ന്യൂഡൽഹി: രാജ്യത്തെ മുസ്ലിം ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഭൂരിപക്ഷം വിദ്യാർഥികളും ഹിന്ദു സമുദായക്കാരെന്ന് പഠനം. മുസ്ലിംകൾ നടത്തുന്ന സ്ഥാപനങ്ങളിലെ 52.7 ശതമാനം വിദ്യാർഥികളും ഹിന്ദുക്കളാണെന്നും 42.1 ശതമാനം വിദ്യാർഥികൾ മാത്രമാണ് മുസ്ലിംകളെന്നും റിപ്പോർട്ടിൽ പറയുന്നു.
‘ഇന്ത്യയിൽ മുസ്ലിംകൾ നടത്തുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സർവേ’, സച്ചാറിനുശേഷം രണ്ട് ദശാബ്ദം: ഇന്ത്യൻ മുസ്ലിംകളുടെ സാമൂഹിക-സാമ്പത്തിക സർവേ‘ എന്നീ റിപ്പോർട്ടുകളിലാണ് ഈ വെളിപ്പെടുത്തലുകൾ. നൗസ് നെറ്റ്വർക്കുമായി സഹകരിച്ച് ഡൽഹിയിലെ സെന്റർ ഫോർ സ്റ്റഡി ആൻഡ് റിസർച്ച് (സി.എസ്.ആർ) ആണ് പഠനം തയാറാക്കിയത്.
മുസ്ലിംകൾ നടത്തിപ്പുകാരായ സ്ഥാപനങ്ങളിൽ മുസ്ലിം വിദ്യാർഥികൾ മാത്രമാണ് പഠിക്കുന്നതെന്ന ബി.ജെ.പിയുടെയും മറ്റ് സംഘടനകളുടെയും വിശ്വാസത്തെയും പ്രചാരണത്തെയും പൊളിക്കുന്നതാണ് റിപ്പോർട്ടിലെ കണ്ടെത്തലുകൾ. എല്ലാ സമുദായങ്ങളിലേക്കും വിദ്യാഭ്യാസം വ്യാപിപ്പിക്കുന്നതിൽ മുസ്ലിം സ്ഥാപനങ്ങൾ പങ്കുവഹിക്കുന്നതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു.
രാജ്യത്തെ 1113 സർവകലാശാലകളിൽ 23 എണ്ണമാണ് മുസ്ലിം ന്യൂനപക്ഷത്തിന്റേത്. ഇതിൽ 52.7 ശതമാനം ഹിന്ദു വിദ്യാർഥികളാണ്. മുസ്ലിം ന്യൂനപക്ഷങ്ങളുടെ 1,155 കോളജുകളിൽ മുസ്ലിം ഇതര വിഭാഗക്കാരാണ് വിദ്യാർഥികളിൽ കൂടുതലും. 55.1 ശതമാനം ഹിന്ദു സമുദായക്കാരും 42.1 ശതമാനം മുസ്ലിംകളും 2.8 ശതമാനം മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളുമാണ് ഈ കോളജുകളിൽ പഠിക്കുന്നത്.
ന്യൂനപക്ഷ വിഭാഗങ്ങളിൽ 73.4 ശതമാനമുള്ള മുസ്ലിംകൾ നടത്തിപ്പുകാരായ കോളജുകൾ 16.6 ശതമാനം മാത്രമേയുള്ളൂവെന്ന് ‘മുസ്ലിംകൾ നടത്തുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സർവേ’ എന്ന പഠനത്തിൽ പറയുന്നു.
ജനസംഖ്യയുടെ 26.6 ശതമാനം മാത്രമുള്ള മറ്റ് ന്യൂനപക്ഷ സമുദായങ്ങൾ ബാക്കിയുള്ള 83.4 ശതമാനം കോളജുകൾ നടത്തുന്നുണ്ട്. സ്വാതന്ത്ര്യം നേടുമ്പോൾ 22 മുസ്ലിം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായിരുന്നു രാജ്യത്തുണ്ടായിരുന്നത്. ഏഴ് പതിറ്റാണ്ടിനിടെ, 23 സർവകലാശാലകളും 1155 കോളജുകളുമാണ് നിലവിൽവന്നത്. 75 വർഷം പിന്നിട്ടിട്ടും മുസ്ലിം സമുദായം 18 സർവകലാശാലകൾ മാത്രമാണ് സ്ഥാപിച്ചത്. ഇവയിൽ 43.5 ശതമാനവും സ്വകാര്യ സർവകലാശാലകളാണ്.
