ന്യൂഡൽഹി: രാഷ്ട്രപതിയെ മറികടന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനം നിർവഹിക്കുന്ന സാഹചര്യത്തിൽ ബഹിഷ്കരണം പ്രഖ്യാപിച്ച് 19 രാഷ്ട്രീയ പാർട്ടികൾ. രാഷ്ട്രപതിക്കു പകരം ഉദ്ഘാടന ചുമതല പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വയം ഏറ്റെടുത്തതിൽ പ്രതിഷേധിച്ചാണ് നടപടി.
കോൺഗ്രസ്, ഡി.എം.കെ, എ.എ.പി, ശിവസേന ഉദ്ദവ് താക്കറെ വിഭാഗം, എസ്.പി, സി.പി.ഐ, ജെ.എം.എം, കേരള കോൺഗ്രസ് മാണി, വി.സി.കെ, ആർ.എൽ.ഡി, തൃണമൂൽ കോൺഗ്രസ്, ജനതാദൾ യു, എൻ.സി.പി, ആർ.ജെ.ഡി, മുസ് ലിം ലീഗ്, നാഷണൽ കോൺഫറൻസ്, ആർ.എസ്.പി, എം.ഡി.എം.കെ എന്നീ പാർട്ടികളാണ് സംയുക്ത പ്രസ്താവനയിലൂടെ ബഹിഷ്കരണം പ്രഖ്യാപിച്ചത്.
രാഷ്ട്രപതിയെ നോക്കുക്കുത്തിയാക്കി ജനാധിപത്യത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപമാനിക്കുകയാണെന്ന് പ്രതിപക്ഷ പാർട്ടികൾ സംയുക്ത പ്രസ്താവനയിൽ കുറ്റപ്പെടുത്തി. ജനാധിപത്യത്തെ പ്രധാനമന്ത്രി ഭീഷണിപ്പെടുത്തുകയാണ്. ഏകാധിപതിയായ പ്രധാനമന്ത്രി തനിക്ക് വേണ്ടി സംഘടിപ്പിക്കുന്ന ഒരു പരിപാടി മാത്രമാണിത്. ജനാധിപത്യത്തെ സംരക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് പ്രതിഷേധം അറിയിക്കുന്നതെന്നും പാർട്ടികൾ വ്യക്തമാക്കി.
19 പാർട്ടികളെ കൂടാതെ സി.പി.എമ്മും ഉദ്ഘാടനം ബഹിഷ്കരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. അതേസമയം, ബി.ആർ.എസ്, വൈ.എസ്.ആർ കോൺഗ്രസ്, ബി.ജെ.ഡി എന്നിവ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. ബഹിഷ്കരണം സംബന്ധിച്ച് നാളെ തീരുമാനം പ്രഖ്യാപിക്കുമെന്നും ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാൻ സാധ്യതയില്ലെന്നും ബി.ആർ.എസ് എം.പി കെ. കേശവ റാവു വ്യക്തമാക്കി.
ഹിന്ദുത്വ ആചാര്യൻ വി.ഡി. സവർക്കറുടെ ജന്മവാർഷിക ദിനമായ മേയ് 28നാണ് പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കുന്നത്. കോവിഡ്കാല സാമ്പത്തിക പരാധീനതകൾക്കിടയിൽ പാർലമെന്‍റ് പണിയാൻ വൻതുക മുടക്കുന്നതിലും രാഷ്ട്രപതിയെ പുറത്തു നിർത്തുന്നതിലും പ്രതിഷേധിച്ച് ശിലാസ്ഥാപന ചടങ്ങ് വിവിധ പ്രതിപക്ഷ പാർട്ടികൾ ബഹിഷ്കരിച്ചിരുന്നു.
പാർലമെന്‍റ് മന്ദിര ഉദ്ഘാടനത്തിന് രാഷ്ട്രപതിയെ ക്ഷണിക്കാത്തതിനെതിരെ രൂക്ഷ വിമർശനവുമായാണ് കോൺഗ്രസ് രംഗത്തെത്തിയത്. പാർലമെന്‍റ് മന്ദിര ഉദ്ഘാടനത്തിന് ക്ഷണിക്കാതെ മോദി സർക്കാർ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ അനാദരിക്കുകയാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. ബി.ജെ.പി-ആർ.എസ്.എസ് ഭരണത്തിനു കീഴിൽ രാഷ്ട്രപതി ഭവൻ സ്മാരക കേന്ദ്രം മാത്രമായി. തെരഞ്ഞെടുപ്പു കാരണങ്ങൾ മുൻനിർത്തി മാത്രമാണ് ദലിത്, ആദിവാസി സമൂഹത്തിൽനിന്നൊരാളെ രാഷ്ട്രപതിയാക്കാൻ ബി.ജെ.പി മുന്നിട്ടിറങ്ങുന്നതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
ഇന്ത്യൻ റിപ്പബ്ലിക്കിന്റെ പരമോന്നത നിയമനിർമാണ സ്ഥാപനമാണ് പാർലമെന്‍റ്. സർക്കാറിനെയും പ്രതിപക്ഷത്തെയും ഓരോ പൗരന്മാരെയും ഒരുപോലെ പ്രതിനിധാനം ചെയ്യുന്ന സ്ഥാപനവും അതാണ്. രാഷ്ട്രപതി പാർലമെന്‍റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നത് ഭരണഘടന, ജനാധിപത്യ മൂല്യങ്ങളോട് സർക്കാറിനുള്ള പ്രതിബദ്ധത എടുത്തുകാട്ടുമെന്ന് ഖാർഗെ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.