ന്യൂഡൽഹി: മിസോറം നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ചൊവ്വാഴ്ച കഴിഞ്ഞപ്പോൾ അസാന്നിധ്യംകൊണ്ട് ശ്രദ്ധേയനായ നേതാവ് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്ത് പോകാനോ ഒറ്റ വേദിയിലെങ്കിലും പ്രസംഗിക്കാനോ അദ്ദേഹത്തിന് സാധിച്ചില്ല. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലേക്ക് പലവട്ടം പറക്കുമ്പോൾ തന്നെയാണ് മോദിക്ക് മിസോറമിലെ ദുര്യോഗം.
മിസോറം ഭരിക്കുന്ന മിസോ നാഷനൽ ഫ്രണ്ട് ബി.ജെ.പി നയിക്കുന്ന എൻ.ഡി.എയുടെ സഖ്യകക്ഷിയാണ്. പക്ഷേ, മോദി മിസോറമിൽ പ്രചാരണത്തിന് വരേണ്ടെന്നാണ് മുഖ്യമന്ത്രി സോറം തംഗ പറഞ്ഞത്. മോദിയുമായി വേദി പങ്കിടാൻ പറ്റില്ലെന്നും അദ്ദേഹം മുൻകൂട്ടി പറഞ്ഞു. പ്രചാരണം തീരുന്നതിനു മുമ്പ് ഒരു വിഡിയോ സന്ദേശം മിസോറമിലെ വോട്ടർമാർക്കായി ഇറക്കാൻ മാത്രമാണ് മോദിക്ക് സാധിച്ചത്.
മേയ് മൂന്നു മുതൽ തീയാളുന്ന മണിപ്പൂരിലേക്ക് ഒരു വട്ടമെങ്കിലും പോകാത്ത പ്രധാനമന്ത്രിക്ക് അയൽപക്ക സംസ്ഥാനമായ മിസോറമിലേക്ക് പ്രചാരണത്തിന് പോകാൻ കഴിയുമായിരുന്നില്ല. ക്രൈസ്തവ ഭൂരിപക്ഷ സംസ്ഥാനമായ മിസോറമിന്റെ മനസ്സ് ബി.ജെ.പി വിരുദ്ധമായി മാറിക്കഴിഞ്ഞെന്ന വിലയിരുത്തലാണ് പൊതുവെയുള്ളത്.
ബി.ജെ.പിക്ക് കേന്ദ്രത്തിൽ നൽകിവരുന്ന പ്രശ്നാധിഷ്ഠിത പിന്തുണ മാത്രമാണെന്ന് മിസോ നാഷനൽ ഫ്രണ്ട് പറയുമ്പോൾ, ബി.ജെ.പിയുമായി അകലം പാലിച്ചാണ് പ്രമുഖ പ്രാദേശിക പാർട്ടിയായ സോറം പീപ്ൾസ് മൂവ്മെന്റിന്റെ നിൽപ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.