ജയ്പൂർ: വിലക്കയറ്റത്തിനെതിരെ രാജസ്ഥാനിലെ ജയ്പൂരിൽ സംഘടിപ്പിച്ച റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. മോദിയെ ടൂറിസ്റ്റ് പ്രധാനമന്ത്രിയെന്നാണ് പ്രിയങ്ക വിശേഷിപ്പിച്ചത്. 'നമ്മുടെ ടൂറിസ്റ്റ് പ്രധാനമന്ത്രി ലോകം മുഴുവൻ കറങ്ങിനടന്നു. പക്ഷേ നമ്മുടെ കർഷകരെ കാണാൻ പത്തു കിലോമീറ്റർ ദൂരെ പോയില്ല. ഇത്തരമൊരു സർക്കാരാണ് നമുക്കുള്ളത്'-പ്രിയങ്ക കുറ്റപ്പെടുത്തി.
'കർഷകരുടെ ക്ഷേമത്തിനല്ല മറിച്ച് പരസ്യങ്ങൾക്കായാണ് ഉത്തർപ്രദേശിൽ കോടിക്കണക്കിന് രൂപ ചെലവാക്കുന്നത്. ജനങ്ങളുടെ ക്ഷേമമല്ല കേന്ദ്രസർക്കാരിന് വേണ്ടത്. ഏതാനും കോർപറേറ്റുകൾക്ക് വേണ്ടി മാത്രമാണ് സർക്കാർ പ്രവർത്തിക്കുന്നത്'-പ്രിയങ്ക പറഞ്ഞു.
വർഷങ്ങൾകൊണ്ട് കോൺഗ്രസ് സർക്കാർ തുടക്കം കുറിച്ച സ്ഥാപനങ്ങൾ ചില കോർപറേറ്റുകൾക്ക് വേണ്ടി കേന്ദ്ര സർക്കാർ വിറ്റുതുലച്ചെന്നും ഏഴുവർഷത്തിനിടെ മോദി സർക്കാർ എന്താണ് ചെയ്തതെന്നും അവർ ചോദിച്ചു. സത്യം പറയാതെ കേന്ദ്രം തെരഞ്ഞെടുപ്പ് അടുത്തെത്തുേമ്പാൾ മതത്തിന്‍റെ പേര് പറഞ്ഞ് ഭിന്നിപ്പുണ്ടാക്കുകയാണെന്ന് അവർ കൂട്ടിച്ചേർത്തു.
കൂനൂരിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന് മൗനം ആചരിച്ച് കോൺഗ്രസ് നേതാക്കൾ ആദരാഞ്ജലികൾ അർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.