ഭോപാൽ: മധ്യപ്രദേശിലെ മുൻ കോൺഗ്രസ് സർക്കാർ സംസ്ഥാനത്തെ അഴിമതിയിലൂടെ ഇല്ലാതാക്കിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോൺഗ്രസ് കാഴ്ചവെച്ച മോശം ഭരണം കാരണം സാധാരണക്കാരായ ജനങ്ങൾ ദുരിതത്തിലായിരുന്നുവെന്നും മോദി പാവപ്പെട്ടവർക്ക് ഇപ്പോൾ മിശിഹയാണെന്നും അദ്ദേഹം പറഞ്ഞു. മധ്യപ്രദേശിൽ തെരഞ്ഞെടുപ്പ് കാമ്പയിൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു ഷായുടെ പരാമർശം.
കേന്ദ്രത്തിലും സംസ്ഥാനത്തും അധികാരമുള്ള ബി.ജെ.പിയുടെ ഇരട്ട എഞ്ചിൻ സർക്കാർ മധ്യപ്രദേശിനെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2023ലെ തെരഞ്ഞെടുപ്പിൽ ഇതുവരെയുണ്ടായ എല്ലാ റെക്കോഡുകളും തിരുത്തിയാകണം സംസ്ഥാനത്തെ ബി.ജെ.പിയുടെ വിജയമെന്ന് ഉറപ്പാക്കാനും അദ്ദേഹം പ്രവർത്തകരോട് ആവശ്യപ്പെട്ടിരുന്നു. 2024ലെ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ എല്ലാ ലോക്സഭാ സീറ്റുകളിലും പാർട്ടി വിജയിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"പുൽവാമയിലും, ഉറിയിലും ഭീകരാക്രമണം നടന്ന് 15 ദിവസങ്ങൾക്കുള്ളിൽ തന്നെ അക്രമികൾക്കുള്ള മറുപടി സൈന്യം നൽകിയിരുന്നു. ഇത് സാധിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തിന് കീഴിൽ മാത്രമാണ്. കോൺഗ്രസ് ഭരണകാലത്ത് എല്ലാ ദിവസവും ഏതെങ്കിലും ആലിയയോ മിലിയയോ ജാമാലിയയോ പാകിസ്താനിൽ നിന്ന് വരും, വെടിവെക്കും, ബോംബിടും തിരികെപോകും എന്നത് മാത്രമാണ് നടന്നിരുന്നത്. ഇതുതന്നെയാണ് യു.പി.എ - എൻ.ഡി.എ സർക്കാരുകൾ തമ്മിലുള്ള വ്യത്യാസം" - ഷാ പറഞ്ഞു.
ജമ്മുകശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ 370-ാം അനുച്ഛേദം റദ്ദാക്കിയ മോദി സർക്കാർ നടപടിയെ പ്രശംസിച്ച ഷാ, കോൺഗ്രസ് 370-ാം അനുച്ഛേദത്തെ മടിയിലിരിക്കുന്ന കുഞ്ഞിനെ പോലെയാണ് പരിപാലിച്ചതെന്നും കൂട്ടിച്ചേർത്തു. രാമക്ഷേത്ര നിർമാണം വൈകാൻ കാരണം കോൺഗ്രസാണ്. രാജ്യത്തെ പാവപ്പെട്ടവരുടെ പട്ടിണിയകറ്റാൻ കോൺഗ്രസ് ഒന്നും ചെയ്തിട്ടില്ല. എന്നാൽ ബി.ജെ.പി ചെയ്ത പ്രവർത്തനങ്ങൾ കൊണ്ട് മോദി ഇന്ന് പാവപ്പട്ടവരുടെ മിശിഹായാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.