റായ്പുർ: ഛത്തിസ്ഗഢിലെ ബി.ജെ.പി നേതാവ് ഹരീഷ് വർമയുടെ ഉടമസ്ഥതയിലുള്ള രണ്ട് ഗോശാലകളിൽകൂടി നിരവധി പശുക്കളുടെ ജഡങ്ങൾ കണ്ടെത്തി. ദുർഗ് ജില്ലയിലെ രാജ്പുർ ഗ്രാമത്തിലെ ശാഗുൺ ഗോശാലയിൽ കഴിഞ്ഞദിവസം 300ലേറെ പശുക്കൾ ഭക്ഷണവും വെള്ളവും കിട്ടാത്തതുമൂലം ചത്തതായി കണ്ടെത്തിയിരുന്നു. ഇതിനുപുറമെ ഇയാളുടെ ഉടമസ്ഥതയിലുള്ള റാണോ ഗ്രാമത്തിലെ മയൂരി, ഗോഡ്മാരാ ഗ്രാമത്തിലെ ഫൂൽചന്ദ് ഗോശാലകളിലും നിരവധി പശുക്കൾ ചത്തു.
രാജ്പുരിൽനിന്ന് 15 കിലോമീറ്റർ അകലെയുള്ള മയൂരിയിൽ 15 ചത്ത പശുക്കളെ കണ്ടതായി പരിസരവാസികൾ പറഞ്ഞു. ഇവിടെ അവശനിലയിൽ 200ഒാളം പശുക്കളുണ്ട്. വയ്ക്കോലോ വെള്ളമോ പരിസരത്ത് കാണാനില്ല. ഫൂൽചന്ദ് ഗോശാലയിൽ 20 എണ്ണമാണ് ചത്തത്. രണ്ട് ട്രാക്ടറുകളിൽ ചത്ത പശുക്കളെ നിറച്ച നിലയിലായിരുന്നു. അതേസമയം, കഴിഞ്ഞദിവസങ്ങളിൽ 50 പശുക്കളുടെ ജഡം ഇവിടെനിന്ന് കൊണ്ടുപോകുന്നത് കണ്ടതായി ഗ്രാമീണർ പറഞ്ഞു.
സംഭവത്തിൽ അറസ്റ്റിലായ ഹരീഷ് വർമയെ കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോൾ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കറുത്ത പെയിൻറ് ഒഴിച്ചിരുന്നു. ഏറെ ആയാസപ്പെട്ടാണ് പൊലീസും ബി.ജെ.പി പ്രവർത്തകരും ചേർന്ന് അദ്ദേഹത്തെ പ്രതിഷേധക്കാരിൽനിന്ന് മോചിപ്പിച്ചത്. സർക്കാർ സഹായം ലഭിക്കാത്തതാണ് പശുക്കൾ ചാവാൻ കാരണമെന്ന വർമയുടെ വാദം അടിസ്ഥാനരഹിതമാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
2011ൽ ശാഗുൺ ഗോശാല 93 ലക്ഷം രൂപ കൈപ്പറ്റിയിട്ടുണ്ട്. 2014ൽ ഫൂൽചന്ദിന് 50 ലക്ഷവും 2015ൽ മയൂരിക്ക് 22.64 ലക്ഷവും നൽകിയതായി രേഖകളുണ്ട്. എന്നാൽ, ഇൗ തുക യഥാവിധി വിനിയോഗിക്കുന്നില്ലെന്ന് പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്ന് 2016ൽ ഗ്രാൻറ് നൽകുന്നത് നിർത്തി. ഇസ്രായേൽ സന്ദർശനത്തിലുള്ള മൃഗസംരക്ഷണ മന്ത്രി ബ്രിജ്മോഹൻ അഗർവാൾ വിഷയത്തിൽ സെക്രട്ടറിയോട് വിശദീകരണം തേടിയിട്ടുണ്ട്. ബന്ധപ്പെട്ട ജില്ലതല ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. അതേസമയം, വിവാദ ഗോശാലകളിൽ പോയ തങ്ങൾക്ക് സർക്കാർ പിന്തുണ ലഭിക്കാത്തതിനാൽ ജോലി ദുഷ്കരമാണെന്ന് വെറ്ററിനറി ഡോക്ടർമാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.