ന്യൂഡൽഹി: ലഖിംപുർ കർഷക കൊലക്കേസിലെ മുഖ്യപ്രതി ആശിഷ് മിശ്രയുടെ പിതാവായ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം തുടരുന്ന പാർലമെൻറിെൻറ ഇരുസഭകളിലും ഹാജരാകാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി.
അതിനിടെ, അർധസേനയുടെ സ്ഥാപകദിന ചടങ്ങിൽ അജയ് മിശ്രയെ അവസാന മണിക്കൂറിൽ മുഖ്യാതിഥി സ്ഥാനത്തുനിന്ന് മാറ്റി. പാർലമെൻറ് സമ്മേളനം വ്യാഴാഴ്ച അവസാനിക്കുകയാണ്. എന്നിട്ടും പ്രധാനമന്ത്രി സഭാതലത്തിൽ ഇനിയും എത്താത്തതിനെ പ്രതിപക്ഷം ചോദ്യംചെയ്തു.
കോൺഗ്രസ് എം.പിമാരായ മണിക്കം ടാഗോർ, വിജയ് വസന്ത് എന്നിവർ പാർലമെൻറ് മന്ദിരത്തിൽ പ്ലക്കാഡ് ഉയർത്തി പ്രതിഷേധിച്ചു. നവംബർ 29ന് ശേഷം ഒറ്റദിവസംപോലും മോദി സഭാതലത്തിൽ ഹാജരായിട്ടില്ലെന്ന് അവർ പ്ലക്കാഡിൽ ചൂണ്ടിക്കാട്ടി.
പ്രതിപക്ഷം രാജിക്ക് മുറവിളി കൂട്ടുന്നതിനാൽ ആഭ്യന്തര സഹമന്ത്രി അജയ് ശർമയും സഭയിലേക്ക് എത്തുന്നില്ല. അതിനിടെയാണ് തിങ്കളാഴ്ച നടന്ന സശസ്ത്ര സീമാബൽ (എസ്.എസ്.ബി) സ്ഥാപകദിന ചടങ്ങിലെ മുഖ്യാതിഥി സ്ഥാനത്തുനിന്ന് അജയ് മിശ്രയുടെ പേര് അവസാന മണിക്കൂറിൽ ഒഴിവാക്കിയത്. പകരം മറ്റൊരു ആഭ്യന്തര സഹമന്ത്രിയായ നിസിത് പ്രമാണിക് മുഖ്യാതിഥിയായി.
ഇതിന് കാരണം വിശദീകരിച്ചിട്ടില്ല. ലഖിംപുരിൽ കൊല്ലപ്പെട്ട ഒരു കർഷകെൻറ മകനായ നച്ചതർ സിങ് സശസ്ത്ര സീമാബൽ സേനാംഗമാണ്. നേപ്പാൾ, ഭൂട്ടാൻ അതിർത്തിയുടെ കാവൽ സശസ്ത്ര സീമാബലിനാണ്. എസ്.എസ്.ബിയുടെ വാർഷിക പരേഡിൽ ഇക്കുറി മാധ്യമങ്ങൾക്ക് പ്രവേശനം ഉണ്ടായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.