുണ്ടാകുമായിരുന്നുവെന്നും സോണിയ പറഞ്ഞു.
രാജ്യത്ത് കോൺഗ്രസ് ഭരണം നിലനിൽക്കുന്ന നാല് സംസ്ഥാനങ്ങളിലൊന്നാണ് കർണാടക. അധികാരം നിലനിർത്താനായി മുതിർന്ന നേതാക്കളെയാണ് ഇവിടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് കോൺഗ്രസ് രംഗത്ത് ഇറക്കിയത്. 2019ലെ തെരഞ്ഞെടുപ്പിൽ മോദി ജയിക്കില്ലെന്ന ഉറപ്പോടെയാണ് രാഹുൽ ഗാന്ധി പ്രചരണം നയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.