ന്യൂഡൽഹി: രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് വർധിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ കേന്ദ്ര സർക്കാറിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രംഗത്ത്. യുവാക്കളെ ‘തൊഴിൽ രഹിതരായി നിലനിർത്തുക’ എന്നതാണ് മോദി സർക്കാറിന്‍റെ ഏക ദൗത്യമെന്ന് ഖാർഗെ പരിഹസിച്ചു. സ്വതന്ത്ര ഏജൻസികളുടെ റിപ്പോർട്ടുകൾ തള്ളിക്കളയുന്ന കേന്ദ്രത്തിന് പക്ഷേ സർക്കാർ കണക്കുകൾ നിഷേധിക്കാനാവില്ലെന്നും എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ഖാർഗെ പറയുന്നു.
“കഴിഞ്ഞ പത്ത് വർഷമായി രാജ്യത്തെ കോടിക്കണക്കിന് യുവാക്കളുടെ സ്വപ്നം തകർക്കുന്നതിന്‍റെ ഏക ഉത്തരവാദി മോദി സർക്കാറാണ്. നാഷനൽ സാമ്പിൽ സർവേ ഓഫിസിന്‍റെ വാർഷിക റിപ്പോർട്ട് പ്രകാരം 2015 മുതൽ 2023 വരെയുള്ള ഏഴ് വർഷത്തിനിടെ 54 ലക്ഷം തൊഴിലവസരങ്ങൾ ഇല്ലാതായി. നഗര മേഖലയിൽ തൊഴിലില്ലായ്മ നിരക്ക് 6.7 ശതമാനമായി. ഇ.പി.എഫ്.ഒ ഡേറ്റ പ്രകാരം 2023ൽ 10 ശതമാനം തൊഴിലുകൾ കുറഞ്ഞു. ലഖ്നോ ഐ.ഐ.എമ്മിന്‍റെ റിപ്പോർട്ട് പ്രകാരം വിദ്യാസമ്പന്നർക്കിടയിൽ തൊഴിലില്ലായ്മ രൂക്ഷമാകുന്നതായും വനിതാ പ്രാതിനിധ്യം കുറയുന്നതായും വ്യക്തമാണ്.
പ്രതിഛായക്ക് വെള്ളപൂശാനുള്ള ശ്രമത്തിന്‍റെ ഭാഗമായി സ്വതന്ത്ര ഏജൻസികളുടെ റിപ്പോർട്ട് മോദി സർക്കാർ നിഷേധിക്കുകയാണ്. സെന്‍റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമിയുടെ റിപ്പോർട്ട് പ്രകാരം 9.2 ആണ് രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക്. സ്ത്രീകൾക്കിടയിൽ ഇത് 18.5 ശതമാനമാണ്. അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ (ഐ.എൽ.ഒ) റിപ്പോർട്ട് പ്രകാരം രാജ്യത്ത് തൊഴിലില്ലായ്മ അനുഭവിക്കുന്നവരിൽ 83 ശതമാനവും യുവാക്കളാണ്. 2012 മുതൽ ‘19 വരെ ഏഴ് കോടി യുവാക്കൾ തൊഴിൽ അന്വേഷകരായി വന്നെങ്കിലും, ലഭ്യമായ അവസരങ്ങളുടെ എണ്ണത്തിൽ ഒരു പുരോഗതിയും ഉണ്ടായില്ലെന്ന് ഇന്ത്യ എംപ്ലോയ്മെന്‍റ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
അസിം പ്രേംജി സർവകലാശാലയുടെ റിപ്പോർട്ട് പ്രകാരം, ബിരുദധാരികളായ 25 വയസ്സുവരെ പ്രായമുള്ളവരിൽ 42.3 ശതമാനം പേരും തൊഴിൽ രഹിതരാണ്. സിറ്റി ഗ്രൂപ്പിന്‍റെ കണക്ക് പ്രകാരം ഇന്ത്യയിൽ വർഷം 1.2 കോടി പുതിയ തൊഴിൽ അവസരം സൃഷ്ടിക്കപ്പെടണം. 7 ശതമാനം ജി.ഡി.പി വളർച്ച പോലും യുവാക്കളുടെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തില്ല, മോദി സർക്കാരിനു കീഴിൽ 5.8 ശതമാനമാണ് ശരാശരി ജി.ഡി.പി വളർച്ച. സർക്കാർ ജോലിയോ സ്വകാര്യ ജോലിയോ സ്വയം തൊഴിലോ എന്തുതന്നെ ആയാലും യുവാക്കളെ തൊഴിൽ രഹിതരായി നിലനിർത്തുക എന്നതാണ് മോദി സർക്കാറിന്‍റെ ഏക ദൗത്യം” -ഖാർഗെ എക്സിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.