ന്യൂഡൽഹി: അടിയന്തരാവസ്ഥയെ ഓർമിപ്പിച്ചും കോൺഗ്രസിനെ വിമർശിച്ചും സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടതിന് പിന്നാലെ നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് ബി.ജെ.പി നേതാവും മുന്‍ രാജ്യസഭ എം.പിയുമായ സുബ്രഹ്മണ്യന് സ്വാമി.
അടിയന്തരാവസ്ഥക്കെതിരായ പോരാട്ടത്തിൽ മോദിക്ക് ഒരു പങ്കുമില്ലെന്നും വെറുതെ ക്രെഡിറ്റെടുക്കുന്ന ദുശ്ശീലമുണ്ടെന്നും സ്വാമി ‘എക്സി’ല്‍ കുറിച്ചു. അടിയന്തരാവസ്ഥയിൽ ഗുജറാത്തിലെ ആർ.എസ്.എസ് പ്രചാരകനായിരുന്നു മോദിയെന്നും സ്വാമി പറഞ്ഞു. കഴിഞ്ഞദിവസം രാജ്യത്ത് തൊഴിലില്ലായ്മ പെരുകുന്നതിൽ മോദിയെ വിമർശിച്ച് സ്വാമി രംഗത്തെത്തിയിരുന്നു.
അടിയന്തരാവസ്ഥ വാർഷികത്തില്‍ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് മോദി രംഗത്തുവന്നിരുന്നു. ഇതിനെ പരാമര്‍ശിച്ചായിരുന്നു സ്വാമിയുടെ ട്വീറ്റ്. എല്ലാ ഭാരതീയരും ബഹുമാനിക്കുന്ന ഇന്ത്യൻ ഭരണഘടനയെ എപ്രകാരമാണ് അട്ടിമറിച്ച് ജനങ്ങളുടെ സ്വാതന്ത്ര്യം കോൺഗ്രസ് നിഷേധിച്ചതെന്ന് അടിയന്തരാവസ്ഥയുടെ ഓരോ കറുത്ത ദിനങ്ങളും നമ്മെ ഓർമപ്പെടുത്തുന്നുവെന്നായിരുന്നു മോദിയുടെ ‘എക്സി’ലെ കുറിപ്പ്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചവരാണ് ഇപ്പോൾ ഭരണഘടനയോടുള്ള കപടസ്നേഹം പുറത്തുകാണിക്കുന്നത്. എന്നാൽ, ഇത്തരക്കാർക്ക് ഭരണഘടനയോടുള്ള സ്നേഹം പ്രകടിപ്പിക്കാനുള്ള അവകാശമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
മാധ്യമ സ്വാതന്ത്ര്യം ഇല്ലാതാക്കാനും നശിപ്പിക്കാൻ ശ്രമിച്ചതും കോൺഗ്രസ് തന്നെയാണ്. ഇന്ത്യയിലെ ജനങ്ങൾക്ക് കോൺഗ്രസിന്റെ കപടമുഖങ്ങൾ മനസ്സിലായിരിക്കുന്നു. അതുകൊണ്ടാണ് ജനം വീണ്ടും കോൺഗ്രസിനെ തള്ളിക്കളഞ്ഞതെന്നും മോദി കുറിപ്പിൽ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് സുബ്രഹ്മണ്യൻ സ്വാമി രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.