ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രത്തിനൊപ്പം സെല്‍ഫിയെടുക്കാനായി റെയില്‍വേ സ്റ്റേഷനുകളില്‍ സ്ഥാപിച്ച ‘മോദി സെല്‍ഫി പോയന്റ് നിർമാണ ചെലവ് പുറത്തുവന്നതിനുപിന്നാലെ വിവരാവകാശ നിയമപ്രകാരം (ആർ.ടി.ഐ) മറുപടി നൽകുന്നതിന് വ്യവസ്ഥ കടുപ്പിച്ച് റെയിൽവേ.
സെൽഫി പോയന്റ് സ്ഥാപിക്കുന്നതിനുള്ള തുക എത്രയെന്ന് പുറത്തുവിട്ട മധ്യ റെയില്‍വേ ചീഫ് പബ്ലിക്ക് റിലേഷന്‍ ഓഫിസർ (സി.പി.ആർ.ഒ) ശിവരാജ് മനസ്പുരയെ കഴിഞ്ഞയാഴ്ച റെയിൽവേ സ്ഥലംമാറ്റിയിരുന്നു. ഇതിനുപിന്നാലെയാണ് ആർ.ടി.ഐ വ്യവസ്ഥകൂടി റെയിൽവേ കടുപ്പിക്കുന്നത്.
ആർ.ടി.ഐ അപേക്ഷയിൽ മറുപടി നൽകുമ്പോൾ സോണൽ, ഡിവിഷൻ മാനേജർമാരുടെ അനുമതി ലഭിക്കണമെന്നാണ് ഉദ്യോഗസ്ഥരെ റെയിൽവേ അറിയിച്ചിരിക്കുന്നത്.
അമരാവതി സ്വദേശി നൽകിയ ആർ.ടി.ഐ അപേക്ഷയിലാണ്, സ്റ്റേഷനുകളിൽ സ്ഥാപിച്ച താൽക്കാലിക സെൽഫി സ്പോട്ട് 1.25 ലക്ഷം രൂപ ചെലവിൽ 30 എണ്ണവും 6.25 ലക്ഷം രൂപ ചെലവിൽ 20 സ്ഥിരം സെൽഫി പോയന്ററുകളും സ്ഥാപിച്ചെന്നുള്ള വിവരം പുറത്തുവന്നത്. ഇതിനുപിന്നാലെ, ആർ.ടി.ഐ പ്രകാരം മറുപടി നൽകിയ ശിവരാജിനെ ഡിസംബർ 29ന് സ്ഥലംമാറ്റുകയായിരുന്നു.
സീനിയര്‍ ഡിവിഷനല്‍ കൊമേഴ്സ്യല്‍ മാനേജറായിരിക്കെ വരുമാനം വര്‍ധിപ്പിക്കാനുള്ള പരിശ്രമങ്ങള്‍, ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെ പിടിക്കാന്‍ നടത്തിയ ശ്രമങ്ങള്‍, മോഷണങ്ങള്‍ തടയാന്‍ നടത്തിയ ശ്രമങ്ങള്‍ എന്നിവ പരിഗണിച്ച് രണ്ടാഴ്ച മുമ്പ് റെയിൽവേ മന്ത്രിയിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങിയ ഉദ്യോഗസ്ഥനാണ് ശിവരാജ്.
നടപടിക്കുപിന്നാലെ മോദിയെ പരിഹസിച്ച് രാഹുൽ ഗാന്ധി രംഗത്തുവന്നിരുന്നു. സത്യത്തിന് രാജാവ് ശിക്ഷയായി പ്രതിഫലം നൽകുന്നുവെന്ന് രാഹുൽ ‘എക്സി’ൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.