ചെന്നൈ: തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കപ്പൽ മുങ്ങുകയാണെന്ന് മനസിലായപ്പോഴാണ് ഇത്രയും കാലം മരവിപ്പിച്ചു നിർത്തിയ പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തിൽ കൊണ്ടുവന്നതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. രാഷ്ട്രീയ ലാഭത്തിന് വേണ്ടി മതവികാരം ചൂഷണം ചെയ്യുകയാണ്. ഇന്ത്യയിലെ ജനങ്ങൾ ബി.ജെ.പിക്ക് മാപ്പ് നൽകില്ലെന്നും സ്റ്റാലിൻ പറഞ്ഞു.
കേന്ദ്ര സർക്കാറിന്‍റെ ധ്രുവീകരണ അജണ്ട പൗരത്വ നിയമത്തെ ആയുധമാക്കി മാറ്റിയിരിക്കുകയാണ്. ഭേദഗതി നിയമം നടപ്പാക്കുന്നതിലൂടെ പൗരത്വത്തെ മനുഷ്യത്വത്തിന്‍റെ അടയാളത്തിന് പകരം വിവേചനത്തിനുള്ള ഉപാധിയാക്കി മാറ്റി. മുസ്ലിംകളെയും ശ്രീലങ്കൻ തമിഴരെയും വഞ്ചിക്കുന്നതിലൂടെ ഭിന്നിപ്പിന്‍റെ വിത്താണ് പാകിയിരിക്കുന്നത്.
ജനങ്ങളിൽ നിന്നുള്ള തിരിച്ചടി ഭയന്ന് ഇത്രയും കാലം പൗരത്വ നിയമത്തെ മരവിപ്പിച്ച് നിർത്തിയിരിക്കുകയായിരുന്നു. ഡി.എം.കെ അധികാരത്തിൽ വന്ന ശേഷം 2021ൽ തമിഴ്നാട് നിയമസഭ സി.എ.എ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസ്സാക്കിയിരുന്നു.
ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഈ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്ന ബി.ജെ.പിയോട് ഇന്ത്യ ഒരിക്കലും ക്ഷമിക്കില്ല. അവരെ ലജ്ജയില്ലാതെ പിന്തുണച്ച എ.ഐ.എ.ഡി.എം.കെയോടും. ജനങ്ങൾ ഇവർക്ക് തക്കതായ മറുപടി നൽകുക തന്നെ ചെയ്യും -സ്റ്റാലിൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.