‘രാജ്യത്ത് നായ്ക്കളേക്കാൾ അലഞ്ഞുതിരിയുന്നത് ഇ.ഡി’; പരിഹാസവുമായി അശോക് ഗെഹ്‍ലോട്ട്

ജയ്പൂർ: രാജ്യത്ത് നായ്ക്കളേക്കാൾ കൂടുതൽ അലഞ്ഞുതിരിയുന്നത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരാണെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. രാജസ്ഥാനിലെ ഏതാനും കോൺഗ്രസ് നേതാക്കളുടെ വീടുകളിൽ കഴിഞ്ഞ ദിവസം ഇ.ഡി റെയ്ഡ് നടത്തുകയും ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്‌ട് (ഫെമ) കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ഹാജരാകാൻ മകൻ വൈഭവ് ഗെഹ്‌ലോട്ടിന് സമൻസ് അയക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെ ജയ്പൂരിൽ വാർത്ത സമ്മേളനത്തിലാണ് ഗെഹ്‍ലോട്ടിന്റെ പ്രതികരണം.

‘എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും സി.ബി.ഐയുടെയും മേധാവികളോട് ഞാൻ സമയം ചോദിച്ചു. എന്നാൽ, ഇപ്പോൾ ഇതൊരു രാഷ്ട്രീയ ആയുധമായി മാറിയിരിക്കുന്നു. തന്റെ കൗണ്ട്‌ഡൗൺ തുടങ്ങിയെന്ന് മോദിജി തിരിച്ചറിഞ്ഞതായി തോന്നുന്നില്ല. അദ്ദേഹം ഇപ്പോൾ ഞങ്ങളുടെ 'ഗ്യാരണ്ടി മാതൃക' പിന്തുടരുകയാണ്’, ഗെഹ്ലോട്ട് കൂട്ടിച്ചേർത്തു.

സംസ്ഥാന കോൺഗ്രസ് പ്രസിഡന്റ് ഗോവിന്ദ് സിങ് ദൊത്താസ്രയുടെ വീട്ടിലും ചില കോൺഗ്രസ് നേതാക്കളുടെ വീട്ടിലുമാണ് ഇന്നലെ റെയ്ഡ് നടന്നത്. രാജ്യത്ത് ഭീകരത അഴിച്ചുവിട്ടിരിക്കുകയാണെന്ന് കഴിഞ്ഞ ദിവസം ഇ.ഡി റെയ്ഡിന് പിന്നാലെ ഗെഹ്ലോട്ട് പ്രതികരിച്ചിരുന്നു. സർക്കാരിനെ താഴെയിറക്കാൻ കഴിയാത്തതിനാലാണ് ബി.ജെ.പി ഇത്തരം റെയ്ഡുകളിലൂടെ തന്നെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ആരോപിച്ചു.

200 അംഗ രാജസ്ഥാൻ നിയമസഭയിലേക്ക് നവംബർ 25നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏതു വിധേനയും ഭരണം തിരിച്ചുപിടിക്കുകയാണ് ബി.ജെ.പി ലക്ഷ്യമെങ്കിൽ ഭരണം നിലനിർത്തുകയാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. ഡിസംബർ മൂന്നിനാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുക. 

Tags:    
News Summary - "More than dogs, it's the Enforcement Directorate that is on the prowl in the country"; Ashok Gehlot with sarcasm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.