പുൽവാമ ഭീകരാക്രമണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ കുറ്റപ്പെടുത്തി സത്യപാൽ മാലിക്; ‘മറച്ചുവെക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടു’

ന്യൂഡൽഹി: നാലുവർഷം മുമ്പ് നടന്ന പുൽവാമയിലെ ഭീകരാക്രമണം സംബന്ധിച്ച മുൻ ജമ്മു-കശ്മീർ ഗവർണർ സത്യപാൽ മലിക്കിന്റെ നിർണായക വെളിപ്പെടുത്തലിൽ പ്രതിരോധത്തിലായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര സർക്കാറും. പുൽവാമയിൽ 40 സി.ആർ.പി.എഫ് ജവാന്മാർ കൊല്ലപ്പെട്ടത് സുരക്ഷ വീഴ്ച കാരണമാണെന്ന് പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ഇക്കാര്യം പുറത്തുമിണ്ടരുത് എന്നായിരുന്നു നിർദേശമെന്ന് ‘ദ വയറി’ന് വേണ്ടി കരൺ ഥാപറിന് നൽകിയ അഭിമുഖത്തിൽ മലിക് വെളിപ്പെടുത്തി.

സുരക്ഷ പാളിച്ചയെക്കുറിച്ച് ദേശീയ സുരക്ഷ ഉപദേശകൻ അജിത് ഡോവലും ഉപദേശിച്ചതായും മുൻ ബി.ജെ.പി നേതാവായ മലിക് പറഞ്ഞു. ‘സംഭവം നടന്ന ദിവസം വൈകീട്ട് ഉത്തരാഖണ്ഡിലെ കോർബറ്റ് ദേശീയോദ്യാനത്തിൽ ഫോട്ടോ ഷൂട്ടിലായിരുന്ന മോദിയുമായി ഞാൻ സംസാരിച്ചിരുന്നു. നമ്മുടെ തെറ്റാണ് ഭീകരാക്രമണത്തിന് കാരണമായതെന്നും ജവാന്മാരെ വിമാനത്തിൽ കൊണ്ടുപോയിരുന്നെങ്കിൽ ആക്രമണം ഒഴിവാക്കാമായിരുന്നെന്നും മോദിയോട് ഫോണിൽ പറഞ്ഞു.

ഇക്കാര്യം ഇപ്പോൾ മിണ്ടരുതെന്നായിരുന്നു മോദിയുടെ നിർദേശം. മിണ്ടാതിരിക്കണമെന്ന് തന്റെ സഹപാഠി കൂടിയായിരുന്ന അജിത് ഡോവലും പറഞ്ഞു. കുറ്റം മുഴുവൻ പാകിസ്‍താനെതിരെയാകുമെന്ന് മനസ്സിലാക്കിയ ഞാൻ നിശ്ശബ്ദത പാലിച്ചു -സത്യപാൽ മലിക് വെളിപ്പെടുത്തി. ആയിരത്തോളം ജവാന്മാരെ റോഡിലൂടെ വാഹനവ്യൂഹത്തിൽ കൊണ്ടുപോകുന്നതിന് പകരം സി.ആർ.പി.എഫ് അധികൃതർ വിമാനം ആവശ്യപ്പെട്ടിട്ടും കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആവശ്യം തള്ളിയെന്നും മലിക് പറയുന്നു.

അഞ്ചു വിമാനങ്ങളാണ് ആവശ്യപ്പെട്ടത്. തന്നോട് ആവശ്യപ്പെട്ടിരുന്നെങ്കിൽ സൗകര്യമൊരുക്കിക്കൊടുക്കുമായിരുന്നെന്നും മലിക് അഭിപ്രായപ്പെട്ടു. ആഭ്യന്തരമന്ത്രാലയവും സി.ആർ.പി.എഫും പുൽവാമ സംഭവത്തിൽ തികഞ്ഞ അശ്രദ്ധ കാണിച്ചെന്നും മലിക് ആരോപിച്ചു. സി.ആർ.പി.എഫ് വാഹനവ്യൂഹത്തിൽ ഇടിച്ചുകയറ്റാനായി പാകിസ്താനിൽനിന്നെത്തിയ കാർ 300 കിലോ ആർ.ഡി.എക്സുമായി 15 ദിവസത്തോളം ആരും തിരിച്ചറിയാതെ കശ്മീരിൽ കറങ്ങിയത് സുരക്ഷാവീഴ്ചയുടെ പ്രധാന ഉദാഹരണമായി മുൻ ഗവർണർ ചൂണ്ടിക്കാട്ടി.

പുൽവാമ ആക്രമണം 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് സഹായകമായെന്നും മലിക് പറഞ്ഞു. പുൽവാമ ഭീകരാക്രമണത്തിന്റെ മുഴുവൻ സത്യങ്ങളും പുറത്തുവരാൻ സർക്കാറിന് താൽപര്യമില്ലായിരുന്നു. യഥാർഥ കാരണമന്വേഷിക്കാതെ മറ്റാരേയോ കുറ്റപ്പെടുത്തി രാഷ്ട്രീയനേട്ടമുണ്ടാക്കാനായിരുന്നു ശ്രമം. 2017ൽ ബിഹാറിൽ ഗവർണറായി ചുമതലയേറ്റ സത്യപാൽ മലിക് പിന്നീട് ജമ്മു-കശ്മീരിലും ഗോവയിലും മേഘാലയയിലും പദവിയിലുണ്ടായിരുന്നു.

Tags:    
News Summary - Modi Silenced Me on Lapses Leading to Pulwama- Ex governer Satyapal Malik

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.