അലീഗഢ് സർവകലാശാലയുടെ ന്യൂനപക്ഷ പദവിയുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലെ വാദം നടക്കുന്നതിനിടെയാണ് ഈ വിഷയവും ചർച്ചയാകുന്നത്. ജമാഅത്തെ ഇസ്ലാമി ഹിന്ദ് പ്രസിഡന്റ് സയ്യിദ് സആദത്തുല്ല ഹുസൈനിയും ഇന്ത്യ ഇന്റർനാഷണൽ സെന്ററിലെ മറ്റ് പ്രമുഖരും ചേർന്ന് കഴിഞ്ഞ ദിവസമാണ് റിപ്പോർട്ട് പുറത്തിറക്കിയത്. എല്ലാ വിഭാഗക്കാർക്കും വിദ്യ പകരുന്നതിൽ മുസ്ലിംകൾ നടത്തുന്ന സ്ഥാപനങ്ങളുടെ പങ്ക് വ്യക്തമാക്കുന്ന പഠന റിപ്പോർട്ടിനെ സയ്യിദ് സആദത്തുല്ല ഹുസൈനി പ്രകീർത്തിച്ചു. സി.എസ്.ആർ ഡയറക്ടർ ഡോ. മുഹമ്മദ് റിസ്വാനും സംസാരിച്ചു.
ന്യൂഡൽഹി: രാജ്യത്ത് മുസ്ലിം ന്യൂനപക്ഷങ്ങൾ നടത്തുന്ന കോളജുകൾ കൂടുതലുള്ളത് കേരളത്തിൽ. ചെറുതും വലുതുമായ 211 കലാലയങ്ങളാണ് സംസ്ഥാനത്തുള്ളതെന്ന് സർവേ വ്യക്തമാക്കുന്നു.
209 കോളജുകളുമായി യു.പി രണ്ടാമതാണ്. രാജ്യത്തെ മുസ്ലിം കോളജുകളിൽ 90 ശതമാനവും കേരളം, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, കർണാടക, തെലങ്കാന, തമിഴ്നാട്, ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാൾ, ബിഹാർ, ജമ്മു കശ്മീർ എന്നീ സംസ്ഥാനങ്ങളിലാണ്.
രാജ്യത്തെ 43796 കോളജുകളിൽ 1155 എണ്ണം മുസ്ലിം ന്യൂനപക്ഷ സമുദായത്തിന്റേതാണ്. 1947ൽ 17 മുസ്ലിം കോളജുകളിൽനിന്ന് 75 വർഷത്തിനിടെ 1,155 ആയി. 2001 മുതൽ 2010 വരെയുള്ള ദശകത്തിൽ 416 കോളജുകൾ സ്ഥാപിച്ചു. അതേസമയം 2011-20 ദശകത്തിൽ 316 കോളജുകൾ മാത്രമാണ് പുതുതായി തുടങ്ങിയത്.
ന്യൂഡൽഹി: ഗുണനിലവാര പരിശോധനകളിലും മാനദണ്ഡങ്ങളിലും മുസ്ലിം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പങ്കാളിത്തമില്ലാത്തതും സർവേ ചൂണ്ടിക്കാട്ടുന്നു. 90.65 ശതമാനം മുസ്ലിം കോളജുകൾക്കും 56.5 ശതമാനം സർവകലാശാലകൾക്കും ഗുണനിലവാര മാനദണ്ഡമായ ‘നാക്’ അക്രഡിറ്റേഷനില്ല. മറ്റൊരു മാനദണ്ഡമായ നാഷനൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിംവർക്കിൽ (എൻ.ഐ.ആർ.എഫ്) ആദ്യ നൂറ് റാങ്കിൽ ഒരു മുസ്ലിം ന്യൂനപക്ഷ കോളജുമില്ല. 36 കോളജുകൾ മാത്രമാണ് 2023ലെ എൻ.ഐ.ആർ.എഫ് റാങ്കിങ് പ്രക്രിയയിൽ പങ്കെടുത്തത്. ഐ.ഐ.ടി, ഐ.ഐ.എം, എൻ.ഐ.ടി തുടങ്ങിയ സുപ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുസ്ലിം പ്രാതിനിധ്യം 1.92 ശതമാനമായി കുറഞ്ഞതും സർവേ ചൂണ്ടിക്കാട്ടുന്നു. കോളജുകളിലും സർവകലാശാലകളിലും ചേരുന്ന പെൺകുട്ടികളുടെ എണ്ണത്തിൽ വർധനയുണ്ടായത് സർവേ എടുത്തുപറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.