ബംഗളൂരു: മൈസൂരിലെ മുസ്ലിം പള്ളി മാതൃകയിലുള്ള ബസ്റ്റോപ്പ് പൊളിച്ച് മാറ്റണമെന്ന ബി.ജെ.പി എം.പി പ്രതാപ് സിന്‍ഹയുടെ ഭീഷണിക്ക് വഴങ്ങി അധികൃതർ രൂപമാറ്റം വരുത്തി. പള്ളി മാതൃകയിൽ പണിത ബസ്റ്റോപ്പ് പൊളിച്ചു മാറ്റണമെന്ന എം.പിയുടെ ഭീഷണി അടുത്തിടെ വാർത്തകളിൽ ഇടംപിടിച്ചിരുന്നു.
രൂപമാറ്റം വരുത്തിയ ബസ്റ്റോപ്പിന്‍റെ പുതിയ ചിത്രങ്ങളും വിഡിയോകളുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. സ്വർണ നിറത്തിൽ ബസ്റ്റോപ്പിന് മുകളിൽ നേരത്തെ ഉണ്ടായിരുന്ന പള്ളി മിനാര രൂപത്തിലുള്ള മൂന്ന് മകുടങ്ങളിൽ രണ്ടെണ്ണം നീക്കം ചെയ്ത് ചുവപ്പ് നിറം നൽകിയതാണ് പുതിയ രൂപം. പള്ളി രൂപത്തിൽ പണിത ബസ്റ്റോപ്പ് പൊളിച്ച് മാറ്റണമെന്ന് എഞ്ചിനീയർമാരോട് എം.പി ആവശ്യപ്പെട്ടത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
ബസ്റ്റോപ്പിന്‍റെ ചിത്രങ്ങൾ താൻ സമൂഹമാധ്യമങ്ങളിലൂടെ കണ്ടിട്ടുണ്ടെന്നും പള്ളിയുടെ മാതൃകയിൽ ബസ്റ്റോപ്പിന് മുകളിൽ മൂന്ന് മകുടങ്ങൾ ഉണ്ടെന്നും ഇത് പള്ളിയാണെന്നുമാണ് എം.പി അന്ന് പ്രതികരിച്ചത്. മൈസൂരുവിന്‍റെ മറ്റ് നിരവധി ഭാഗങ്ങളിൽ ഇത്തരം നിർമിതികൾ വ്യാപകമായി കാണുന്നുണ്ട്. മൂന്നോ നാലോ ദിവസത്തിനുള്ളിൽ ബസ്റ്റോപ്പ് പൊളിച്ച് മാറ്റാൻ എഞ്ചിനീയർമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അല്ലാത്തപക്ഷം ഇടിച്ച് പൊളിക്കുമെന്നും എം.പി ഭീഷണിപ്പെടുത്തി.
എന്നാൽ എം.പിയുടെ പ്രസ്താവന ഭിന്നിപ്പുണ്ടാക്കുന്നതാണെന്ന് പ്രതിപക്ഷം ഉൾപ്പെടെയുള്ളവർ വിമർശിച്ചു. ബസ് സ്റ്റോപ്പ് നിർമിച്ച ബി.ജെ.പി എം.എൽ.എ രാം ദാസ് സിൻഹയുടെ പ്രസ്താവനക്കെതിരെ രംഗത്ത് വന്നു. മൈസൂർ കൊട്ടാരത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ബസ്റ്റോപ്പ് ഡിസൈൻ ചെയ്തതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.