ന്യൂഡൽഹി: രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ രാജ്യസഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് പ്രതിപക്ഷ സഭാനേതാവ് മല്ലികാർജുൻ ഖാർഗെ.
തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ മോദി നടത്തിയ വിദ്വേഷ പരാമർശങ്ങളും കോൺഗ്രസ് പ്രകടന പത്രികയിലെ ഇല്ലാത്ത കാര്യങ്ങൾ ഉന്നയിച്ചത് ചൂണ്ടിക്കാട്ടിയുമായിരുന്നു ഖാർഗെയുടെ മറുപടി.
നീറ്റ്, മണിപ്പൂർ, അഗ്നിവീർ, ദലിത്-ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അതിക്രങ്ങളുമുയർത്തി ഖാർഗെ ആഞ്ഞടിച്ചു. പ്രതിപക്ഷ നേതാവ് സംസാരിക്കുന്നതിനിടെ, രാജ്യസഭ ചെയർമാൻ ജഗദീപ് ധൻഖർ ഇടക്കിടെ ഇടപെട്ടതോടെ ഇരുവരും കൊമ്പുകോർത്തു. തെരഞ്ഞെടുപ്പിൽ നുണ മാത്രമാണ് മോദി പ്രചരിപ്പിച്ചത്. ഇതുപോലെ ഒരു പ്രധാനമന്ത്രിയും സസാരിച്ചിട്ടില്ല. വിദ്വേഷ പ്രസംഗത്തിലൂടെ രാജ്യത്തെ ഭിന്നിപ്പിക്കാൻ ശ്രമിച്ചു. േക്ഷത്രം, മുസ്ലിം, പാകിസ്താൻ, ന്യൂനപക്ഷം എന്നീ വിഷയങ്ങൾ 421 തവണയാണ് മോദി തെരഞ്ഞെടുപ്പിൽ പറഞ്ഞത്.
തെരഞ്ഞെടുപ്പ കമീഷന് നൂറിലധികം തവണ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. തൊഴിലില്ലായ്മ, വിലക്കയറ്റം, മണിപ്പൂർ, കർഷക വിഷയങ്ങൾ എന്നിവ പ്രതിപക്ഷം സംസാരിച്ചപ്പോൾ മംഗൾസൂത്ര, മുജ്റ, സമ്പത്ത് തട്ടിയെടുക്കൽ എന്നിവയെക്കുറിച്ചാണ് മോദി പ്രസംഗിച്ചത്. മോദി രാജ്യത്ത് ഭിന്നിപ്പുണ്ടാക്കുന്നെന്നും വിദ്വേഷം പരത്തുന്നെന്നും വാഷിങ്ടൺ പോസ്റ്റ് അടക്കമുള്ള വിദേശ പത്രങ്ങൾ നൽകിയ തലക്കെട്ട് ഖാർഗെ സഭയിൽ വായിച്ചു. ആരോപണമുന്നയിക്കുമ്പോൾ ആധികാരികത വേണമെന്ന് ധൻഖർ ആവശ്യപ്പെട്ടപ്പോൾ പത്രവാർത്തകളുടെ ചിത്രം ഖാർഗെ കാണിച്ചു. എന്നാൽ, പത്രം ആധികാരികമല്ല എന്നായിരുന്നു രാജ്യസഭ ചെയർമാന്റെ മറുപടി.
രാജ്യത്തെ ഭാവിയാണ് മോദി സർക്കാർ ഇല്ലാതാക്കുന്നതെന്ന് ഖാർഗെ പറഞ്ഞു. നീറ്റ് ചോദ്യ ചോർച്ച ആയിരക്കണക്കിന് ഉദ്യോഗാർഥികളെ ബാധിച്ചു. ഇത് ചർച്ച ചെയ്യാൻ സമയം അനുവദിക്കുന്നില്ല. എല്ലാ ബിരുദങ്ങളും സംശയ നിഴലിലാണ്. രാജ്യത്തെ മുഴുവൻ സ്ഥാപനങ്ങളും ആർ.എസ്.എസ് കൈയടക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, എൻ.സി.ഇ.ആർ.ടി തുടങ്ങി എല്ലാ തലപ്പത്തും അവരുടെ ആളുകളാണെന്നും ഖാർഗെ കുറ്റപ്പെടുത്തി.
ആർ.എസ്.എസിന്റെ പേര് പറഞ്ഞതോടെ, ചെയർമാൻ ഇടപെട്ടു. ആർ.എസ്.എസ് മഹത്വങ്ങൾ വിശദീകരിച്ച ശേഷം ഖാർഗെ പറഞ്ഞത് സഭയുടെ രേഖയിൽ നിന്ന് നീക്കുമെന്നും ചെയർമാൻ വ്യക്തമാക്കി. പാർലമെന്റ് സമുച്ചയത്തിലെ മഹാത്മാഗാന്ധി, അംബേദ്കർ, ശിവാജി തുടങ്ങിയവരുടെ പ്രതിമകൾ അപ്രധാന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു. ഇതിന് കൂടിയാലോചനയുണ്ടായില്ല. ഏകാധിപത്യ ഭരണം പോലെയാണ് ഇത് ചെയ്തതെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി.
എന്നാൽ, പ്രതിമകൾ അലക്ഷ്യമായി മാറ്റിയതല്ലെന്നും ബഹുമാനത്തോടെ മാറ്റി ഉചിതമായ ഇടം നൽകുകയാണ് ചെയ്തതെന്നും പാർലെമന്റ് കാര്യ മന്ത്രി കിരൺ റിജിജു ഖാർഗെയുടെ പ്രസംഗത്തിനിടെ ഇടപെട്ട് വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.