ഹൈദരാബാദ്: തെലുങ്ക് നടന്‍ അല്ലു അര്‍ജുനും 'പുഷ്പ 2 ദ റൂളി'ന്റെ നിര്‍മാതാക്കള്‍ക്കും എതിരെ കോണ്‍ഗ്രസ് നേതാവും തെലങ്കാന എം.എല്‍.സിയുമായ തീന്‍മാര്‍ മല്ലണ്ണ പരാതി നല്‍കി. ചിത്രത്തിലെ വിവാദ രംഗത്തിന്റെ പേരില്‍ സംവിധായകന്‍ സുകുമാര്‍, നടന്‍ അല്ലു അര്‍ജുന്‍, പ്രൊഡക്ഷന്‍ ടീം എന്നിവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഞായറാഴ്ച നല്‍കിയ പരാതി.
അല്ലു അര്‍ജുന്റെ കഥാപാത്രം സ്വിമ്മിങ് പൂളില്‍ മൂത്രമൊഴിക്കുന്ന ചിത്രത്തിലെ ഒരു രംഗത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ഉള്ളതിനെയാണ് തീന്‍മാര്‍ മല്ലണ്ണ എതിര്‍ത്തത്. നിയമപാലകരുടെ മാന്യതയെ ഇത് അപമാനിക്കുന്നതാണെന്ന് ആരോപിച്ച കോണ്‍ഗ്രസ് നേതാവ് ഈ രംഗം പൊലീസുനുനേരെയുള്ള അനാദരവാണെന്നും പരാതിയില്‍ പറയുന്നു. പൊലീസ് സേനയെ അപമാനിച്ച സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടും.
തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ അല്ലു അര്‍ജുനെതിരെ കേസ് നടക്കുന്നതിനിടെയാണ് പുതിയ പരാതി. കേസുമായി ബന്ധപ്പെട്ട് താരത്തെ അറസ്റ്റ് ചെയ്‌തെങ്കിലും തെലങ്കാന ഹൈകോടതി നാലാഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിക്കുകയും കസ്റ്റഡിയില്‍ നിന്ന് വിട്ടയക്കുകയും ചെയ്തു.
ഞായറാഴ്ച ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ നടന്റെ വസതി അടിച്ചു തകര്‍ത്തതോടെ വിവാദം രൂക്ഷമായി. ഒസ്മാനിയ യൂനിവേഴ്സിറ്റി ജോയിന്റ് ആക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ എന്ന് അവകാശപ്പെടുന്ന ഒരു സംഘം ആളുകള്‍ വീട്ടുവളപ്പില്‍ അതിക്രമിച്ചു കയറി നാശനഷ്ടമുണ്ടാക്കുകയും മരിച്ച സ്ത്രീക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇന്ന് അല്ലുവിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.