ന്യൂഡൽഹി: തെരഞ്ഞെടുപ്പ് ഫലം വന്ന് രണ്ടുദിവസം കഴിയുമ്പോൾ മൂന്നാം മോദി സർക്കാർ രൂപവത്കരണം വകുപ്പു വിഭജന തർക്കത്തിൽ. ബി.ജെ.പിക്ക് ഒറ്റക്ക് കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ ഘടകകക്ഷികളായ നിതീഷ് കുമാറിന്റെ ജനതാദൾ യുനൈറ്റഡും ചന്ദ്രബാബു നായിഡുവിന്റെ തെലുഗു ദേശം പാർട്ടിയും പ്രധാന വകുപ്പുകൾക്ക് സമ്മർദം ചെലുത്തിത്തുടങ്ങിയതോടെയാണ് മന്ത്രിസഭ രൂപവത്കരണം നീളുന്നത്. ബിഹാർ, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങൾക്ക് പ്രത്യേക പദവി വേണമെന്ന വാദമുയർത്തുന്ന ഘടകകക്ഷികൾ മോദിയുടെ ഹിന്ദുത്വ അജണ്ടക്ക് ഉടക്കിട്ട് എൻ.ഡി.എക്ക് പൊതുമിനിമം പരിപാടി വേണമെന്ന ആവശ്യവും ശക്തമായി ഉന്നയിക്കുന്നുണ്ട്.
അതേസമയം, സ്പീക്കർ പദവിയോ പ്രധാന വകുപ്പുകളോ ഇത്തവണയും ഘടകകക്ഷികൾക്ക് വിട്ടുകൊടുക്കേണ്ടെന്ന നിലപാടിലാണ് ന്യൂഡൽഹിയിൽ ചേർന്ന ബി.ജെ.പി ഉന്നതതല യോഗം എത്തിച്ചേർന്നത്. സമാന്തരമായി ഡൽഹിയിൽ നിതീഷ് കുമാറും വിജയവാഡയിൽ ചന്ദ്രബാബു നായിഡുവും പാർട്ടി എം.പിമാരുടെ യോഗം വിളിച്ച് ആവശ്യങ്ങൾ ചർച്ച ചെയ്തു. 2014ലും 2019ലും സ്വന്തം നിലക്ക് ഭൂരിപക്ഷമുണ്ടായിരുന്നതിനാൽ പ്രധാനപ്പെട്ട വകുപ്പുകളൊന്നും ഘടകകക്ഷികൾക്ക് കൊടുത്തിരുന്നില്ല.
മന്ത്രിസഭ ചർച്ച പൂർത്തിയാകാത്ത സാഹചര്യത്തിൽ ശനിയാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന സത്യപ്രതിജ്ഞ ഞായറാഴ്ചത്തേക്ക് മാറ്റി. ഞായറാഴ്ച വൈകീട്ട് രാഷ്ട്രപതി ഭവനിൽ നടക്കുന്ന സത്യപ്രതിജഞ ചടങ്ങിൽ ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയും ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രംസിംഗെയും പങ്കെടുക്കും.
കേവല ഭൂരിപക്ഷമില്ലാത്ത ദൗർബല്യം മനസ്സിലാക്കി വിലപേശുന്ന ഘടകകക്ഷികളെ നേരിടാനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കാനാണ് ബി.ജെ.പി അധ്യക്ഷൻ ജെ.പി. നഡ്ഡയുടെ വസതിയിൽ കേന്ദ്രമന്ത്രിമാരായ അമിത് ഷായും രാജ്നാഥ് സിങ്ങും യോഗം ചേർന്നത്. ആറ് മണിക്കൂറോളം നീണ്ട യോഗത്തിൽ ധനം, പ്രതിരോധം, ആഭ്യന്തരം, വിദേശം എന്നീ മന്ത്രാലയങ്ങൾ ഘടകകക്ഷികൾക്ക് കൊടുക്കില്ലെന്നാണ് തീരുമാനം. സുപ്രധാന മന്ത്രാലയങ്ങൾക്കുള്ള മന്ത്രിസഭ സമിതികളിലും ഘടകകക്ഷികളെ അംഗങ്ങളാക്കില്ല. തെലുഗുദേശം പാർട്ടി ആവശ്യപ്പെട്ട സ്പീക്കർ പദവിയും കൊടുക്കില്ല. ഗ്രാമവികസനം, പഞ്ചായത്തീ രാജ്, വ്യോമയാനം, ശാസ്ത്ര സാങ്കേതികം എന്നീ മന്ത്രാലയങ്ങൾ വിട്ടുകൊടുക്കാൻ ഒരുക്കമാണ്.
സ്പീക്കർ പദവിക്ക് പുറമെ തെലുഗുദേശം ധനം, ഐ.ടി, ഷിപ്പിങ്, വാണിജ്യ, ഗതാഗത വകുപ്പുകളാണ് ചോദിക്കുന്നത്. ജനതാദൾ-യു നാല് എം.പിമാർക്ക് ഒരു മന്ത്രി എന്ന തോതിൽ മൂന്ന് കാബിനറ്റ് മന്ത്രിമാരെ വേണമെന്നാണ് ആവശ്യപ്പെടുന്നത്. കൃഷി മന്ത്രാലയത്തിന് ഇരു ജനതാദളുകളും ആർ.എൽ.ഡിയും അവകാശവാദമുന്നയിച്ചിട്ടുണ്ട്. സുപ്രധാന വകുപ്പ് വേണമെന്ന് എൽ.ജെ.പി നേതാവ് ചിരാഗ് പാസ്വാനും രണ്ട് എം.പിമാരുള്ള രാഷ്ട്രീയ ലോക്ദളും ഒരു എം.പി മാത്രമുള്ള ഹിന്ദുസ്ഥാനി അവാം മോർച്ചയും ആവശ്യപ്പെട്ടിട്ടുണ്ട്. 16 എം.പിമാരുള്ള തെലുഗുദേശവും 12 പേരുള്ള ജനതാദൾ-യുവും ഏഴ് പേരുള്ള ശിവസേന-ഷിൻഡെ വിഭാഗവും അഞ്ച് പേരുള്ള ചിരാഗ് പാസ്വാന്റെ എൽ.ജെ.പിയുമാണ് ബി.ജെ.പിയുടെ പ്രധാന ഘടകകക്ഷികൾ.
എൻ.ഡി.എ പാർലമെന്ററി പാർട്ടി യോഗം വെള്ളിയാഴ്ച പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടക്കാനിരിക്കേയാണ് സഖ്യകക്ഷികളുടെ വിലപേശൽ ചർച്ച ചെയ്യാൻ ബി.ജെ.പി ഉന്നതയോഗം ചേർന്നത്. അതിന് മുമ്പെ ചന്ദ്രബാബു നായിഡു എം.പിമാരുമായി ചർച്ച നടത്തി.
അതേസമയത്ത് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഡൽഹിയിൽ പാർട്ടി എം.പിമാരെയും വിളിച്ചുകൂട്ടി. വെള്ളിയാഴ്ച 11 മണിക്ക് ബി.ജെ.പി പാർലമെന്ററി പാർട്ടി യോഗം നടക്കും. യോഗത്തിൽ നരേന്ദ്ര മോദിയെ പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുക്കും. കോൺഗ്രസ് പ്രവർത്തക സമിതിയും വെള്ളിയാഴ്ച നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.